| Friday, 4th June 2021, 12:36 pm

മോഹന്‍ലാലിന് പ്രധാന്യമുള്ള ആ ഡയലോഗ് മമ്മൂട്ടി പറഞ്ഞിട്ട് മാറ്റിയെഴുതി; അതോടെ എനിക്ക് നഷ്ടമായത് മോഹന്‍ലാല്‍ എന്ന നടനെയായിരുന്നു; സംവിധായകന്‍ സാജന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സൂപ്പര്‍താരങ്ങള്‍ തമ്മില്‍ മത്സരങ്ങള്‍ സ്വാഭാവികമാണെന്നും പില്‍ക്കാലത്തൊക്കെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ മത്സരങ്ങള്‍ ഉണ്ടെന്നൊക്കെ കേട്ടിട്ടുണ്ടെന്നും അത്തരത്തിലൊരു അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും പറയുകയാണ് സംവിധായകന്‍ സാജന്‍.

രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്നേക്കാള്‍ പ്രാധാന്യം ഉള്ള റോള്‍ മറ്റേയാള്‍ക്കാണോ എന്നൊക്കെ തോന്നുക സ്വാഭാവികമാണെന്നും സാജന്‍ പറയുന്നു.

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വെച്ച് താന്‍ സംവിധാനം ചെയ്ത ഗീതം എന്ന ചിത്രത്തിനിടെയുണ്ടായ ചില സംഭവങ്ങളും സാജന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടി പറഞ്ഞതുപ്രകാരം ചിത്രത്തിലെ ഡയലോഗ് മാറ്റേണ്ടി വന്നതിനെ കുറിച്ചും അതിന്റെ പേരില്‍ മോഹന്‍ലാലിനെ തുടര്‍ന്നുള്ള ചിത്രങ്ങളില്‍ തനിക്ക് നഷ്ടപ്പെട്ടതിനെ കുറിച്ചുമാണ് സാജന്‍ അഭിമുഖത്തില്‍ പറയുന്നത്.

‘മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വെച്ച് ഗീതം എന്ന ചിത്രം ഞാന്‍ സംവിധാനം ചെയ്തിരുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടി ഗീത ഡബിള്‍ റോളിലാണ് എത്തുന്നത്. തിലകേട്ടന്റെ രണ്ട് മക്കളായാണ് ഗീത എത്തുന്നത്.

ഒരു ഗീത മമ്മൂട്ടിയുടെ യതീന്ദ്രന്‍ എന്ന കഥാപാത്രം ചെയ്യുന്ന നാടകസമിതിയിലെ അസിസ്റ്റന്റ് ഡയരക്ടറാണ്. മറ്റേ ഗീത അച്ഛനോടൊപ്പം താമസിക്കുന്ന ഒരു കുടുംബപെണ്‍കുട്ടിയാണ്. പ്രസവത്തോടെ ഗീത മരിച്ചുപോകുമ്പോള്‍ ആ കുട്ടിയുടെ രക്ഷകര്‍തൃത്വം മമ്മൂട്ടിയുടെ കഥാപാത്രം ഏറ്റെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ നാടുവിട്ടുപോയ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിയാണ് അത്.

അയാള്‍ ഇപ്പോള്‍ സമ്പന്നനായിട്ട് അമേരിക്കയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ കുട്ടിയെ ആവശ്യപ്പെടുന്നതും എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം കുട്ടിയെ കൊടുക്കാന്‍ തയ്യാറാകാത്തതുമാണ് കഥ. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ആ കുട്ടിയെ പിരിയാന്‍ കഴിയില്ല. എന്നാല്‍ മോഹന്‍ലാലിന്റെ കഥാപാത്രം തന്റെ കുട്ടിയെ ചോദിക്കുന്നത് ന്യായമാണ്. എന്റെ കുട്ടിയെ ഞാന്‍ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.
അതാണ് സംഭവം.

