| Tuesday, 29th September 2026, 6:47 am

അന്ന് ഫഫയെ അറിയില്ലേ എന്ന് അവര്‍ എന്നോട് ചോദിച്ചു, കൊറോണ സമയത്ത് അദ്ദേഹം തെലുങ്ക് ഓഡിയന്‍സിടയില്‍ ശ്രദ്ധേയനായി: രാജമൗലി

അശ്വിന്‍ രാജേന്ദ്രന്‍

യുവതാരങ്ങളില്‍ മലയാള സിനിമയ്ക്ക് കിട്ടിയ അതുല്യ കലാകാരന്മാരിലൊരാളാണ് ഫഹദ് ഫാസില്‍. 2002ല്‍ പുറത്തിറങ്ങിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ താരം അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും ഒരിടവേളയ്ക്ക് ശേഷമുള്ള രണ്ടാം വരവിലാണ് താരം തന്റെ പൊട്ടന്‍ഷ്യല്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്. കുറഞ്ഞ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന തരത്തില്‍ നായകനടനായും വില്ലനായും താരം അരങ്ങ് തകര്‍ക്കുകയായിരുന്നു.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലൂടെയും ലോകേഷ് കനകരാജ് ചിത്രം വിക്രമിലൂടെയും പാന്‍ ഇന്ത്യന്‍ തലത്തിലും താരം തന്റെതായ സ്ഥാനം കണ്ടെത്തിയിരുന്നു. പൃഥ്വിയ്ക്കും ദുല്‍ഖറിനും പിന്നാലെ അന്യഭാഷയില്‍ നായകഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്നേറുകയാണ് ഫഹദ് ഇപ്പോള്‍. ശശാങ്ക് യെലേട്ടി സംവിധാനം ചെയ്ത് ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിളാണ് ഫഹദിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: X.com

ലെജന്ററി സംവിധായകന്‍ എസ്.എസ് രാജമൗലി പ്രെസന്റ് ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അദ്ദേഹത്തിന്റെ മകനായ എസ്.എസ് കാര്‍ത്തികേയനാണ്. ചിത്രത്തിന്റെ ഭാഗമായി കേരളത്തിലും അണിയറപ്രവര്‍ത്തകര്‍ പ്രൊമോഷന്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ ഫഹദിനെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്.

‘ഞാന്‍ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ കണ്ടിട്ടുണ്ട്. ഒന്നിന് പുറകെ ഒന്നായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുമായിരുന്നു. മലയാളികള്‍ക്ക് പുറമെ എലീറ്റായിട്ടുള്ള, ക്ലാസ് ആളുകള്‍ മാത്രമായിരിക്കും ഇത്തരം ചിത്രങ്ങള്‍ കാണുക എന്നായിരുന്നു ഞാന്‍ കരുതിയത്. അങ്ങനെയിരിക്കെ ഒരു ആറേഴ് വര്‍ഷം മുമ്പ് എന്റെ ഭാര്യയുടെ കസിന്‍ വീട്ടില്‍ വന്നിരുന്നു. അവര്‍ വളരെ ചെറിയ ഒരു ടൗണിലാണ് താമസിക്കുന്നത്.

എസ്.എസ് രാജമൗലി. Photo: X.com

ഒരു അമ്പത്തിയഞ്ച് വയസെങ്കിലും അവര്‍ക്ക് പ്രായം കാണും. നിങ്ങള്‍ ഫഫയുടെ ഫിലിംസ് കാണാറില്ലേ എന്ന് അവര്‍ എന്നോട് ചോദിച്ചു. അന്ന് എനിക്ക് ഫഫ ആരാണെന്ന് അറിയില്ലായിരുന്നു. അതാരാണെന്ന് ഞാന്‍ അവരോട് ചോദിച്ചു. ഫഫയെ അറിയില്ലേ, ഫഹദ് ഫാസിലാണെന്ന് എന്നോട് പറഞ്ഞു. അന്നാണ് അദ്ദേഹത്തിന്റെ റീച്ച് എനിക്ക് മനസിലായത്. കൊറോണയുടെ സമയത്ത് ഫഹദ് തെലുങ്ക് ഓഡിയന്‍സിന്റെ ഇടയിലേക്ക് വ്യാപിക്കുകയായിരുന്നു. അന്ന് മുതല്‍ ഫഹദിനെ എന്ന് തെലുങ്കിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് ഞാന്‍ ആലോചിച്ചിരുന്നു,’ രാജമൗലി പറഞ്ഞു.

Content Highlight: Director SS Rajamoili talks about Actor Fahadh Fasil

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more