| Saturday, 17th January 2026, 7:29 pm

പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ലിസ്റ്റില്‍ ഇനി പി.പി അജേഷും ഉണ്ടാകും; പൊന്‍മാന് പ്രശംസയുമായി ദി ഗേള്‍ ഫ്രണ്ടിന്റെ സംവിധായകന്‍

ഐറിന്‍ മരിയ ആന്റണി

2025ലെ മികച്ച ചിത്രമെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട സിനിമയായിരുന്നു ബേസില്‍ ജോസഫ് നായകനായെത്തിയ പൊന്‍മാന്‍. ജി. ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും ഒ.ടി.ടി റിലീസിന് ശേഷമാണ് വലിയ ജനശ്രദ്ധ പിടിച്ച് പറ്റിയത്.

Ponman/ Theatrical poster

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ അന്യഭാഷകകളില്‍ നിന്നും ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോള്‍ സിനിമയെ പ്രശംസിച്ച് കൊണ്ട് തെലുങ്ക് സംവിധായകന്‍ രാഹുല്‍ രവീന്ദ്രന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു മോഡേണ്‍ ക്ലാസിക്ക് സിനിമയാണ് പൊന്‍മാന്‍ എന്ന് രാഹുല്‍ പറയുന്നു.

രാഹുല്‍ രവീന്ദ്രന്റെ കുറിപ്പ് ഇങ്ങനെ

പൊന്‍മാന്‍… ജസ്റ്റ് വൗ. എനിക്ക് എവിടെ തുടങ്ങണമെന്നറിയില്ല. തുടങ്ങിയാല്‍ നിര്‍ത്താനും കഴിഞ്ഞേക്കില്ല. പൊന്‍മാന്‍ ശരിക്കുമൊരു മോഡേണ്‍ ക്ലാസിക്കാണ്. ജസ്റ്റ് വൗ. ഈ സിനിമ ഇതുവരെയും കണ്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ എത്രയും പെട്ടന്ന് തന്നെ കാണണം.

എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ലിസ്റ്റില്‍ ഇനി പി.പി അജേഷും ഉണ്ടാകും. ലോക സിനിമ എടുത്താല്‍ ഏറ്റവും മികച്ച 20 കഥാപാത്രങ്ങള്‍ക്കൊപ്പം, ഒരു പക്ഷേ പത്ത് കഥാപാത്രങ്ങള്‍ക്കൊപ്പം. സംവിധായകനും ബേസിലിനും മുഴുവന്‍ ടീമിനും എന്റെ അഭിന്ദനങ്ങള്‍. ഈ ദശാബ്ദത്തിലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്ന്,’ രാഹുല്‍ രവീന്ദ്രന്‍ കുറിച്ചു.

2025 ജനുവരി 30 തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പൊന്മാന്‍. മാര്‍ച്ച് 14നാണ് സിനിമ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രത്തില്‍ ബേസിന് പുറമെ ലിജോമോല്‍ ജോസ്, സജിന്‍ ഗോപു, ആനന്ദ് മന്‍മഥന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ജി.ആര്‍ ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റ് കൈകാര്യം ചെയ്തത് നിദിന്‍ രാജാണ്.

Content Highlight: Director Rahul Raveendran praises Basil joseph’s  movie Ponman

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more