| Saturday, 21st November 2026, 4:07 pm

ഫാൻ മെയ്ഡ് പ്രമോഷനുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നു; ‘അതിമനോഹര’ത്തിന്റെ പ്രചാരണത്തിൽ ഇടപെടരുതെന്ന് തരുൺ മൂർത്തി

അജ്മല്‍ കെ

മോഹൻലാൽ നായകനാകുന്ന ‘അതിമനോഹരം’ സിനിമയുടെ അനൗദ്യോഗിക ഫാൻ മെയ്ഡ് പ്രമോഷനുകൾക്കെതിരെ സംവിധായകൻ തരുൺ മൂർത്തി. നിർമാണസംഘത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെ സിനിമയുടെ ലോഗോയും സംവിധായകന്റെ പേരും ഉപയോഗിച്ച് സ്റ്റാൻഡികൾ സ്ഥാപിക്കുന്നത് പ്രേക്ഷകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയുടെ പ്രമോഷൻ അണിയറപ്രവർത്തകർ ആസൂത്രണം ചെയ്ത രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കണമെന്നും ആരാധകരോട് സംവിധായകൻ അഭ്യർഥിച്ചു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് സംവിധായകൻ ഇതിനെ കുറിച്ച് വ്യക്തത നൽകിയത്.

‘ഒരു ക്രിയേറ്റർ എന്ന നിലയിൽ ഇത്തരം ഫാൻ മെയ്ഡ് പ്രമോഷനുകൾ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നത് എനിക്ക് ഇപ്പോഴും മനസിലാക്കാൻ കഴിയുന്നില്ല. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെ സ്റ്റാൻഡികൾ സ്ഥാപിക്കുന്നതും, പ്രത്യേകിച്ച് പ്രൊഡക്ഷൻ ഹൗസിന്റെ ലോഗോയും സംവിധായകന്റെ പേരും ഉപയോഗിക്കുന്നതും പ്രേക്ഷകർക്കിടയിൽ അനാവശ്യ ആശയക്കുഴപ്പമുണ്ടാക്കും’, തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ കുറിച്ചു.

സിനിമയുടെ സ്വഭാവത്തിനും അതിന്റെ ടോണിനും മൂഡിനും അനുസരിച്ച് കൃത്യമായ ഇടവേളകളിൽ ഔദ്യോഗിക പ്രമോഷൻ കണ്ടന്റുകൾ പുറത്തിറക്കാൻ ക്രിയേറ്റീവ് ടീമും നിർമാണസംഘവും യഥാർഥ ആരാധകരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞങ്ങൾ വിഭാവനം ചെയ്ത രീതിയിൽ തന്നെ പ്രേക്ഷകർക്ക് സിനിമ അനുഭവിക്കാൻ കഴിയണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്രയും സമ്മർദത്തിനിടയിലും വീണ്ടും ഇക്കാര്യം പറയുന്നത്. അതിമനോഹരം ഒരു ഫാമിലി ഡ്രാമയാണ്. അതിനൊപ്പം പോലീസ് പ്രൊസീഡറൽ ഘടകങ്ങളും ഒരുപോലെ ചേർന്ന സിനിമയാണിത്. ഞങ്ങളുടെ പദ്ധതികളെ മാനിക്കുകയും ഞങ്ങൾ രൂപകൽപ്പന ചെയ്ത രീതിയിൽ പ്രമോഷൻ മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കുകയും ചെയ്യണം. പ്രേക്ഷകർക്ക് ഏറ്റവും മികച്ച സിനിമാനുഭവം നൽകാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’, തരുൺ മൂർത്തി കുറിച്ചു.

‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. മീര ജാസ്മിനാണ് ചിത്രത്തിൽ നായിക. രതീഷ് രവിയാണ് തിരക്കഥ ഒരുക്കുന്നത്. ആശിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഡിസംബർ 24ന് തിയേറ്ററുകളിലെത്തും.

Content Highlight:  Director Tharun Moorthy has spoken out against unofficial, fan-made promotional material for the film ‘Athimanoharam’, which stars Mohanlal

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more