ഇനിയൊരിക്കല്‍ കൂടി ഒന്നിക്കരുതെന്ന് അജിത് ആരാധകരില്‍ പലരും ആഗ്രഹിക്കുന്ന കോമ്പോയാണ് അജിത്- ശിവ. അജിത്തിനൊപ്പം തുടര്‍ച്ചയായി നാല് സിനിമകളൊരുക്കിയ സംവിധായകനാണ് ശിവ. എന്നാല്‍ ഇതില്‍ വിവേകം, വിശ്വാസം എന്നീ സിനിമകള്‍ അജിത്തിന്റെ സ്റ്റാര്‍ഡത്തെ വലിയ രീതിയില്‍ ബാധിക്കപ്പെട്ടവയാണ്.
കഴിഞ്ഞദിവസം അജിത്തിന്റെ റേസ് വേദിയില്‍ ശിവയുടെ സാന്നിധ്യമുണ്ടായിരുന്നു. താരത്തിന്റെ അടുത്ത ചിത്രം ശിവയോടൊപ്പമായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഇതിന് പിന്നാലെ പുറത്തുവന്നു. സിനിമാലോകത്ത് ഈ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പല പേജുകളും ഈ കോമ്പോയെ ട്രോളിക്കൊണ്ട് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ശിവയുടെ സന്ദര്‍ശനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അജിത്തിന്റെ റേസിങ് ടീമായ അജിത് കുമാര്‍ റേസിങ്ങിനെക്കുറിച്ചുള്ള പരസ്യചിത്രം ഷൂട്ട് ചെയ്യാനാണ് ശിവ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ശിവയും എ.എല്‍. വിജയ്‌യും ചേര്‍ന്നാകും ഈ പരസ്യചിത്രം ഒരുക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.
ശിവയുടെ കഴിഞ്ഞ രണ്ട് സിനിമകളുടെ ബോക്‌സ് ഓഫീസ് റിസല്‍ട്ടാണ് അജിത് ആരാധകരെ ഭയപ്പെടുത്തുന്നത്. രജിനിയുടെയും സൂര്യയുടെയും കരിയറിലെ ഏറ്റവും വലിയ പരാജയത്തിനപ്പുറം ട്രോള്‍ മെറ്റീരിയലും സമ്മാനിച്ചത് ശിവയായിരുന്നു. അണ്ണാത്തെ, കങ്കുവ എന്നീ സിനിമകള്‍ നിര്‍മാതാവിന് വരുത്തിയ നഷ്ടം ചെറുതല്ല.
എന്നാല്‍ അജിത്തുമായി ഒന്നിക്കുമ്പോള്‍ ശിവ തന്റെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ പുറത്തെടുക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. മിക്‌സഡ് റിവ്യൂ ലഭിച്ചിട്ടും രജിനിയുടെ പേട്ടയെക്കാള്‍ ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായിരുന്നു വിശ്വാസം. പഴയ ഫോമിലേക്ക് ശിവ തിരിച്ചെത്തുകയാണെങ്കില്‍ ഈ കോമ്പോ ഒന്നിക്കുന്നതില്‍ തെറ്റില്ലെന്ന് ചില ആരാധകര്‍ അഭിപ്രായപ്പെടുന്നു.
അതേസമയം ഈ വര്‍ഷം മുഴുവന്‍ റേസ് ടൂര്‍ണമെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അജിത് തീരുമാനിച്ചിരിക്കുന്നത്. 2026 പകുതിയോടെ മാത്രമേ താരം സിനിമയിലേക്ക് തിരിച്ചെത്തുകയുള്ളൂ.. ഗുഡ് ബാഡ് അഗ്ലി ഒരുക്കിയ ആദിക് രവിചന്ദ്രനൊപ്പമാണ് അജിത് വീണ്ടും കൈകോര്‍ക്കുന്നത്. അധികം വൈകാതെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlight: Director Siva will make ad film for Ajith Kumar racing