ഇന്ത്യൻ സിനിമയിൽ ഭാഷാവ്യത്യാസമില്ലാതെ നിരവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് ഹിന്ദിയടക്കമുള്ള അന്യഭാഷ സിനിമാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
ഹേരാ ഫേരി, ഭൂൽ ഭുലയ്യ, ഭാഗം ഭാഗ്, ധോൽ, ഗരം മസാല തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലും വലിയ വിജയം സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോഴിതാ മലയാളി പ്രേക്ഷകരിൽ നിന്നും തികച്ചും വ്യത്യസ്തരാണ് ബോളിവുഡ് പ്രേക്ഷകരെന്ന് തുറന്ന് പറയുകയാണ് പ്രിയദർശൻ. മാതൃഭൂമി വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അവിടത്തെ വിജയഫോർമുലയെ ഒറ്റവാക്കുകൊണ്ട് അടയാളപ്പെടുത്താം എന്റർടെയ്ൻമെന്റ്,’ എന്നാണ് പ്രിയദർശൻ പറയുന്നത്. പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകളാണ് ബോളിവുഡിൽ എക്കാലത്തും ജനപ്രിയ ചിത്രങ്ങളായി മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിദ്യാഭ്യാസം, സാമൂഹികബോധം, ലോകസിനിമയെക്കുറിച്ചുള്ള അവബോധം എന്നിവ മുൻനിർത്തിയാണ് മലയാള സിനിമ പലപ്പോഴും വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മലയാളികളുടെ ആസ്വാദനബോധം മുൻനിർത്തി ഹിന്ദി സിനിമ ചെയ്യാൻ പോയാൽ, അവിടെ വിജയിക്കാൻ സാധിക്കില്ല. അവരുടെ ആസ്വാദന തലം വ്യത്യസ്തമാണ്. ഒരോ നാടിനും ആ നാടിന്റേതായ അഭിരുചികളുണ്ട്, അത് തിരിച്ചറിയുക എന്നതാണ് പ്രധാനം,’ പ്രിയദർശൻ പറഞ്ഞു.
ഭൂത് ബംഗ്ല., Photo: IMDb
ഉത്തരേന്ത്യയിലെ വലിയൊരു വിഭാഗം പ്രേക്ഷകർ സിനിമയെ സമീപിക്കുന്നത് “ടിക്കറ്റ് കാശ് വസൂലാകുന്നുണ്ടോ” എന്ന ചിന്തയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത് തമാശയോ, പ്രണയമോ, പ്രതികാരമോ, കണ്ണീരോ, കലാപമോ എന്തായാലും ഒടുവിൽ സിനിമ അവരെ രസിപ്പിക്കുന്നതാകണം എന്നതാണ് അവിടത്തെ പ്രധാന ഘടകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലോജിക്കുകൾക്ക് അവിടെ വലിയ പ്രാധാന്യമില്ല. കഥ പറഞ്ഞ് പ്രേക്ഷകരെ വിശ്വസിപ്പിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രധാന കാര്യം. അത് മനസിലാക്കിയതുകൊണ്ടുതന്നെയാകണം എനിക്ക് അവിടെ പിടിച്ചുനിൽക്കാൻ പറ്റിയത്,’ എന്നും പ്രിയദർശൻ വ്യക്തമാക്കി.
Content Highlight: Director Priyadarshan talks about the differences between Malayalam cinema and Hindi cinema