മലയാളി പ്രേക്ഷകര്ക്കിടയിലടക്കം വലിയ രീതിയില് ചര്ച്ചയായ ചിത്രമായിരുന്നു മൊത രാത്രി. മലയാളിയായ അനിഷ്മ അനില്കുമാറും റിഷികാന്തും പ്രധാനവേഷത്തിലെക്കിയ ചിത്രം വലിയ താരനിരയോ ബജറ്റോ ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഹിറ്റായത്. തിരുനെല്വേലിയിലെ ഒരു ഗ്രാമത്തില് നടക്കുന്ന കല്യാണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ദിവസത്തെ സംഭവങ്ങളുമാണ് മൊത രാത്രിയുടെ കഥ.
മൊത രാത്രി. Photo: Book My Show
അരങ്ങേറ്റക്കാരനായ രാജാ കറുപ്പസാമിയാണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി സിനിമകളില് അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്ത്തിച്ച രാജ ആദ്യചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു.. ചിത്രത്തില് വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ നിതീഷായി വേഷമിട്ടതും രാജയാണ്. ഒ.ടി.ടി റിലീസിന് ശേഷം മലയാളികള്ക്കിടയിലും ചിത്രം ചര്ച്ചയായിരുന്നു. കോമഡി ഴോണറില് ഒരുക്കിയ ചിത്രത്തില് സമൂഹത്തില് നിലനില്ക്കുന്ന ചില അനാചാരങ്ങളെയും പുരുഷാധിപത്യത്തെയും വിമര്ശിച്ചിരുന്നു.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായകന്റെ അഭിമുഖങ്ങളും സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. മാഡ് എബൗട്ട് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില് സംസാരിക്കവെ താന് കരിയറില് ചെയ്യാന് ആഗ്രഹിക്കുന്ന ചിത്രങ്ങളെ കുറിച്ച് രാജാ കറുപ്പസ്വാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണും, സ്ഫടികവും അടക്കമുള്ള മലയാള ചിത്രങ്ങളെ പരാമര്ശിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
രാജാ കറുപ്പസ്വാമി കമല്ഹാസനൊപ്പം. Photo: X.com
‘ഞാന് ഏതൊക്കെ ചിത്രങ്ങള് ചെയ്താലും അത് മെയിന് സ്ട്രീം ഓഡിയന്സിന് വേണ്ടിയാണെന്ന് ഉറപ്പുവരുത്തണം. അല്ലാതെ ചെറിയ ഒരു വിഭാഗം ഒരു ഓഡിയന്സിന് വേണ്ടിയല്ല എനിക്ക് ചിത്രങ്ങള് ചെയ്യേണ്ടത്. തിയേറ്റര് വിടുമ്പോള് എല്ലാവരുടെയും മുഖത്ത് ഒരു ചിരിയുണ്ടാക്കുന്ന ചിത്രങ്ങള് മാത്രമല്ല, ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണ് പോലെയുള്ള ചിത്രങ്ങളും എനിക്ക് ചെയ്യണം. ഡൊറോത്തി പോലെ പ്രേക്ഷകരില് ഒരു ഇംപാക്ട് ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്.
ആട്ടം പോലെയൊരു ചിത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. മമ്മൂട്ടി സാറിന്റെ മതിലുകള് പോലെയൊരു ചിത്രം ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെ മോഹന്ലാല് സാറിന്റെ ഗുരു, തന്മാത്ര, സ്ഫടികം പോലെയുള്ള ചിത്രങ്ങളും രാജമാണിക്യവും പോലയുള്ള വ്യത്യസ്തമായ ചിത്രങ്ങള് ചെയ്യാന് എനിക്ക് ഇഷ്ടമാണ്. അതുപോലെ എന്ന് പറയുമ്പോള് എന്റേതായ രീതിയില് ചെയ്യണം എന്നാണ് ഞാന് ഉദ്ദേശിക്കുന്നത്,’ സംവിധായകന് പറഞ്ഞു.
Content Highlight: Director Raja Kruppaswamy talks about Malayalam films