കൊച്ചി: തന്റെ മുന്‍ പങ്കാളി മുഹമ്മദ് ഷര്‍ഷാദിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായിക റത്തീന. സി.പി.ഐ.എമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെയാണ് റത്തീന രംഗത്തെത്തിയത്.
തന്നെ സമൂഹമധ്യത്തിലിട്ട് ദ്രോഹിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നും റത്തീന കുറ്റപ്പെടുത്തി. സി.പി.ഐ.എമ്മിനെ കുറിച്ച് പറഞ്ഞാല്‍ മാധ്യമങ്ങളേറ്റെടുക്കുമെന്ന് ഷര്‍ഷാദിന് അറിയാമായിരുന്നുവെന്നും റത്തീന പറഞ്ഞു.
ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന കത്ത് വിവാദവുമായോ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും അദ്ദേഹത്തിന്റെ മകനുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും റത്തീന വ്യക്തമാക്കി.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് റത്തീന ഇക്കാര്യങ്ങള്‍ പറയുന്നത്.
നേരത്തെ പുഴു സിനിമയെ സംബന്ധിച്ചും വിവാഹബന്ധം വേര്‍പിരിഞ്ഞതിനെ സംബന്ധിച്ചും ഷര്‍ഷാദ് ആരോപണങ്ങളുന്നയിച്ചിരുന്നു. ഇത് റത്തീനക്കെതിരായ സൈബര്‍ അറ്റാക്കിനും കാരണമായി. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഷര്‍ഷാദ് പ്രചരിപ്പിക്കുന്നത് എന്നായിരുന്നു വിഷയത്തില്‍ റത്തീനയുടെ മറുപടി.
റത്തീന സംവിധാനം ചെയ്ത മമ്മൂട്ടി ചിക്രം ‘പുഴു’വിന് ചില പ്രത്യേക താത്പര്യങ്ങളുണ്ടായിരുന്നു എന്നായിരുന്നു ഷര്‍ഷാദിന്റെ ആരോപണം. ഇതില്‍ മമ്മൂട്ടിയുടെ ഇടപെടലുകളുണ്ടായി എന്നും ഇയാള്‍ പറഞ്ഞിരുന്നു. മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷര്‍ഷാദിന്റെ ആരോപണം.
അതേസമയം, ഷര്‍ഷാദിന്റെ കത്തുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് അസംബന്ധവും വിവാദങ്ങള്‍ അനാവശ്യവുമാണെന്നാണ് സി.പി.ഐ.എമ്മിന്റെ നിലപാട്.
2022ലാണ് ഷര്‍ഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കുന്നത്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയായിരുന്നു ഇത്. എന്നാല്‍ ഈ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.
പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമര്‍പ്പിച്ചത്.
പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തി നല്‍കിയെന്നും ഇതിന് പിന്നില്‍ എം. വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്നുമായിരുന്നു ഷര്‍ഷാദിന്റെ ആരോപണം. ഒപ്പം എം.വി. ഗോവിന്ദനെതിരെയും ഇയാള്‍ ആരോപണമുയര്‍ത്തി.
രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഷര്‍ഷാദ് ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേര്‍ന്ന് രാജേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഇയാള്‍ ആരോപിച്ചു.
പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. വിശദമായി അന്വേഷിച്ച ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും പരാതിയില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ വീണ്ടുമൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് സി.പി.ഐ.എമ്മിന്റെ വിലയിരുത്തല്‍.
Content highlight: Director Ratheena PT slams Sharshad over letter against CPI(M)