ചിത്രത്തില്‍ മോഹന്‍ലാലിന് ഗസ്റ്റ് വേഷമാണ്. എന്നാല്‍ കഥാപാത്രത്തിന്റെ പ്രാധാന്യം മനസിലായതുകൊണ്ട് പുള്ളിക്കാരന്‍ അഭിനയിക്കാന്‍ സമ്മതിച്ചതാണ്. എന്നാല്‍ അതില്‍ ചില സമയത്ത് ചില ഡയലോഗുകളൊക്കെ പറയാന്‍ മമ്മൂട്ടിക്ക് വിഷമം തോന്നി. ആ സമയത്ത് ഡബ്ബിങ്ങിന് വന്നപ്പോള്‍ മോഹന്‍ലാല്‍ എന്നോട് ചോദിച്ചു ‘ആ ഡയലോഗ് ഉണ്ടായിരുന്നല്ലോ, ആ ഡയലോഗ് എവിടെ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അത് കട്ടു ചെയ്തു. എന്തിന് കട്ട് ചെയ്‌തെന്നായി ലാല്‍. അത് വേണ്ട, ഞാന്‍ പറഞ്ഞു.

ഓഹോ അത് വേണ്ടല്ലേ. ശരി ഓക്കെ ഓക്കെ. ആ പറച്ചിലിലൂടെ അദ്ദേഹത്തിന്റെ മനസിന് മുറിവേറ്റെന്ന് എനിക്ക് മനസിലായി. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി പറഞ്ഞിട്ട് ഡയലോഗ് മാറ്റേണ്ടി വന്നതാണ്. എസ്.എന്‍ സ്വാമിക്കും അതറിയാം.

‘സാജാ അത് നമ്മള്‍ മാറ്റണോ, നല്ലൊരു ഡയലോഗ് അല്ലേ എന്ന് അദ്ദേഹവും എന്നോട് ചോദിച്ചിരുന്നു. മമ്മൂട്ടി ഇങ്ങനെ പറയുമ്പോള്‍ നമുക്ക് ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന് ഞാനും ചോദിച്ചു. ശരി നമുക്ക് അത് മാറ്റാമെന്ന് എസ്.എന്‍ സ്വാമി പറഞ്ഞു.

ഇത് മോഹന്‍ലാലിന് മനസില്‍ വിഷമമുണ്ടാക്കിയെന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ അദ്ദേഹം വളരെ ഡിപ്ലോമാറ്റിക് ആയിട്ട് അത് കൈകാര്യം ചെയ്തത്. അങ്ങനെ ഡബ്ബ് കഴിഞ്ഞ് പോകുമ്പോള്‍ എല്ലാം കഴിഞ്ഞല്ലോ അല്ലേ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. ശരി ഇനി നമ്മള്‍ തമ്മില്‍ കാണില്ല കേട്ടോ എന്നൊരു വാക്കും അദ്ദേഹം പറഞ്ഞു.

ഞാന്‍ ആകെ വല്ലാതെയായി. ഞാന്‍ ഇക്കാര്യം തിരിച്ച് മമ്മൂട്ടിയോട് പറഞ്ഞില്ല. മമ്മൂട്ടി കാരണമാണ് എന്റെ ഒരു നടന്‍, സത്യം പറഞ്ഞാല്‍ മോഹന്‍ലാലിനെ എനിക്ക് നഷ്ടപ്പെട്ടത് ആ ഒരൊറ്റ ഡയലോഗിന്റെ പേരിലാണ്. അത് എസ്.എന്‍ സ്വാമിക്കും പ്രൊഡ്യൂസര്‍ക്കും അറിയാം. ഞാന്‍ ആരോടും ഇക്കാര്യമൊന്നും പറഞ്ഞിട്ടില്ല, സാജന്‍ പറഞ്ഞു.

ഇതെല്ലാം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും അറിയുമോ എന്ന് തനിക്ക് അറിയില്ലെന്നും രണ്ടുപേരും ഇപ്പോഴും തന്റെ നല്ല സുഹൃത്തുക്കളാണെന്നും സാജന്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Sajan about Mohanlal and Mammootty

Latest Stories

We use cookies to give you the best possible experience. Learn more