| Wednesday, 11th November 2026, 7:42 pm

രണ്ടര ദിവസത്തോളം എന്നെക്കൊണ്ട് ഓമിന്റെ സ്‌ക്രിപ്റ്റ് മമ്മൂട്ടി സാര്‍ വായിപ്പിച്ചു, സംശയങ്ങളും ചോദിച്ചു: രാജ്കുമാര്‍ പെരിയസ്വാമി

അശ്വിന്‍ രാജേന്ദ്രന്‍

2017ല്‍ പുറത്തിറങ്ങിയ രംഗൂണ്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് രാജ്കുമാര്‍ പെരിയസ്വാമി. സംവിധായകന് വലിയ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2024ല്‍ പുറത്തിറങ്ങിയ അമരന്‍. ശിവകാര്‍ത്തികേയനും സായ് പല്ലവിയും പ്രധാനവേഷത്തിലെത്തിയ ചിത്രം വലിയ നിരൂപക പ്രശംസയായിരുന്നു നേടിയത്. ഇപ്പോള്‍ സംവിധായകന്റെതായി ഏവരും കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെയും ധനുഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഓം.

രാജ്കുമാര്‍ പെരിയസ്വാമി. Photo: Cinema Express

സൗത്ത് ഇന്ത്യയിലെ സെന്‍സേഷനായ സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ടീസറായ സിയ എന്‍ട്രിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ടീസറിലുടനീളം മമ്മൂട്ടിയുടെ ഓറയായിരുന്നു കാണാന്‍ സാധിച്ചത്. അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ നോട്ടമിട്ടിരിക്കുന്ന നൊട്ടോറിയസ് ഗ്യാങ്സ്റ്ററാണ് കാര്‍ത്തികേയന്‍ എന്ന് ടീസര്‍ പറഞ്ഞുവെക്കുന്നുണ്ട്. ഒപ്പം ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ടീസറും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് മമ്മൂട്ടിയ്ക്ക് വായിച്ച് നല്‍കിയ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമി. രണ്ടര ദിവസത്തോളം ചിത്രത്തിന്റെ കഥ വായിച്ച് കേള്‍പ്പിച്ച് പല കാര്യങ്ങളും അദ്ദേഹത്തോടൊപ്പം ചര്‍ച്ച ചെയ്‌തെന്ന് സംവിധായകന്‍ പറയുന്നു.

‘ഓമിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു പത്ത് ദിവസം മുമ്പ് മമ്മൂട്ടി സാര്‍ എന്നെ കൊച്ചിയിലേക്ക് വിളിച്ചിരുന്നു. രാത്രിയിലെ സമയം ഒഴിച്ച് ഈ രണ്ടര ദിവസവും അദ്ദേഹം ചെലവഴിച്ചു. അദ്ദേഹത്തിന് ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ച് കൊടുക്കും സാര്‍ അവിടെ അത് കേട്ടുകൊണ്ടിരിക്കും. ആദ്യത്തെ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് വായിച്ച് കേള്‍പ്പിച്ചു, രണ്ടാമത്തെ ദിവസം സെക്കന്‍ഡ് ഹാഫ് വായിച്ചു. മൂന്നാമത്തെ ദിവസം അദ്ദേഹത്തിന്റെ സീന്‍സ് മാത്രമായാണ് വായിച്ച് കേള്‍പ്പിച്ചത്. അതാണ് അദ്ദേഹത്തിന്റെ രീതി.

സാധാരണയായി സ്‌ക്രിപ്റ്റ് റീഡിങ് സെക്ഷന്‍സ് ഉണ്ടാകാറുണ്ട്. അതില്‍ എല്ലാ ആര്‍ടിസ്റ്റുകളും അവരവരുടെ പോര്‍ഷന്‍സ് വായിക്കുകയാണ് ചെയ്യാറുള്ളത്. ലാഗെവിടെയാണുള്ളത്, സൈലന്‍സ് എവിടെയാണുള്ളത് എന്നെല്ലാം നമുക്ക് അങ്ങനെ ചെയ്യുമ്പോള്‍ മനസിലാകും. സാറിന്റെ രീതി എന്ന് പറയുന്നത് മുഴുവന്‍ സ്‌ക്രിപ്റ്റും ആദ്യം തൊട്ട് അവസാനം വരെ വായിച്ച് കേള്‍ക്കുന്നതാണ്.

ഓം. Photo: X.com

ഇതെല്ലാം വായിച്ച് കേട്ട ശേഷം സംശയം ചോദിക്കും. അദ്ദേഹത്തിന്റെ ക്യാരക്ടറിനെ കുറിച്ച് വളരെ കുറച്ച് സംശയം മാത്രമായിരിക്കും ചോദിക്കുക. ബാക്കി കഥയിലെ ഓരോ കാര്യങ്ങളും ഡീറ്റെയിലായി അദ്ദേഹം ചോദിക്കും. ഇതെല്ലാം കഴിഞ്ഞ് എല്ലാ മുന്നൊരുക്കങ്ങളുമായാണ് അദ്ദേഹം സെറ്റിലേക്കെത്തിയത്,’രാജ്കുമാര്‍ പറഞ്ഞു.

Content Highlight: Director Rajkumar Periyaswamy talks about reading script of Om movie to Mammootty

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more