| Monday, 16th November 2026, 9:23 pm

ആദ്യ ചിത്രത്തിന്റെ ഫൂട്ടേജുകളുണ്ടായിരുന്ന ലാപ്‌ടോപ്പ് മോഷണം പോയി; നെല്‍സണിന് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് രാജ്കുമാര്‍ പെരിയസ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്നാടിന്റെ തലൈവനായ രജിനികാന്തിനെ നായകനാക്കി ഒരുക്കിയ ജയിലര്‍ എന്ന ചിത്രത്തോടെ തന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ സംവിധായകനാണ് നെല്‍സണ്‍ ദിലീപ് കുമാര്‍. ജയിലറിന് മുമ്പ് വിജയിയെ നായകനാക്കി സംവിധായകന്‍ ഒരുക്കിയ ബീസ്റ്റ് പരാജയമായതോടെ തനിക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തിയാണ് ഹൈ വോള്‍ട്ട് എന്റര്‍ടെയിനറായ ജയിലറുമായി നെല്‍സണ്‍ തിരിച്ചെത്തിയത്.

മോഹന്‍ലാലും ശിവരാജ് കുമാറും അടക്കം ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുകയും ചെയ്തതോടെ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഭവമായി ജയിലര്‍ മാറുകയും ചെയ്തിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയപ്പോള്‍ കോളിവുഡിലെ സകല റെക്കോഡുകളും തകര്‍ക്കുന്ന വിധത്തില്‍ കൊലത്തൂക്കിനാണ് ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിച്ചത്. 800 കോടിയിലധികം നേടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി ജയിലര്‍ 2 മാറിയിരിക്കുകയാണ്.

നെല്‍സണ്‍ ദിലീപ് കുമാര്‍. Photo: Varanam Malaysia

ഇതോടെ ഇന്ത്യയിലെ തന്നെ വിലപിടിപ്പുള്ള സംവിധായകനായി മാറിയിരിക്കുകയാണ് നെല്‍സണ്‍. ഇപ്പോഴിതാ തമിഴിലെ മറ്റൊരു മുന്‍നിര സംവിധായകനായ രാജ്കുമാര്‍ പെരിയസ്വാമി നെല്‍സണ് തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം നെല്‍സണ് പുറത്തിറക്കാന്‍ പറ്റാത്തതിനെ കുറിച്ചാണ് രാജ്കുമാര്‍ സംസാരിച്ചത്.

‘2009-ലാണ് നെല്‍സണ്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന്റെ പണി തുടങ്ങുന്നത്. 2018-ല്‍ അത് റിലീസ് ചെയ്യേണ്ടതുമായിരുന്നു. പക്ഷേ അത് നടന്നില്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിലെ ചില രംഗങ്ങള്‍ ഞാന്‍ കണ്ടിരുന്നു. അതിനായി ഒരു ടീസറും തയ്യാറാക്കിയിരുന്നു. ടീസറിലെ ഒരു കഥാപാത്രത്തിന് വേണ്ടി ഞാന്‍ ശബ്ദം നല്‍കിയിരുന്നു. അതിലെ സീനുകളെല്ലാം ക്വാളിറ്റിയുള്ളതായിരുന്നു. നിര്‍ഭാഗ്യവശാല്‍, ആ സിനിമ പൂര്‍ത്തിയാക്കാനോ റിലീസ് ചെയ്യാനോ സാധിച്ചില്ല.

നെല്‍സണ്‍ ദിലീപ് കുമാര്‍ രജിനിക്കൊപ്പം. Photo: X.com

ഏകദേശം നാലോ അഞ്ചോ വര്‍ഷത്തോളം, സിനിമ പൂര്‍ത്തിയാക്കാന്‍ ഇനി 8-10 ദിവസത്തെ ചിത്രീകരണം കൂടി മതിയാകും എന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. സിനിമയുടെ എല്ലാ ഫൂട്ടേജുകളും മെറ്റീരിയലുകളും നെല്‍സണ്‍ തന്റെ കാറില്‍ ഒരു ലാപ്‌ടോപ്പിലായിരുന്നു സൂക്ഷിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍, യാത്രയ്ക്കിടയില്‍ എവിടെയോ വാഹനം നിര്‍ത്തിയപ്പോള്‍ ആ ലാപ്‌ടോപ്പ് മോഷ്ടിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് അദ്ദേഹം തന്റെ കരിയറില്‍ കടന്നുപോയത്,’ രാജ്കുമാര്‍ പറഞ്ഞു.

Content Highlight: Director Rajkumar Periyaswamy talks about Nelson Dilipkumar and challenges faced by him

We use cookies to give you the best possible experience. Learn more