| Sunday, 26th January 2025, 7:37 am

ചിരിപടര്‍ത്തിയ മജീഷ്യന്‍; സംവിധായകന്‍ ഷാഫിയ്ക്ക് സ്മരണാഞ്ജലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാളികള്‍ക്ക് ഒട്ടനവധി ജനപ്രിയ സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ ഷാഫിയ്ക്ക് വിട. ഷാഫിയുടെ മൃതദേഹം ഇടപ്പള്ളിയിലെ വസതിയിലെത്തിച്ചു. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

വൈകീട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദില്‍ ഖബറടക്കും. ഇന്ന് പുലര്‍ച്ചെ 12.25ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏഴ് ദിവസമായി അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു.

തലച്ചോറിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ഷാഫിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ഉദരസംബന്ധ രോഗങ്ങളും ഷാഫിയുടെ ആരോഗ്യനിലയെ കൂടുതല്‍ വഷളാക്കി.

2001ല്‍ വണ്‍ മാന്‍ ഷോയാണ് ഷാഫിയുടെ ആദ്യ സിനിമ. തൊമ്മനും മക്കളും, കല്യാണരാമന്‍, ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളും ഷാഫി മലയാളത്തിന് സമ്മാനിച്ചു. സിദ്ദിഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍, രാജസേനന്‍ എന്നിവരുടെ അസിസ്റ്റന്റ് ആയികൊണ്ടാണ് ഷാഫിയുടെ സിനിമാ പ്രവേശം.

ഷാഫി-റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് മലയാളത്തിന് നല്‍കിയത് ഒരുപിടി മികച്ച സിനിമകളാണ്. ദശമൂലം ദാമു, മണവാളന്‍, സ്രാങ്ക് എന്നീ ഹാസ്യ കഥാപാത്രങ്ങളെ സമ്മാനിച്ചതും ഷാഫിയാണ്.

Content Highlight: director shafi passed away

We use cookies to give you the best possible experience. Learn more