| Wednesday, 1st April 2026, 8:37 am

ലൈംഗികാതിക്രമ കേസില്‍ രഞ്ജിത് 14 ദിവസം റിമാന്‍ഡില്‍; കള്ളക്കേസെന്ന് പ്രതിഭാഗം; ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി

അനിത സി

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

കഴിഞ്ഞദിവസം യാത്രക്കിടെ തൊടുപുഴ മുട്ടത്ത് വെച്ച് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ  പൊലീസ്  ബുധനാഴ്ച രാവിലെ ഫോര്‍ട്ട് കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയിരുന്നു. റിമാന്‍ഡിലായ  രഞ്ജിത്തിനെ വൈകാതെഎറണാകുളം സബ്ജയിലിലേക്ക് മാറ്റുമെന്നും എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ഷൂട്ടിങ്ങിനിടെ കാരവാനില്‍ വെച്ച് രഞ്ജിത് ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. അതിക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി കാരവാനില്‍ നിന്നും ഇറങ്ങിയോടിയെന്നും പിന്നീട് ഷൂട്ടിങ് സെറ്റില്‍ വെച്ച് തന്നെ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും എസ്.ഐ.ടിക്കും ഡി.ജി.പിക്കും നല്‍കിയ യുവനടിയുടെ പരാതിയില്‍ പറയുന്നു.

സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് (ഐ.സി.സി) നടി നല്‍കിയ പരാതി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

അതേസമയം, തന്നെ തകര്‍ക്കാനുള്ള ശ്രമമായി ഉണ്ടാക്കിയ കള്ളക്കേസാണിതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും രഞ്ജിത് ആരോപിച്ചു.

കഴിഞ്ഞദിവസം രാത്രി കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയില്‍ വെച്ചാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്.പിയുടെ നിര്‍ദേശപ്രകാരം അതീവരഹസ്യമായായിരുന്നു അറസ്റ്റ് നടപടികള്‍.

പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടര്‍ന്ന്, രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ വെച്ച് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സിനിമയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഉന്നത പദവി നല്‍കിയത്. ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതരമാണെന്നും മന്ത്രി പറഞ്ഞു.

Content Highlight: Director Ranjith remanded for 14 days in sexual assault case; defense says it’s a false case; complainant says he tried to cover it up

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more