| Wednesday, 30th July 2025, 11:12 am

അഹങ്കാരിയാണ്, സിനിമയോട് പാഷനില്ല എന്നൊക്കെ പറഞ്ഞിരുന്നു, അതിൽ കാര്യമുണ്ട്: വിൻസി അലോഷ്യസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായികാ നായകൻ എന്ന ടാലൻ്റ്-ഹണ്ട് ടെലിവിഷൻ ഷോയിൽ വന്ന് സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് വിൻസി. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രമാണ് വിൻസിയുടെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിൻസി രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കി. ഇപ്പോൾ സോഷ്യൽ മീഡിയയെക്കുറിച്ച് സംസാരിക്കുകയാണ് വിൻസി.

സോഷ്യൽ മീഡിയയെ തുടക്കത്തിൽ പേടിയുണ്ടായിരുന്നുവെന്നും എന്തുപറയണം, ചെയ്യണം എന്നൊന്നും തനിക്ക് അപ്പോൾ അറിയില്ലായിരുന്നെന്നും വിൻസി പറയുന്നു. പറയുന്ന കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും വൈറലായേക്കാമെന്നും ഇപ്പോൾ ബോധപൂർവം അബദ്ധങ്ങൾ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും വിൻസി കൂട്ടിച്ചേർത്തു.

‘അഹങ്കാരിയാണ്, സിനിമയോട് പാഷനില്ല എന്നെല്ലാം ഒരു സംവിധായകൻ എന്നെക്കുറിച്ച് പറഞ്ഞിരുന്നു. അതിൽ കാര്യമുണ്ട്. ഇടക്കാലത്ത് ഞാനിത്തിരി ഉഴപ്പിയിരുന്നു. ഇപ്പോൾ പഴയ ട്രാക്കിലേക്ക് മാറി,’ വിൻസി പറഞ്ഞു.

തീരുമാനങ്ങൾ ഒന്നും തിരുത്തണമെന്ന് തോന്നിയിട്ടില്ലെന്നും ചില കാര്യങ്ങൾ കുറച്ചുകൂടി നല്ലരീതിയിൽ ചെയ്യേണ്ടിയിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.

പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടരുതെന്നാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും കൂടെ നിൽക്കാൻ ആരുമില്ലെങ്കിലും നേരിടണമെന്നും വിൻസി കൂട്ടിച്ചേർത്തു. വിമർശിക്കാൻ ഒത്തിരി പേര് ഉണ്ടാകുമെന്നും അതിനെ നല്ല രീതിയിൽ എടുക്കണമെന്നും നടി പറഞ്ഞു. തെറ്റുണ്ടെങ്കിൽ തിരുത്തി മുന്നോട് പോകണമെന്നാണ് പോളിസിയെന്നും മാതാപിതാക്കൾ ഏത് പ്രസിസന്ധിയിലും കൂടെയുണ്ടെന്നും നടി പറയുന്നു.

സിനിമയിൽ തനിക്ക് കടപ്പാട് ലാൽ ജോസിനോട് ആണെന്നും വിൻസി പറയുന്നു.

‘എപ്പോഴും ഓർക്കുന്നത് ലാൽജോസ് സാറിനെയാണ്. അദ്ദേഹത്തിന് മുന്നിലാണ് ഞാൻ ആദ്യം പെർഫോം ചെയ്യുന്നത്. എനിക്ക് പ്രത്യേകിച്ച് കഴിവുകളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ‘നായികാ നായകൻ’ എന്ന പ്രോഗ്രാമിലേക്ക് ക്ഷണിച്ചു. അതായിരുന്നു തുടക്കം,’ വിൻസി പറഞ്ഞു.

സിനിമയിൽ ആരോടും ഇതുവരെ ആരാധന തോന്നിയിട്ടില്ലെന്നും എന്നാൽ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പാർവതി അവതരിപ്പിച്ച സമീറ എന്ന ക്യാരക്ടർ ഇഷ്ടമാണെന്നും വിൻസി കൂട്ടിച്ചേർത്തു. കോളേജിൽ പഠിക്കുമ്പോഴാണ് ആ ചിത്രം കണ്ടതെന്നും ഗ്ലാമർ, സ്റ്റാർഡം എന്നിവക്ക് അപ്പുറം അഭിനയതത്തിൻ്റെ ആഴവും ഫീലും മനസിലാക്കി തന്ന കഥാപാത്രമാണ് അതെന്നും വിൻസി കൂട്ടിച്ചേർത്തു.

Content Highlight: Director said that i am arrogant and has no passion for cinema says Vincy Aloshious

We use cookies to give you the best possible experience. Learn more