| Wednesday, 4th February 2026, 10:00 am

ദെര്‍ഘ്യത്തില്‍ മറ്റൊരു ധുരന്ധറായി വാരണാസി; മൂന്നു മണിക്കൂറെന്ന് സ്ഥിരീകരിച്ച് രാജമൗലി

അശ്വിന്‍ രാജേന്ദ്രന്‍

നായകനാരാണെന്ന് നോക്കാതെ സംവിധായകനെ മാത്രം നോക്കി പ്രേക്ഷകരെ ടിക്കറ്റെടുപ്പിക്കാന്‍ മാത്രം വലിപ്പത്തില്‍ തന്റെ ബ്രാന്‍ഡ് വളര്‍ത്തിയ ആളാണ് എസ്.എസ്.രാജമൗലി. ബാഹുബലിക്കും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍.ആര്‍. ആറിനും ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് സംവിധായകന്റെ പുതിയതായി വരാനിരിക്കുന്ന പ്രൊജക്ട്. ആയിരം കോടിയലധികം മുതല്‍മുടക്കില്‍ ഒരുങ്ങുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.

വാരണാസി ടീം ടൈറ്റില്‍ ലോഞ്ചിനിടെ. Photo: NDTV

മഹേഷ് ബാബുവും പ്രിയങ്കാ ചോപ്രയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലെ പ്രതിനായക വേഷം കൈകാര്യം ചെയ്യുന്നത് മലയാളത്തിലെ സൂപ്പര്‍ താരം പൃഥ്വിരാജാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന ഏറ്റവും പുതിയ അഭിമുഖത്തില്‍ വാരണാസിയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് സംവിധായകന്‍ രാജമൗലി പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ചിത്രത്തിന്റെ ദൈര്‍ഘ്യം ഏകദേശം മൂന്നു മണിക്കൂര്‍ ഇരുപത് മിനിട്ടോളം ഉണ്ടെന്നാണ് രാജമൗലി സ്‌ക്രീന്‍ റാന്റ് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 200 മിനിട്ടോളമാണ് റണ്‍ടൈം ആയി കാണുന്നതെങ്കിലും മൂന്നുമണിക്കൂര്‍ എന്ന് ഏകദേശം പറയാം എന്ന് സംവിധായകന്‍ പറയുന്നു.

ഇത്രയും നേരത്തോളം പ്രേക്ഷകനെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയും എന്നത് ചെറിയ ആത്മവിശ്വാസമല്ലെന്നും ആദ്യ ഘട്ടത്തില്‍ രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നത് എന്ന വാര്‍ത്തകള്‍ ശരിയോണോ എന്നുമുള്ള അവതാരകന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ആദ്യ ഘട്ടങ്ങളില്‍ ഇത്തരത്തില്‍ ആലോചനകള്‍ നടന്നിരുന്നുവെന്നും പിന്നീട് ഈ പ്ലാന്‍ ഡ്രോപ്പ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഓഡിയന്‍സിനെ ചിത്രത്തിലെ കഥാപാത്രങ്ങളിലേക്ക് ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ മൂന്ന് മിനുട്ട് പോലും അവരത് കാണില്ല. യൂട്യൂബ് വീഡിയോസ് ഇതിന് ഉദാഹരണമാണ്. ഇഷ്ടപ്പെട്ടില്ലെങ്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവരത് സ്‌ക്രോള്‍ ചെയ്യും. പ്രേക്ഷകരെ കഥാപാത്രങ്ങളിലേക്ക് അടുപ്പിക്കാന്‍ സാധിച്ചാല്‍ റണ്‍ടൈം വിഷയമാണെന്ന് ഞാന്‍ കരുതുന്നില്ല,’ രാജമൗലി പറഞ്ഞു.

ധുരന്ധറില്‍ രണ്‍വീര്‍ സിങ്‌. Photo: Netflix

മൂന്ന് മണിക്കൂര്‍ 25 മിനുട്ട് റണ്‍ടൈമില്‍ തിയേറ്ററുകളിലെത്തി അടുത്തിടെ മികച്ച വിജയം നേടിയ ചിത്രമായിരുന്നു രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍. നീണ്ട റണ്‍ടൈമും ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിലക്കുകളെയും നേരിട്ട് 1400 കോടിയിലധികം രൂപയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നത്. വാരണാസിയും ഹിറ്റടിച്ചാല്‍ സമീപകാലത്ത് രണ്ട് ഭാഗങ്ങളിലായി സിനിമ പുറത്തിറക്കുന്ന ട്രെന്‍ഡിന് അന്ത്യം കുറിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Director SS Rajamouli talks about his new movie varanasi runtime

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more