ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് സംവിധാനം ചെയ്ത ‘ആരോ’ ഷോട്ട് ഫിലിമിന് സോഷ്യല്‍മീഡിയയില്‍ പരിഹാസം.
റീലില്‍ ഒതുങ്ങേണ്ട കണ്ടന്റിനെ 21 മിനുട്ട് വലിച്ചുനീട്ടിയെന്നും വെറും എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ കിടുക്കാച്ചി പടം ചെയ്യുന്ന കാലമാണ് ഇതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.
രഞ്ജിത് സംവിധാനം ചെയ്ത, ബക്കാര്‍ഡിയുടെ പരസ്യചിത്രം കണ്ടെന്നും ഉഗ്രനായിട്ടുണ്ടെന്നുമാണ് മറ്റൊരു ട്രോള്‍.
‘രഞ്ജിത് സംവിധാനം ചെയ്ത, ബക്കാര്‍ഡിയുടെ പരസ്യചിത്രം കണ്ടു. ഉഗ്രനായിട്ടുണ്ട്. ആല്‍ക്കഹോള്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ ഈ പരീക്ഷണത്തിന്റെ റിബല്‍ സ്വഭാവത്തിന് കയ്യടിക്കാതിരിക്കാന്‍ പറ്റില്ല. സിംഗിള്‍ മാള്‍ട്ടിനേക്കാള്‍ ഉഗ്രനാണ് ബക്കാര്‍ഡി എന്നും അത് നമ്മെ മറ്റൊരു ലോകത്ത് എത്തിക്കുമെന്നും ഈ പരസ്യചിത്രം വ്യക്തമാക്കിത്തരുന്നു’ എന്നായിരുന്നു ഒരു കമന്റ്.
രാവിലെത്തന്നെ വെറും വയറ്റില്‍ വെള്ളമടിച്ചാല്‍ ഇതിലപ്പുറം തോന്നാമെന്നും ചിലപ്പോ ഐശ്വര്യ റായ് തന്നെ വന്നൂന്നും വരാമെന്നുമാണ് മറ്റൊരു പ്രതികരണം.
രഞ്ജിത്തിന്റെ കയ്യൊപ്പ് തന്നെ അങ്ങേയറ്റം പ്രിറ്റിയന്‍ഷ്യസായ സിനിമയാണ്. അതിലേക്ക് സ്പിരിരിറ്റിലെ രഘുനന്ദനെന്ന മറ്റൊരു പ്രിറ്റിയന്‍ഷ്യസ് കാരക്ടറിനെ കൂടി ചേര്‍ത്താല്‍ ആരോയിലെ ശ്യാമപ്രസാദായി. സാധാരണ ഖുശ്ബുവോ രേവതിയോ വരേണ്ടിടത്ത് പ്രമോഷന്‍ കിട്ടിയ ലേഡീ സൂപ്പര്‍ സ്റ്റാറ് വന്നു,.’ഒരു മാറ്റോം ഇല്ലെടേ’ (വിനായകന്റെ മറ്റേ ചിത്രം ),’ എന്നായിരുന്നു മറ്റൊരു കമന്റ്.
ആരോയില്‍ ഇടയ്ക്കിടെ കാണിക്കുന്ന ഐ.എഫ്.എഫ്.കെ കിറ്റ് ശ്രദ്ധിക്കാതെ പോകരുതെന്ന കമന്റുമുണ്ട്.
ദേവാസുരത്തില്‍ തുടങ്ങിയ രഞ്ജിത്തിന്റെ ബക്കാര്‍ഡി ഫെറ്റിഷ്‌നെസ് ഇതുവരെ തീര്‍ന്നില്ലേ. മാട്ട ബക്കാര്‍ഡിയില്‍ കരിക്കൊഴിച്ച് കരിക്കിന്‍ വെള്ളം പാഴാക്കുന്നത് തെങ്ങിനോടുള്ള ഹിംസയാണ് തുടങ്ങിയ ട്രോളുകളും വരുന്നുണ്ട്.
