മലയാള ചലച്ചിത്ര രംഗത്തെ ശ്രദ്ധേയരായ യുവ സംവിധായകന്മാരിൽ ഒരാളാണ് ഷഹദ് നിലമ്പൂർ. ദിലീഷ് പോത്തന്റെ സഹസംവിധായകനായി സിനിമാജീവിതം ആരംഭിച്ച അദ്ദേഹം പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ഈയിടെ പാർവ്വതി തിരുവോത്ത്, മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ മികച്ച പ്രതികരണങ്ങളോടെ തീയേറ്ററുകളിൽ തുടരുകയാണ്.
ഇപ്പോഴിതാ സംവിധായകനായി താൻ സിനിമയിലേക്ക് എത്തിയതിന് പിന്നിൽ ധ്യാൻ ശ്രീനിവാസനുള്ള പങ്കിനെക്കുറിച്ച് തുറന്നുപറയുകയാണ് ഷഹദ് നിലമ്പൂർ. താനും ധ്യാനും തമ്മിലുള്ളത് ഗുരു-ശിഷ്യ ബന്ധമാണെന്നും, ധ്യാൻ കാരണമാണ് തന്റെ ആദ്യ സിനിമയായ ‘പ്രകാശം പരക്കട്ടെ’ സംഭവിച്ചതെന്നും ഷഹദ് പറയുന്നു.
ഷഹദ് നിലമ്പൂർ. Photo. Screen Grab/ Youtube
‘ഞാനും ധ്യാനും തമ്മിൽ ഗുരു-ശിഷ്യ ബന്ധമാണുള്ളത്. എനിക്ക് ഒത്തിരി ഗുരുക്കന്മാരുണ്ട്. അതിലൊരാളാണ് അടി കപ്യാരെ കൂട്ടമണിയുടെ ഡയറക്ടർ വർഗീസേട്ടൻ. അതിൽ വർക്ക് ചെയ്യുമ്പോഴാണ് ധ്യാൻ ചേട്ടനെ പരിചയപ്പെടുന്നത്. അന്ന് മുതലേ ധ്യാൻ ചേട്ടന്റെ കൂടെ ഒരു സഹോദരനെപ്പോലെ നിൽക്കാനും കൂടെ വർക്ക് ചെയ്യാനും ഒക്കെ പറ്റിയിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹത്തിന്റെ കൂടെ ലവ് ആക്ഷൻ ഡ്രാമ ചെയ്യുന്നത്. അറുപത് ദിവസത്തെ ഷൂട്ട് എന്നാണ് പറഞ്ഞിരുന്നത്. പക്ഷേ നിപ്പയും വെള്ളപ്പൊക്കവും ഒക്കെ വന്നിട്ട് അതിന്റെ ഷൂട്ട് ഒന്നര വർഷത്തോളം നീണ്ടുപോയി. അപ്പോഴേക്കും നമ്മൾ എല്ലാവരും കുറച്ചുകൂടി അടുത്തു,’ ഷഹദ് പറഞ്ഞു.
ഈ അടുപ്പത്തിനിടെയാണ് ധ്യാൻ തന്നോട് സിനിമ സംവിധാനം ചെയ്യണമെന്ന് ആദ്യമായി പറയുന്നത്. പിന്നീട് കൊവിഡ് കാലത്ത് വീട്ടിലിരുന്ന തന്നെ വിളിച്ചുവരുത്തി ഒരു കഥയും ധ്യാൻ പങ്കുവെച്ചു എന്നും ഷഹദ് വ്യക്തമാക്കി.
‘ധ്യാൻ ചേട്ടനാണ് ആദ്യം എന്നോട്, നീ ഒരു സിനിമ സംവിധാനം ചെയ്യ് എന്ന് പറഞ്ഞത്. അതിനുള്ള കാര്യങ്ങൾ നമുക്ക് റെഡിയാകാം എന്നും പറഞ്ഞു. കൊറോണ സമയത്ത് വീട്ടിലിരിക്കുന്ന എന്നെ വിളിച്ചുവരുത്തിയിട്ട് ഒരു സബ്ജക്ട് പറയുകയും ചെയ്തു. ഞാൻ ആ സമയത്ത് ഒപ്പന എന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അത് കണ്ടിട്ടാണ് ധ്യാൻ ചേട്ടൻ പറയുന്നത്, നമുക്ക് ഇനി പടം ചെയ്യാം എന്ന്. അങ്ങനെയാണ് പ്രകാശം പരക്കട്ടെ സംഭവിക്കുന്നത്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ധ്യാൻ ചേട്ടൻ ഉള്ളതുകൊണ്ടാണ് ആ സിനിമ സംഭവിച്ചത്. ഒരുപാട് വർഷത്തെ ജേർണിയാണെങ്കിലും ഇതിന് ഒരു നിമിത്തം വേണ്ടേ. അതിന് കാരണക്കാരനായത് ധ്യാൻ ചേട്ടൻ തന്നെയാണ്,’ ഷഹദ് പറഞ്ഞു.
പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. IMDb
സിനിമയ്ക്കപ്പുറവും ആ ബന്ധം തുടരുന്നുണ്ടെന്നും എന്ത് പ്രശ്നം വന്നാലും ആദ്യം വിളിക്കാൻ കഴിയുന്ന ആളാണ് ധ്യാൻ ശ്രീനിവാസനെന്നും ഷഹദ് കൂട്ടിച്ചേർത്തു. ‘എനിക്കെന്ത് പ്രശ്നം വന്നുകഴിഞ്ഞാലും ആദ്യം വിളിക്കാൻ പറ്റുന്ന ആൾ ധ്യാൻ ചേട്ടനാണ്,’ എന്നും ഷഹദ് പറഞ്ഞു.
Content Highlight: Director Shahad Nilamboor Talks about Dhyan sreenivasan