| Thursday, 16th July 2026, 11:42 am

നരസിംഹം 4k റെഡിയെന്ന് ആന്റണി, ആര്‍ക്കെങ്കിലും ഗുണമുള്ള രീതിയില്‍ അതിനെ മാറ്റൂവെന്ന് ഞാന്‍ പറഞ്ഞു: ഷാജി കൈലാസ്

ആര്യ.പി

പഴയ സിനിമകള്‍ റി റിലീസ് ചെയ്യുന്ന കാലമാണ് ഇത്. അതില്‍ തന്നെ മോഹന്‍ലാല്‍ സിനിമകള്‍ക്ക് റീ റിലീസില്‍ വലിയ മാര്‍ക്കറ്റ് ലഭിക്കാറുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ റി റിലീസ് ചെയ്ത ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത കിരീടമായിരുന്നു.

മോഹന്‍ലാലിനെ നായകനാക്കി നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. മോഹന്‍ലാലിന്റെ നരസിംഹം പോലുള്ള സിനിമകളുടെ റീ റിലീസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഷാജി കൈലാസ്.

നരസിംഹം 4kയില്‍ റെഡിയാക്കി വെച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ അതില്‍ തനിക്ക് മറ്റൊരു അഭിപ്രായമാണ് ഉള്ളതെന്നും ഷാജി കൈലാസ് പറഞ്ഞു.

‘നരസിംഹം കാണാത്ത മലയാളിയില്ലെന്നാണ് എന്റെ വിശ്വാസം. ആളുകള്‍ എത്രയോ പ്രാവശ്യം റിപ്പീറ്റ് ചെയ്ത് കണ്ട സിനിമയാണ് അത്. നരസിംഹം അവര്‍ 4kയില്‍ ആക്കിവെച്ചിട്ടുണ്ട്. ആന്റണി അത് റെഡിയാക്കി വെച്ചിട്ടുണ്ടെന്നും എന്നെ വിളിച്ച് പറഞ്ഞു.

പക്ഷേ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് മറ്റൈാരു കാര്യമാണ്. നമ്മള്‍ക്ക് കാന്‍സര്‍ പോലുള്ള അസുഖം നേരിടുന്ന രോഗികള്‍ക്ക് കുറച്ച് കാശുണ്ടാക്കാം. പ്രീമിയര്‍ ടിക്കറ്റ് കൊടുത്ത് ആ രീതിയില്‍ ഫണ്ടുണ്ടാക്കൂവെന്ന് പറഞ്ഞു.

അല്ലാതെ റിലീസ് ചെയ്യണ്ട, കുറച്ച് ആള്‍ക്കാര്‍ക്ക് നന്മയുണ്ടാകട്ടെ. ചുമ്മാതിങ്ങനെ തിയേറ്ററില്‍ കൊണ്ടുകാണിക്കാതെ ഒരു ഗുണത്തിന് വേണ്ടി ചെയ്യൂ എന്ന് പറഞ്ഞു. അയ്യോ ചേട്ടാ അത് നല്ല ആശയമാണ്. നമുക്ക് അങ്ങനെ നോക്കാമെന്ന് ആന്റണി മറുപടിയും പറഞ്ഞു,’ ഷാജി കൈലാസ് പറഞ്ഞു.

ആദ്യ സിനിമായ ‘ദി ന്യൂസ്’ റീ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് അത് വേണ്ടെന്നായിരുന്നു ഷാജി കൈലാസിന്റെ മറുപടി.
അത് ആ കാലഘട്ടത്തിന്റെ സിനിമയാണ്. ഇഷ്ടംപോലെ ആള്‍ക്കാരും കണ്ടു. അതുകൊണ്ട് റീ റിലീസ് വേണ്ട.

ഏകലവ്യന്‍ റീ റിലീസില്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന്, അത് അന്ന് ദല്‍ഹിയില്‍ ഒരു ചന്ദ്രസ്വാമി ഉള്ള സമയമായിരുന്നെന്നും റീ റിലീസിന്റെ ആവശ്യം ഇന്നില്ലെന്നും പുതിയപ്രൊജക്ട് ചെയ്യുന്നതായിരിക്കും നന്നാവുകയെന്നുമായിരുന്നു ഷാജി കൈലാസിന്റെ മറുപടി.

‘ഡോണൊന്നും ഇപ്പോള്‍ റി റിലീസേ ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം. 4kയില്‍ വെച്ച് കണ്ടാലും കൂടിപ്പോയാല്‍ ഒരാഴ്ച കാണും. അതുപോലെ ഡോ. പശുപതി വേറൊരു പാറ്റേണില്‍ ചെയ്യാന്‍ പറ്റിയ സിനിമയാണ്. റീ റിലീസ് വേണ്ട.

അതുപോലെ ചിന്താമണി കൊലക്കേസിന്റെ രണ്ടാം ഭാഗം സാജന്‍ എഴുതിയിട്ടുണ്ട്. മനോഹരമായി അദ്ദേഹം എഴുതിയിട്ടുണ്ട്,’ ഷാജി കൈലാസ് പറഞ്ഞു.

Content Highlight: Director Shaji Kailas about Narasimham Re release

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more