| Tuesday, 7th July 2026, 12:13 pm

കിരീടം മോഹൻലാലിന് വേണ്ടി മാത്രം എഴുതിയ സിനിമയാണ്: സിബി മലയിൽ

കെ.എസ് ഷാബിന

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ ‘കിരീടം’ ഈ മാസം 10ന് റീമാസ്റ്റർ ചെയ്ത പതിപ്പുമായി റീ റിലീസിനെത്തുകയാണ്. നടനവിസ്മയം മോഹൻലാലിന്റെ സേതുമാധവനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

സിനിമയുടെ സംവിധായകൻ സിബി മലയിൽ കിരീടത്തിലെ സേതുമാധവൻ എന്ന കഥാപാത്രം മോഹൻലാലിലേക്ക് എത്തിയതിനെ കുറിച്ച് മനസ് തുറക്കുകയാണിപ്പോൾ.’സില്ലി മോങ്ക്സിന്’ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാൽ.സിബി മലയിൽ.Photo:Mathrubhumi

‘കിരീടം എന്ന സിനിമയ്ക്കായി മോഹൻലാലിന് പകരം മറ്റൊരാളെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടേയില്ലായിരുന്നു. കഥ എഴുതി പൂർത്തിയായപ്പോൾ തന്നെ ലാൽ ഞങ്ങളുടെ മനസിൽ ഇടംപിടിച്ചിരുന്നു. ഞാനും ലോഹിതദാസും അതുവരെ ലാലുമായി ഒരു സിനിമയും ചെയ്തിട്ടുണ്ടായിരുന്നില്ല. കഥ എഴുതുന്ന സമയത്ത് അദ്ദേഹത്തോട് സംസാരിച്ചിരുന്നില്ലെങ്കിൽ പോലും, ഈ പ്രോജക്റ്റ് ലാലിന് വേണ്ടി മാത്രമുള്ളതായിരുന്നു.

സിനിമയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ലാൽ വല്ലാത്ത തിരക്കിലായിരുന്നു. ഒരു വർഷം പത്തും പന്ത്രണ്ടും സിനിമകൾ ചെയ്യുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ കഥ പറയാൻ അല്പം താമസം നേരിട്ടു. പിന്നീട് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോഴാണ് മുടവൻമുകളിലെ വീട്ടിൽ ചെന്ന് ഞങ്ങൾ കഥ പറയുന്നത്.

കിരീടം.Photo:Manoramaonline

ആദ്യം കഥ പറഞ്ഞു തുടങ്ങിയപ്പോൾ വളരെ ലാഘവത്തോടെയാണ് ലാൽ കേട്ടിരുന്നത്. അന്ന് അദ്ദേഹത്തിന് ലോഹിയെ പരിചയമില്ലായിരുന്നു. അതുകൊണ്ട് കസേരയിൽ ചാരി ഇരുന്ന്, കാലിന്മേൽ കാലൊക്കെ വെച്ചാണ് കഥ കേട്ടത്; വലിയ ആവേശമൊന്നും തുടക്കത്തിൽ കാണിച്ചതുമില്ല.

എന്നാൽ കഥ പകുതിയായി ഇന്റർവെൽ ടൈം എത്തിയപ്പോഴേക്കും ലാലിന്റെ ഭാവം പൂർണമായി മാറി. കീരിക്കാടൻ ജോസിന്റെ എൻട്രിയോടെ, ചാരിയിരുന്നിരുന്ന ലാൽ മുന്നോട്ട് ആഞ്ഞിരുന്ന്, മേശമേൽ കൈകൾ ഊന്നി അതീവ ശ്രദ്ധയോടെ കഥ കേൾക്കാൻ തുടങ്ങി.

കഥ കേട്ടു കഴിഞ്ഞയുടൻ ലാൽ പറഞ്ഞു, ‘നമുക്കിത് എത്രയും പെട്ടെന്ന് തന്നെ ചെയ്യണം.’ കഥ കേൾക്കുന്നതിന് മുൻപ്, ഒന്നര വർഷം കൊണ്ട് തീർക്കേണ്ട 12 പ്രോജക്ടുകൾ കൈയിലുണ്ടെന്നാണ് ലാൽ പറഞ്ഞിരുന്നത്. എന്നാൽ കഥ കേട്ടതോടെ അദ്ദേഹം പറഞ്ഞു ‘ഞാൻ ഇപ്പോൾ ഒരു സിനിമയുടെ ഷൂട്ടിലാണ്. അത് കഴിഞ്ഞാൽ ജോഷി സാറിന്റെ ‘നാടുവാഴികൾ’ ചെയ്യും. അത് കഴിഞ്ഞാലുടൻ നമുക്ക് ഈ സിനിമ ചെയ്യണം,’അങ്ങനെ ഏപ്രിൽ മാസം ലാൽ ഡേറ്റ് തരുകയും ഷൂട്ട് തുടങ്ങുകയും ചെയ്തു’,സിബി മലയിൽ ഓർത്തെടുത്തു.

Content Highlights: Director Sibi Malayil says Kireedam was made only for Mohanlal

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more