| Tuesday, 12th May 2026, 11:27 pm

ഇനി ആരും പറയാന്‍ ബാക്കിയില്ല; മുഖ്യമന്ത്രി തര്‍ക്കത്തെ പരിഹസിച്ച് സംവിധായകന്‍ ആര്‍.ജെ ബാലാജി

അശ്വിന്‍ രാജേന്ദ്രന്‍

വലിയ രീതിയില്‍ കൊട്ടിഘോഷിച്ച നിയമസഭാ തെരഞ്ഞെടുപ്പിനാണ് തമിഴ്‌നാട്ടിലും കേരളത്തിലും മെയ് 4ന് ഫലം വന്നതോടെ അന്ത്യം കുറിച്ചത്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തിയ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം തമിഴ്‌നാട്ടില്‍ ഏറ്റവും വലയ ഒറ്റക്കക്ഷിയാകുകയും മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെ ഭരിക്കാനാവാശ്യമായ ഭൂരിപക്ഷം കണ്ടെത്തി മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായുള്ള വിജയിയുടെ സത്യപ്രതിജ്ഞയെ വലിയ ആവേശത്തോടെയായിരുന്നു മലയാളികളടക്കമുള്ളവര്‍ ഏറ്റെടുത്തത്.

Photo: X.COM

അതേസമയം 102 സീറ്റുകളെന്ന വമ്പന്‍ ഭൂരിപക്ഷം നേടി കേരളത്തില്‍ വിജയം നേടിയ യു.ഡി.എഫ് മുന്നണിയ്ക്ക് തങ്ങളുടെ മുഖ്യമന്ത്രിയാരെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാത്ത അനിശ്ചിതത്ത്വത്തിനാണ് മലയാളികള്‍ സാക്ഷ്യം വഹിക്കുന്നത്. കസേരക്കായി കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശന്‍, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ രംഗത്തെത്തിയതോടെ തര്‍ക്കം പരിഹരിക്കാനുള്ള പെടാപാടിലാണ് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ്.

കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലെല്ലാം മുഖ്യമന്ത്രിമാരായെങ്കിലും കേരളത്തിന് ഇനിയും തീരുമാനിക്കാനാകത്തതിനെ പലരും ട്രോളുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ തമിഴ് സംവിധായകന്‍ ആര്‍.ജെ. ബാലാജിയാണ് ഈ അധികാര വടംവലിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൂര്യയെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രം കറുപ്പിന്റെ കേരളത്തിലെ പ്രീ റിലീസ് ഇവന്റുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിനും തമിഴ്‌നാടിനും ഒരുപാട് സാമ്യതകളുണ്ട്. ഈയടുത്ത കാലത്തെ ഉദാഹരണം നോക്കിയാല്‍ ഞങ്ങളുടെ നാട്ടില്‍ ഒരുപാട് പാര്‍ട്ടിയില്‍ നിന്നും ഒരുപാട് പേര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം നിങ്ങളുടെ നാട്ടില്‍ ഒരേ പാര്‍ട്ടിയില്‍ നിന്നും ഒരുപാട് പേര്‍ മുഖ്യമന്ത്രിയാകാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ക്ക് നല്ലൊരു മുഖ്യമന്ത്രിയെ ലഭിച്ചു. നിങ്ങള്‍ക്കും പെട്ടെന്ന് തന്നെ ഒരു നല്ല മുഖ്യമന്ത്രിയെ ലഭിക്കാന്‍ എന്റെ എല്ലാ വിധ ആശംസകളും,’ ആര്‍.ജെ ബാലാജി പറഞ്ഞു.

കറുപ്പ്. Photo: District

സൂര്യക്കൊപ്പം തൃഷ, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന കറുപ്പ് മെയ് 14നാണ് തിയേറ്ററുകളിലെത്തുന്നത്. സായ് അഭ്യങ്കര്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയുടെ കരിയറിലെ ഹിറ്റായി മാറുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Director RJ Balaji Mocks kerala’s political scenario of not able to select chief minister

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more