| Sunday, 24th May 2026, 10:35 pm

വിജയ് അഭിനയം അവസാനിപ്പിച്ചപ്പോള്‍ തമിഴ് സിനിമയില്‍ ഒഴിവുണ്ടായോ?; പ്രതികരണവുമായി ആര്‍.ജെ ബാലാജി

അശ്വിന്‍ രാജേന്ദ്രന്‍

സംഭവബഹുലമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി തമിഴ് സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍. കോളിവുഡിലെ തന്നെ ഏറ്റവും വലിയ താരമായ വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയും രാഷ്ട്രീയ പ്രവേശനം നടത്തുകയും ചെയ്തത് വലിയ ഞെട്ടലോടെയായിരുന്നു എല്ലാവരും നോക്കിക്കണ്ടത്. ഇവരെയെല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു തന്റെ കന്നിയങ്കത്തില്‍ തന്നെ അട്ടിമറി വിജയവുമായി വിജയിയുടെ തമിഴക വെട്രി കഴകം അധികാരം പിടിച്ചതും താരം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റതും. ഇതിനെല്ലാം ഇടയില്‍ വിജയ് അഭിനയിച്ച അവസാന ചിത്രം ജനനായകന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടയുകയും ചിത്രത്തിന്റെ കോപ്പി ഡാര്‍ക്ക് വെബില്‍ ലഭ്യമാകുകയും ചെയ്തിരുന്നു.

കറുപ്പ്. Photo: District

എന്നാല്‍ മറുവശത്ത് ആരാധകര്‍ സഗൗരവം ചര്‍ച്ച ചെയ്ത വിഷയമായിരുന്നു തമിഴ് സിനിമയില്‍ വിജയ് ഒഴിച്ചിട്ട സിംഹാസനം ഇനി ആര് കൈയാളും എന്നത്. പലരുടെയും പേരുകള്‍ അതത് താരങ്ങളുടെ ആരാധകര്‍ ഉയര്‍ത്തിയിരുന്നെങ്കിലും ആര്‍.ജെ. ബാലാജി സംവിധാനം ചെയ്ത റൂറല്‍ മാസ് ആക്ഷന്‍ ചിത്രം കറുപ്പിലൂടെ സൂര്യ ഇതിന് അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ്‌നാട്ടിലെ അടുത്ത സൂപ്പര്‍താരം സൂര്യയാണെന്ന് താരത്തിന്റെ ആരാധകര്‍ അവകാശപ്പെടുമ്പോള്‍ വിഷയത്തില്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് കറുപ്പ് ചിത്രത്തിന്റെ സംവിധായകന്‍.

വിജയ് എന്ന താരം സിനിമയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് തമിഴ് സിനിമയില്‍ ഇത്തരത്തിലൊരു ഒഴിവ് ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് സംവിധായകന്‍. അങ്ങനെയൊരു സംഭവമില്ലെന്നും വിജയ് സാര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ബാലാജി പറഞ്ഞു. സൂര്യ സാര്‍ അടക്കം ഒട്ടനവധി താരങ്ങള്‍ തമിഴ് സിനിമയ്ക്കുണ്ടെന്നും ഇവരെയെല്ലാം പ്രേക്ഷകര്‍ ആഘോഷിക്കുന്നത് നമുക്ക് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ് . Photo: IMDB

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തിയ കറുപ്പിന് വമ്പിച്ച സ്വീകരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. 13 വര്‍ഷത്തെ താരത്തിന്റെ ഹിറ്റ് വരള്‍ച്ച അവസാനിപ്പിച്ചാണ് കറുപ്പിനെ ആരാധകര്‍ ആവേശമാക്കുന്നത്. മെയ് 15ന് തിയേറ്ററുകളിലേക്കെത്തിയ ചിത്രം ഇതിനോടകം 200 കോടിയിലധികമാണ് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.

Content Highlight: Director RJ Balaji talks about the void created by the exit of Vijay from Tamil cinema

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more