ജനനായകനിലൂടെ സിനിമാജീവിതം അവസാനിപ്പിച്ച വിജയ് വലിയ ശൂന്യതയാണ് തമിഴ് സിനിമയില്‍ സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ സ്റ്റാര്‍ഡത്തിന് പകരം വെക്കാന്‍ നിലവില്‍ തമിഴ് സിനിമയില്‍ ആര്‍ക്കും സാധിക്കില്ലെങ്കിലും സൂര്യയും ശിവകാര്‍ത്തികേയനും അജിത്തുമടക്കം ഒട്ടനവധി പേര്‍ മത്സരവുമായി രംഗത്തുണ്ട്. ഒരു കാലത്ത് വിജയ്‌ക്കൊപ്പം തമിഴ് നാട്ടില്‍ താരമൂല്യമുണ്ടായിരുന്നെങ്കിലും ഇടക്കുവെച്ച് അടിപതറിയ സൂര്യ തന്നെയാണ് റേസില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
പ്രോമിസിങ്ങ് ചിത്രങ്ങളുമായി ഇതിനുളള ശ്രമങ്ങളും സൂര്യ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ആര്‍.ജെ ബാലാജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കറുപ്പ് ആണ് ഇത്തരത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ചിത്രം. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം റൂറല്‍ മാസ് ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന ചിത്രത്തിന്റെ അപ്‌ഡേഷനുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
കറുപ്പ്. Photo: Movie Tamil/ X.com
ഇപ്പോഴിതാ സംവിധായകന്‍ ആര്‍.ജെ ബാലാജി ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് സാധ്യതകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മിക്ക ബിഗ് ബഡ്ജറ്റ് ചിത്രങ്ങളും പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളെ ലക്ഷ്യം വെച്ച് റിലീസിനെത്തിക്കുന്ന സാഹചര്യത്തില്‍ സൗത്ത് ഇന്ത്യന്‍ മാര്‍ക്കറ്റുകളാണ് താന്‍ പ്രധാനമായും ലക്ഷ്യമിടുന്നതെന്നായിരുന്നു ബാലാജി പറഞ്ഞത്.
‘അഞ്ഞൂറ് കോടി ബഡ്ജറ്റില്‍ നിങ്ങള്‍ ഒരു ചിത്രമെടുത്താല്‍ ഒരു ഭാഷയിലെ മാര്‍ക്കറ്റില്‍ നിന്നും മാത്രം നിങ്ങള്‍ക്ക് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കില്ല. ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലാണ് കൂടുതല്‍ വര്‍ക്കാകുക എന്നാണ് ഞാന്‍ കരുതുന്നത്. കാരണം കറുപ്പ് സ്വാമി എന്ന കഥാപാത്രത്തിന്റെ കോര്‍ എന്താണെന്ന് ഈ മേഖലകളിലുള്ളവര്‍ക്കെല്ലാം പെട്ടെന്ന് മനസിലാകും.
അതുകൊണ്ട് തന്നെ ‘പാന്‍ ഇന്ത്യ’ എന്ന രീതിയിലല്ല ഞാന്‍ ചിന്തിക്കുന്നത്. ഒരു പ്രോപ്പര്‍ ആയിട്ടുള്ള മെയിന്‍ സ്ട്രീം തമിഴ് സിനിമയെടുക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ഒരേസമയം ഇത് തെലുങ്കിലും പ്രസക്തമായിരിക്കും. എന്നെ സംബന്ധിച്ച് എന്റെ ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് തമിഴ് അറിയുകയോ ഏറ്റവും കുറഞ്ഞത് തമിഴ് മനസിലാക്കാനുള്ള കഴിവ് ഉണ്ടാകുകയോ വേണം. കാരണം അപ്പോള്‍ മാത്രമാണ് ഞാനുദ്ദേശിക്കുന്ന ഹ്യൂമറുകളിലെ ടൈമിങ് കൃത്യമാകുകയും വൈകാരികമായ രംഗം പ്രേക്ഷകര്‍ക്ക് കണക്ടാകുകയും ചെയ്യുകയുള്ളൂ,’ ബാലാജി പറഞ്ഞു.
കറുപ്പ് ലൊക്കേഷനില്‍ നിന്നും. Movie Tamil/ X.com
2024ല്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു. പിന്നീട് ജനനായകന്‍ മാറ്റിവെച്ചപ്പോള്‍ സൃഷ്ടിക്കപ്പെട്ട പൊങ്കല്‍ ഒഴിവിലും ചിത്രത്തിന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ചിത്രം മെയ് 14 ന് തിയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
Content Highlight: Director RJ Balaji talks about his new movie Karupp Box office market