കുടുംബചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ സംവിധായകനാണ് രാജസേനൻ. മേലേപ്പറമ്പിൽ ആൺവീട്, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്‌നലോകത്തെ ബാലഭാസ്കരൻ, കഥാനായകൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. സംവിധാനത്തിന് പുറമെ പുറമേ അഭിനയത്തിലും ചില സിനിമകൾക്ക് കഥയും രാജസേനൻ എഴുതിയിട്ടുണ്ട്.
ഇപ്പോഴിതാ നടൻ ഇന്ദ്രൻസിനെ കുറിച്ച് രാജസേനൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇന്ദ്രൻസിനെക്കുറിച്ച് തുറന്ന് പറഞ്ഞത്.
ഇന്ദ്രൻസിനോടുള്ള ബന്ധം ഒരു ജ്യേഷ്‌ഠാനുജൻ ബന്ധം പോലെയാണെന്ന് രാജസേനൻ പറയുന്നു. ‘ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദമുണ്ട്. പക്ഷേ ഇന്ദ്രനെ കൂട്ടുകാരനാക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാൻ തോളിൽ കൈയിടുമ്പോൾ പോലും അദ്ദേഹം ചുരുങ്ങിപ്പോകും. എല്ലാവരോടും വളരെ വിനയത്തോടെ പെരുമാറുന്ന ആളാണ് ഇന്ദ്രൻസ്,’ എന്നാണ് രാജസേനൻ പറയുന്നത്.
ഇന്ദ്രൻസ്, Photo: Indrans/ Facebook
ഇന്ദ്രൻസിന്റെ എളിമയെ കുറിച്ച് ചിലർ വിമർശിക്കുന്നതും കാണുന്നുണ്ടെന്ന് രാജസേനൻ പറയുന്നു. എന്നാൽ അത് അഭിനയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോസ്റ്റ്യൂം ബോക്‌സിന്റെ മുകളിൽ കിടന്നുറങ്ങുന്ന ഒരേയൊരു നടനെ നമുക്ക് കാണാനാകൂ, അത് ഇന്ദ്രൻസാണ്.
പലരും ക്യാമറയ്ക്കുമുന്നിൽ വിനയം കാണിക്കും. പക്ഷേ ഇന്ദ്രൻസ് അങ്ങനെ അല്ല. അദ്ദേഹത്തിന്റെ എളിമ സ്വാഭാവികമാണ്,’ എന്നാണ് രാജസേനന്റെ വാക്കുകൾ.
അതേസമയം, ഇന്ദ്രന് ദേഷ്യപ്പെടാനും അറിയാമെന്ന് അദ്ദേഹം പറയുന്നു. ‘അദ്ദേഹം വളരെ അപൂർവമായേ ദേഷ്യപ്പെടാറുള്ളു. പക്ഷേ ദേഷ്യം വന്നാൽ അത് ശക്തമായിരിക്കും.
ഇന്ദ്രൻസ്, Photo: Indrans/ Facebook
പ്രേം നസീർ സാറിനെക്കുറിച്ച് പറയുന്നതുപോലെ തന്നെയാണ് ഇന്ദ്രൻസും. എല്ലാവരോടും സ്നേഹത്തോടെ പെരുമാറും, പക്ഷേ ആരെങ്കിലും അധികം അസ്വസ്ഥപ്പെടുത്തുകയാണെങ്കിൽ മാത്രമേ ദേഷ്യപ്പെടൂ,’ എന്നും രാജസേനൻ കൂട്ടിച്ചേർത്തു.
സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിച്ചപ്പോൾ ഇന്ദ്രൻസ് വീട്ടിലെത്തി തന്നെ ആലിംഗനം ചെയ്ത് കാലിൽ തൊട്ട് വന്ദിച്ചതായും രാജസേനൻ ഓർമിക്കുന്നു. ‘സിനിമയിൽ ഇതുപോലെ ഒരാൾ മാത്രം ഉണ്ടെങ്കിൽ അത് ഇന്ദ്രൻസ് തന്നെയാണ്,’ എന്നാണ് അദ്ദേഹം പറയുന്നത്.
‘ഞാനും പിന്നൊരു ഞാനും’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലും ഇന്ദ്രൻസിന്റെ എളിമ അദ്ദേഹം അനുഭവിച്ചുവെന്ന് രാജസേനൻ പറയുന്നു. വലിയ പ്രതിഫലം വാങ്ങുന്ന സമയമായിരുന്നിട്ടും, പുതിയ നിർമാണക്കമ്പനിയുടെ സിനിമയായതിനാൽ ഒന്നും ആവശ്യപ്പെടാതെ പതിനഞ്ച് ദിവസത്തെ ഡേറ്റ് നൽകുകയായിരുന്നു ഇന്ദ്രൻസ്.
അഡ്വാൻസ് പോലും വേണ്ടെന്നും ഷൂട്ടിങ് കഴിഞ്ഞ് മതി എന്നും അദ്ദേഹം പറഞ്ഞതായി രാജസേനൻ പറഞ്ഞു. ‘വന്ന വഴിയെ ഒരിക്കലും മറക്കാത്ത, മനസിൽ നന്മയുള്ള മനുഷ്യനാണ് ഇന്ദ്രൻസ്,’ എന്നാണ് രാജസേനൻ പറഞ്ഞത്.
Content Highlight: Director Rajasenan about actor Indrans