| Monday, 5th May 2025, 7:23 pm

ലഹരി ഉപയോഗത്തിന് സ്ഥലമൊരുക്കി നല്‍കി; സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. ലഹരി ഉപയോഗിക്കാന്‍ സ്ഥലമൊരുക്കി നല്‍കിയതിനാണ് സമീര്‍ താഹിറിന്റെ അറസ്റ്റ്. മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. എക്‌സൈസ് വകുപ്പിന്റേതാണ് നടപടി.

സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും  ഹൈബ്രിഡ് കഞ്ചാവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഫ്‌ളാറ്റ് ഉടമയായ സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച (27/4/25) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രണ്ട് സംവിധായകരും മറ്റൊരു വ്യക്തിയും  സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നും   അറസ്റ്റിലായത്. അറസ്റ്റിലായ സംവിധായകര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് സ്പെഷല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിരുന്നു.

കഞ്ചാവ് ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മൂവരും പിടിയിലായതെന്നാണ് പൊലീസ് പറയുന്നത്. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നാണ് സംവിധായകര്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം ഫ്ലാറ്റിലെത്തിയത്.

Content Highlight: Director Sameer Thahir arrested for providing space for drug use

We use cookies to give you the best possible experience. Learn more