| Monday, 18th August 2025, 9:16 am

ഷോലെ അത്ര നല്ല സിനിമയായി എനിക്ക് തോന്നുന്നില്ല: സംവിധായകന്‍ രമേശ് സിപ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഷോലെ. 1975 ഓഗസ്റ്റ് 15ന് പുറത്തിറങ്ങിയ ഈ ചിത്രം രമേഷ് സിപ്പിയാണ് സംവിധാനം ചെയ്തത്. സലിം-ജാവേദ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആര്‍.ഡി. ബര്‍മ്മന്‍ ഈണം നല്‍കിയ ഷോലെയിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റാണ്. മുംബൈയിലെ മിനര്‍വ തിയേറ്ററില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷമാണ് ഷോലെ പ്രദര്‍ശിപ്പിച്ചത്.

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ ആളുകള്‍ തിയേറ്ററുകളില്‍ കണ്ട ഇന്ത്യന്‍ സിനിമയും ലോകത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയ ഇന്ത്യന്‍ ചിത്രവും ഷോലെ തന്നെയാണ്. ബോക്സ് ഓഫീസില്‍ നിന്ന് 15 കോടിയിലധികം ചിത്രം നേടിയിരുന്നു. ഷോലെയുടെ 50ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇപ്പോള്‍ സിനിമാലോകം.

എന്നാല്‍ ഷോലെ അത്ര മികച്ച സിനിമയായി തനിക്ക് തോന്നിയിട്ടില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ രമേശ് സിപ്പി. ആ സിനിമക്ക് ഒരു പൂര്‍ണത തോന്നിയിട്ടില്ലെന്നും ഇനിയും ഷോലെ മികച്ച രീതിയില്‍ എടുക്കാമായിരുന്നുവെന്നും രമേശ് സിപ്പി പറഞ്ഞു. 2025 ഐ.ഐ.എഫ്.എ അവാര്‍ഡില്‍ ഷോലെയുടെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ഷോലെ പോലെ മറ്റൊരു സിനിമ ചെയ്യാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോലെ ചെയ്തതുതന്നെ ആളുകള്‍ അത്തരം സിനിമകളെ എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണെന്നും ഷോലെയെക്കാള്‍ മികച്ചത് ചെയ്യാന്‍ വേണ്ടി ആളുകളെ പ്രേരിപ്പിക്കാനായിരുന്നുവെന്നും രമേശ് സിപ്പി കൂട്ടിച്ചേര്‍ത്തു.

ഷോലെയിലെ ഓരോ ഫ്രെയിമിനോടുമുള്ള പ്രേക്ഷകരുടെ സ്‌നേഹം അതിശയകരമാണെന്നും 50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഷോലെയോട് പ്രേക്ഷകര്‍ കാണിക്കുന്ന സ്‌നേഹം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Content Highlight: Director Ramesh Sippy talks about Sholay Movie

We use cookies to give you the best possible experience. Learn more