| Wednesday, 25th November 2026, 1:34 pm

പെൻഡുലം മുതൽ ഭൗമ വരെ; റെജിൻ എസ് ബാബുവിന്റെ പരീക്ഷണ ചിത്രങ്ങൾ

അനുപമ കെ. സീത

സിനിമാ കരിയറിൽ രണ്ട് ചിത്രങ്ങൾ മാത്രമേ റെജിൻ എസ് ബാബു എന്ന സംവിധായകൻ ചെയ്തിട്ടുള്ളുവെങ്കിലും മലയാള സിനിമയിൽ പരീക്ഷണാത്മക സിനിമകൾ ചെയ്ത് ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നിഗൂഢതകളും വ്യത്യസ്തമായ അവതരണ ശൈലിയും കഥാപരിസരവുമാണ് റെജിന്റെ ചിത്രങ്ങളുടെ സവിശേഷത. പുതുമയുള്ള കഥപറച്ചിലിനോടൊപ്പം അത് ആഴത്തിലും ലളിതമായും അവതരിപ്പിക്കുന്ന രീതിയാണ് റെജിന്റേത്.

യാഥാർഥ്യബോധമുള്ള പരിസരങ്ങൾക്കൊപ്പം തന്നെ പരിചിതമല്ലാത്ത ഒരു കഥാപശ്ചാത്തലം കൂടെ അദ്ദേഹത്തിന്റെ സിനിമകളിൽ റെജിൻ അവതരിപ്പിക്കാറുണ്ട്. മലയാള സിനിമയിൽ അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയങ്ങൾ കൂടിയാണ് അദ്ദേഹം സ്‌ക്രീനിൽ എത്തിക്കാൻ ശ്രമിക്കാറുള്ളത്. റെജിൻ തന്റെ രണ്ട് സിനിമകളിലൂടെയും നടത്തുന്ന ധീരമായ ചുവടുവെപ്പ് പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്.

ആവർത്തനം, ക്രിയ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് റെജിൻ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പെൻഡുലം എന്ന സിനിമ ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി മാറി. 2023ൽ പുറത്തിറങ്ങിയ പെൻഡുലത്തിന്റെ പ്രമേയം ലൂസിഡ് ഡ്രീമിങ്, ടൈം ലൂപ്പ്, ദേജാവൂ എന്നിവയായിരുന്നു. വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സാധാരണ ത്രില്ലറുകൾ, സയൻസ് ഫിക്ഷൻ എന്നിവയിൽ നിന്ന് തീർത്തും വ്യത്യസ്തമായാണ് റെജിൻ പെൻഡുലം ഒരുക്കിയത്. ചിത്രം തിയേറ്ററിൽ വിജയമായില്ലെങ്കിലും ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ എത്തിയതോടു കൂടെ ഏറെ നിരൂപകപ്രശംസ ലഭിച്ച ചിത്രങ്ങളിലൊന്നായി പെൻഡുലം മാറി.

റെജിൻ. എസ് ബാബു.Photo.Screen Grab/Facebook.com

അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഭൗമ. ഗോഥിക് ഹിസ്റ്ററി ത്രില്ലറിൽ ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ റിലീസ് ചെയ്ത രണ്ടാം വാരത്തിലും തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. തീവ്രമായ ഹൊറർ മൂഡിലാണ് ചിത്രം കഥ പറയുന്നത്. ദുർമന്ത്രവാദം, അമാനുഷികമായ സംഭവങ്ങൾ, നിഗൂഢ വിശ്വാസങ്ങൾ എന്നിവയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. രേവതി ശർമ, വിനീത്, സാഗർ സൂര്യ,ദിലീഷ് പോത്തൻ, മധുപാൽ, ലെന തുടങ്ങി വൻ താരനിരയാണ് പ്രധാന വേഷങ്ങൾ അഭിനയിച്ചിരിക്കുന്നത്. പരമ്പരാഗതമായ ജമ്പ് സ്‌കെയറുകളിൽ നിന്നും വിപരീതമായി വളരെ സാവധാനത്തിൽ ഭീതി സൃഷ്ടിക്കുന്ന രീതിയാണ് ഭൗമ സ്വീകരിച്ചത്.

എടുത്തു പറയേണ്ട മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് രണ്ട് സിനിമകളും മുമ്പോട്ട് വെയ്ക്കുന്ന ഓപൺ എൻഡിങ്. എന്നാൽ പ്രേക്ഷകരിലെ ഒരു വിഭാഗം അതൊരു പോരായ്മയായാണ് ചൂണ്ടി കാണിക്കുന്നത്. രണ്ട് സിനിമകളുടെയും ക്ലൈമാക്സിൽ സംവിധായകനോ സിനിമയോ നേരിട്ടൊന്നും തന്നെ പറഞ്ഞു തരുകയോ വിശദീകരിച്ച് തരുകയോ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ സൂക്ഷ്‌മമായ കാഴ്ചയിൽ മാത്രമേ പല കാര്യങ്ങളും വ്യക്തമാവുകയുള്ളൂ. വെറുതേ കണ്ടിരിക്കാൻ പറ്റിയ രണ്ട് ചിത്രങ്ങളല്ല ഇവ രണ്ടും, മറിച്ച് പ്രേക്ഷകൻ നൂറ് ശതമാനം സിനിമയോടൊപ്പം സഞ്ചരിച്ചാൽ മാത്രമേ പല നിഗൂഢതകളും രഹസ്യങ്ങളും മനസിലാവുകയുള്ളൂ എന്നതാണ് വാസ്തവം.

Content Highlight: Director Rejin S. Babu and his experimental films; from Pendulum to Bouma.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more