| Sunday, 17th August 2025, 10:30 pm

പഞ്ചാബി ഹൗസിൽ അവരെ കാസ്റ്റ് ചെയ്തപ്പോൾ എതിർപ്പുണ്ടായി, തെറ്റായിരുന്നില്ലെന്ന് കാലം തെളിയിച്ചു: റാഫി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആരാധകരേറെയുള്ള കഥാപാത്രമാണ് പഞ്ചാബി ഹൗസിലെ രമണൻ. എത്ര കണ്ടാലും മടുക്കാത്ത കഥാപാത്രമാണത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ചിത്രത്തിലെ രമണന്റെ മീമുകൾ ട്രോളൻമാർ ഏറ്റെടുത്തു.

ചിത്രത്തിലെ ഡയലോ​ഗായ ‘ചപ്പാത്തി നഹീ.. ചോർ… ചോർ’ എന്ന ഡയലോ​ഗ് ഈയടുത്ത് വിദ്യാ ബാലൻ റീക്രിയേറ്റും ചെയ്തിരുന്നു. ഇപ്പോൾ രമണന്റെ കഥാപാത്രം ഹരിശ്രീ അശോകനിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ച റാഫി മെക്കാർട്ടിനിലെ റാഫി. മുമ്പ് വനിതക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരിന്നു റാഫി.

‘രമണൻ എന്ന് കേൾക്കുമ്പോഴേ ഏത് മലയാളിയുടെയും മനസിൽ ഹരിശ്രീ അശോകന്റെ മുഖമാണ് വരുന്നത്. രമണനിലേക്ക് അശോകൻ എത്തിച്ചേർന്നതാണ്. ആ കാലത്ത് ജഗതിചേട്ടനും ഇന്നസെൻ്റ് ചേട്ടനും ഇല്ലാതെ ഒരു കോമഡി സിനിമ പൂർണമാകില്ലായിരുന്നു. കൂടുതൽ ഡേറ്റുകൾ ആവശ്യമായി വന്നതോടെ അവരെ കിട്ടില്ലെന്നായി. അങ്ങനെ ഹരിശ്രീ അശോകനിലേക്കും കൊച്ചിൻ ഹനീഫിക്കയിലേക്കും എത്തി,’ റാഫി പറയുന്നു.

എന്നാൽ ഹരിശ്രീ അശോകനെയും കൊച്ചിൻ ഹനീഫയെയും കാസ്റ്റ് ചെയ്തപ്പോൾ ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നെന്നും പക്ഷേ, നിർമാതാക്കൾ തങ്ങൾക്കൊപ്പം ഉറച്ചു നിന്നുവെന്നും റാഫി പറയുന്നു. രമണനെ മിസ് കാസ്‌റ്റിങ് ആകരുതെന്ന ഒറ്റ കാര്യമേ അവർ ആവശ്യപ്പെട്ടുള്ളൂവെന്നും അത് അങ്ങനെ ആയിരുന്നില്ലെന്ന് കാലം തെളിയിച്ചുവെന്നും അദ്ദേഹം പറയുന്നു.

‘ഏത് സ്വപ്നലോകത്തിലും രമണൻ മുഴുകി പോകില്ല. എപ്പോഴും റിയാലിറ്റിയിൽ ഉറച്ചു നിൽക്കുന്ന ആളാണ്. എപ്പോഴും സംശയങ്ങൾ.. ഈ ഊമ എങ്ങനെ സംസാരിച്ചു എന്ന് ചോ ദിക്കും. രമണൻ പറയുന്നതിൽ മണ്ടത്തരം ഉണ്ടായിരിക്കും. പക്ഷേ, അതിൽ സത്യം ഒളിഞ്ഞുകിടപ്പുണ്ട്.അതായിരിക്കാം ട്രോളന്മാർക്ക് ഇഷ്‌ടപ്പെട്ടത് ‘ റാഫി പറയുന്നു.

Content Highlight: Director Raffi talking about Ramanan Character

We use cookies to give you the best possible experience. Learn more