ഷെയിന്‍ നിഗം നായകനായി പുറത്തിറങ്ങിയ ബള്‍ട്ടി മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. പുതിയ സംവിധായകനായ തന്നെ വിശ്വസിച്ച് ചിത്രം നിര്‍മിക്കാന്‍ സന്തോഷ് ടി. കുരുവിള സമ്മതിച്ചത് എങ്ങനെയെന്ന് വിശദമാക്കുകയാണ് സംവിധായകന്‍ ഉണ്ണി ശിവലിംഗം. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രൊഡ്യൂസര്‍ സന്തോഷ് സാര്‍ വളരെ കര്‍ശനമായി കാര്യം പറയുന്നയാളാണ്, ആദ്യം പറഞ്ഞത് ‘ഒരു മണിക്കൂര്‍ സമയം തരാം, എന്ത് വേണമെങ്കിലും പറയാം. കറക്റ്റ് 59 മിനിറ്റ് ആകുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് പോകും’ എന്നായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ എനിക്ക് വേണ്ടതുപോലെ എങ്ങനെ കഥ പറഞ്ഞു തീര്‍ക്കണമെന്നായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി.
പക്ഷെ കറക്റ്റ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഞാന്‍ കഥ പറഞ്ഞു. കഥ കേട്ട ഉടനെ തന്നെ അദ്ദേഹം കഥ ഇഷ്ട്ടമായി എന്നാണ് പറഞ്ഞത്, പക്ഷെ അദ്ദേഹത്തിന് കഥയേക്കാള്‍ ഇഷ്ടമായത് കറക്റ്റ് ഒരു മണിക്കൂറില്‍ തന്നെ ഞാന്‍ കഥ പറഞ്ഞു അവസാനിപ്പിച്ചതാണ്’, ഉണ്ണി ശിവലിംഗം പറഞ്ഞു.
ഉണ്ണി ശിവലിംഗം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ബള്‍ട്ടി. ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രം 10 കോടിയോളം ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. മികച്ച മേക്കിങ് ക്വാളിറ്റി കൊണ്ടും, മികവാര്‍ന്ന സംഘട്ടന രംഗങ്ങള്‍ കൊണ്ടും തന്റെ ആദ്യ സിനിമയില്‍ തന്നെ മികച്ച കാഴ്ചാനുഭവം നല്‍കാന്‍ സംവിധയകനായിയിട്ടുണ്ട്.
കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ അരങ്ങേറുന്ന ചിത്രം സ്‌പോര്‍ട്‌സ്, പ്രണയം, സംഘര്‍ഷം എന്നിവയെല്ലാം പറയുന്നു. തമിഴ് ആല്‍ബം ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച സായ് അഭ്യാങ്കര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണങ്ങള്‍ ആണ് ലഭിക്കുന്നത് .
ചിത്രത്തില്‍ ഷെയ്‌നിന് പുറമെ ശന്തനു ഭാഗ്യരാജ്, പ്രീതി അസ്രാണി ,അല്‍ഫോന്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പൂര്‍ണിമ ഇന്ദ്രജിത് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlight: Director Unni Sivalingam about producer Santhosh T Kuruvila and Balti movie