‘അഭിലാഷം’ സിനിമയെ ചുറ്റിപ്പറ്റിയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും അറസ്റ്റ് വിവാദങ്ങളും തുടരുന്നതിനിടെ പ്രതികരണവുമായി സംവിധായകൻ ഷംസു സൈബ (ഷംസുദീൻ). തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവങ്ങൾ വളച്ചൊടിച്ചാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ സ്വദേശി ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഷംസുവിനെ അറസ്റ്റ് ചെയ്തത്. സംവിധായകന്റെയും സംഘത്തിന്റെയും നടപടികൾ മൂലം നാല് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതിയിൽ ആരോപിച്ചത്.
അഭിലാഷം, Photo: Prime Video
എന്നാൽ, അറസ്റ്റ് നടത്തിയ രീതിയെക്കുറിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി രൂക്ഷ വിമർശനം ഉയർത്തി. മറ്റ് കേസുകളിൽ കാണിക്കാത്ത അതിവേഗവും ജാഗ്രതയും എന്തുകൊണ്ടാണെന്ന് കോടതി ചോദ്യം ചെയ്തു.
ഫ്ലാറ്റിന്റെ വാതിൽ തകർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്ത ദൃശ്യങ്ങൾ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവത്തിൽ വിശദീകരണം നൽകാൻ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു.
ഇതിനിടെ, ദി ക്യൂ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷംസു സൈബ തന്റെ ഭാഗം വിശദീകരിച്ചത്. 2023 ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ തന്നെ ചെറിയ സംഘർഷങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ചിത്രത്തിന് രണ്ട് നിർമാതാക്കളുണ്ടായിരുന്നുവെന്നും ഷൂട്ടിങ് ആരംഭിച്ച ആദ്യ ദിവസം തന്നെ ലേഡി അസിസ്റ്റന്റ് ഡയറക്ടറോട് നിർമാതാവ് ശങ്കർ ദാസ് അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.
അഭിലാഷം, Photo: Prime Video
‘ആ സംഭവത്തെ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തുടർന്ന് മൂന്ന് അസിസ്റ്റന്റ് ഡയറക്ടർമാർ സെറ്റ് വിട്ടുപോയി. പ്രോപ്പർ ടീം ഇല്ലാതെ സിനിമ മുന്നോട്ട് കൊണ്ടുപോകേണ്ടി വന്നു. സെറ്റിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഒരു ദിവസം പൊതുവേദിയിൽ തന്നെ എനിക്ക് നേരെ വധഭീഷണി ഉയർത്തുകയും കുത്തിക്കൊല്ലുമെന്ന് പറയുകയും ചെയ്തു. എന്റെ അസോസിയേറ്റിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു,’ ഷംസു പറഞ്ഞു.
എങ്കിലും ചിത്രീകരണം പൂർത്തിയാക്കി മാർച്ച് 29ന് സിനിമ റിലീസ് ചെയ്തുവെന്നും പിന്നീട് ഒ.ടി.ടിയിലും എത്തിയ ശേഷമാണ് ഇപ്പോഴത്തെ പരാതിയുമായി മുന്നോട്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ വൈകി പരാതി നൽകാൻ കാരണമെന്തെന്നത് വ്യക്തമായില്ലെന്നും ഷംസു പറഞ്ഞു.
ഹാർഡ് ഡിസ്ക് കാണാതായെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. കളറിസ്റ്റ് പ്രവർത്തിച്ചിരുന്ന സ്റ്റുഡിയോ മാറുന്ന സമയത്ത് ഹാർഡ് ഡിസ്കുകൾ കൈപ്പറ്റാൻ നിർമാതാക്കളെ അറിയിച്ചിരുന്നുവെന്നും, എന്നാൽ അവർ സമയബന്ധിതമായി അത് കൈപ്പറ്റാൻ എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പ്രൊഡ്യൂസറുടെ അറിവോടെ ചെയ്യേണ്ടേ കാര്യങ്ങൾ മാത്രമാണ് ഞങ്ങൾ ചെയ്തത്. അവർ വൈകിയാണ് ഹാർഡ് ഡിസ്ക് വാങ്ങാൻ എത്തിയത്. തുടർന്ന് അത് കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകുകയായിരുന്നു,’ ഷംസു സൈബ കൂട്ടിച്ചേർത്തു. കേസുമായി ബന്ധപ്പെട്ട അനേഷണം പുരോഗമിക്കുകയാണ്.
Content Highlight: Director Shamsu Saiba in controversy over the movie Abhilasham