അതേസമയം മഞ്ജു വാര്യരുടെ കഥാപാത്രത്തിന് ഒരേ സമയം കയ്യടിയും വിമര്‍ശവും വരുന്നുണ്ട്. മഞ്ജുവിന്റെ ലുക്ക് കിടിലനായെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ കഥയുടെ ആത്മാവിനെ കളയുന്ന തരത്തിലുള്ള സംഭാഷണമായിരുന്നുവെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്.
‘ഒരു ‘പെണ്ണിന്റെ ഒച്ച’യുമായി, കടന്നു വരുന്ന മഞ്ജുവിന്റെ കഥാപാത്രം, കഥയുടെ ആത്മാവ് കളയുന്ന സംഭാഷണം. കണ്ണടച്ചു കേട്ടാല്‍, ‘ഈ വീട്ടിലെ പശുത്തൊഴുത്ത് എവിടെയാ… ‘ എന്ന് നെയ്യ് പരസ്യത്തില്‍ ചോദിക്കുന്ന അതേ മഞ്ജു വാര്യര്‍ തൊഴുത്ത് അന്വേഷിച്ച് ഈ വീട്ടിലേക്ക് കയറി വന്നോയെന്ന് സംശയിച്ചു പോകും,’ എന്നായിരുന്നു ഒരു കമന്റ്. .
‘കണ്ണും തിരുമ്മി എണീക്കുന്നു. സിഗരറ്റ്ക ത്തിക്കുന്നു.മുള്ളുന്നു.. ഫോണടിക്കുന്നു..എഴുതാനിരിക്കുന്നു…അക്ഷരങ്ങള്‍ നഷ്ടപ്പെട്ട് പോയിരിക്കുന്നു..ബക്കാര്‍ഡി മാട്ടുന്നു. വീണ്ടും സിഗരറ്റ്.ബക്കാര്‍ഡി. മഴ. ഫോണ്‍..
ഒരു പെണ്ണ് വിളിച്ചു ഞാനങ്ങോട്ട് വരുന്നുണ്ടന്ന് പറയുന്നു. ഞെട്ടുന്നു. വീട് ക്‌ളീനാക്കുന്നു..ഓട്ടോയില്‍ പെണ്ണ് വരുന്നു..മുറ്റത്ത് തെക്കെ അറ്റത്തെ നിശാഗന്ധിയും, മുടി അഴിച്ചിട്ട സുന്ദരിയും, ബാബുരാജിന്റെ പാട്ടും,..കൂടിക്കിടക്കുന്ന ബക്കാര്‍ഡി കുപ്പികളും.
സിംഗിള്‍ മാള്‍ട്ടില്‍ നിന്ന് വൈറ്റ് റമ്മിലേക്കുള്ള പതനം. 21 മിനിറ്റുള്ള ഷോര്‍ട്ട്.മാക്‌സിമം 10 മിനിറ്റ് കൊണ്ട് തീര്‍ക്കാം. ആന്‍ ആര്‍ട്ട് ഹൗസ് അവരാതം തുടങ്ങിയ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്.
രഞ്ജിത്തിന്റെ നായകന്‍മാര്‍ക്കെല്ലാം വേണ്ടത് നല്ലൊരു റീഹാബിലിട്ടേഷന്‍ സെന്റര്‍ ആണ്. പ്രേമവും പിണ്ണാക്കുമൊന്നുമല്ല. അയാള്‍ ഇപ്പോഴും ദേവാസുരത്തില്‍ തന്നെ ചുറ്റി കറങ്ങുകയാണ് എന്നിങ്ങനെയും കമന്റുകളുണ്ട്.
ശ്യാമപ്രസാദ്, മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ മാത്രമാണ് ‘ആരോ’യില്‍ അഭിനേതാക്കളായിട്ടുള്ളത്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം.
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആരോയുടെ കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് വി.ആര്‍ സുധീഷാണ്. ബിജിബാലാണ് ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്തിരിക്കുന്നത്.
Content Highlight: Director Renjith Short Film Aaro Social media Troll