| Wednesday, 22nd April 2026, 7:39 pm

ലാലേട്ടനായിരിക്കുമെന്ന് വിശ്വസിക്കാനേ സാധിച്ചില്ല; വിഷു ദിനത്തിലെ സര്‍പ്രൈസിനെക്കുറിച്ച് സവിന്‍ സാ

അശ്വിന്‍ രാജേന്ദ്രന്‍

കേരളത്തിലുള്ള തിയേറ്ററുകളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടാണ് വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2 തിയേറ്ററുകളിലേക്കെത്തിയത്. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായ ഹാഷിറിനെയും ടീമിനെയും നായകന്മാരാക്കി ഒരുങ്ങിയ ചിത്രം 200 കോടിയിലധികമാണ് ഇതിനോടകം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തെത്താനും വാഴ 2വിന് സാധിച്ചിരുന്നു.

കഴിഞ്ഞ വിഷു ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട വീഡിയോകളിലൊന്നായിരുന്നു മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളിലൂടെ വിഷു ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ടെലിഫോണ്‍ സംഭാഷണം. ഒരു പ്രമുഖ ചാനലില്‍ സവിന്‍ സായും വാഴ 2വിന്റെ ക്യാമറമാനായ അഖില്‍ ലൈലാസുരനും അതിഥികളായെത്തിയപ്പോഴായിരുന്നു മോഹന്‍ലാലിന്റെ ഫോണ്‍കോള്‍. ഏറെ രസകരമായി വാഴ 2വിന് എല്ലാവിധ ആശംസകളും അറിയിച്ചുകൊണ്ടുള്ള താരത്തിന്റെ സംഭാഷണം വൈറലായിരുന്നു.

സവിന്‍ സാ. Photo: The Hindu

ഇപ്പോഴിതാ അപ്രതീക്ഷിതമായി താരം വിളിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സവിന്‍ സാ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷോസ്‌കേപ്പ് ജേണല്‍ എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു സംവിധായകന്റെ പ്രതികരണം.

‘ലൈവ് പോകാന്‍ എനിക്ക് ഭയങ്കര പേടിയാണ്. അതുകൊണ്ട് പേടിച്ച് പേടിച്ചാണ് അന്ന് ആ ഫ്‌ളോറില്‍ പോയി നിന്നത്. നല്ല ടെന്‍ഷനുണ്ടായിരുന്നു. കാരണം നിന്നിട്ടുള്ള പരിപാടിയാണല്ലോ. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. അവിടെ ചെന്ന് നിന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് കോള്‍ വന്നത്. അവര്‍ ഞങ്ങളോട് പറഞ്ഞു ഒരു സര്‍പ്രൈസുണ്ട് ലാലേട്ടന്‍ നിങ്ങളോട് സംസാരിക്കുമെന്നെല്ലാം.

മോഹന്‍ലാല്‍. Photo: Mathrubhumi English

ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ മാത്രമല്ല അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ആലോചിക്കാന്‍ പോലും സാധിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു ഒരു സ്പീക്കറില്‍ നിന്നും ലാലേട്ടന്റെ സൗണ്ട് വന്നത്. ഈ സൗണ്ട് എവിടെ നിന്നാണെന്നുള്ള സംശയമായിരുന്നു ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും. ലാലേട്ടനോ, ഏയ് ലാലേട്ടനായിരിക്കില്ല എന്നാണ് ഞങ്ങള്‍ രണ്ടുപേരും പരസ്പരം പറഞ്ഞത്. അവസാനം ആയപ്പോഴാണ് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സംഭവം മനസിലായത്. അപ്പോഴേക്കും അദ്ദേഹം സംസാരിച്ച് കഴിഞ്ഞ് പോയിരുന്നു. ആളോട് ഒരു നൂറല്ല ആയിരം വിഷ് പറയണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആ സമയത്ത് പേടിച്ച് ഇല്ലാതായിപ്പോയി,’ സവിന്‍ സാ പറഞ്ഞു.

Content Highlight: Director Savin Sa talks about the phone  call experience with Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more