ഇന്ത്യന്‍ സിനിമയിലെയും മലയാളത്തിലെയും ഏറ്റവും പ്രിയപ്പെട്ട സംവിധായകരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ എപ്പോഴും ഇടം പിടിച്ചിട്ടുള്ള സംവിധായകനാണ് പ്രിയദര്‍ശന്‍. 1984 ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പ്രിയദര്‍ശന്‍ 1994 ല്‍ പുറത്തിറങ്ങിയ ഗാര്‍ദിഷിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു. താളവട്ടം, ചിത്രം, വെട്ടം, ചന്ദ്രലേഖ, കാലാപാനി, മിഥുനം തുടങ്ങി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങള്‍ പ്രിയദര്‍ശന്റെതാണ്.
പ്രിയദര്‍ശനും മോഹന്‍ലാലും ചന്ദ്രലേഖ ഷൂട്ടിനിടെ. Photo: The Indian Express
മേഘം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, വന്ദനം തുടങ്ങി മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത കഥാപശ്ചാത്തലത്തില്‍ ചിത്രങ്ങളൊരുക്കി വിജയിപ്പിക്കുന്നതില്‍ സംവിധായകന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. 1994 ല്‍ മോഹന്‍ലാലിനെയും ശോഭനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രം ഇതിന് ഉദാഹരണമാണ്. ശ്രീഹള്ളി എന്ന ഉള്‍ഗ്രാമത്തില്‍ മലയാളികള്‍ക്ക് സുപരിചിതമല്ലാത്ത പശ്ചാത്തലത്തില്‍ സെറ്റ് ചെയ്തിരിക്കുന്ന സിനിമ മൂന്ന് പതിറ്റാണ്ടിനു ശേഷവും ആദ്യമായി കാണുന്ന അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
ചിത്രത്തിന്റെ പ്ലോട്ട് ആദ്യമേ ലഭിച്ചിരുന്നുവെങ്കിലും ലൊക്കേഷനും അതിന്റെ ദൃശ്യഭംഗിയും കണ്ടതിന് ശേഷമാണ് കഥാപാത്രങ്ങളും കഥയും എഴുതിയതെന്ന് പ്രിയദര്‍ശന്‍ നേരത്തേ ക്യൂസ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗിരീഷ് കര്‍ണാടിന്റെ കാട് എന്ന സിനിമ കണ്ടപ്പോഴാണ് ഒരു ഗ്രാമത്തെക്കുറിച്ചുള്ള സ്വപ്‌നം തനിക്ക് വന്നതെന്നും അങ്ങനെയാണ് മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഒരു ഭാഷ സംസാരിക്കുന്ന സ്ഥലം നോക്കി താന്‍ പോയതെന്നും അദ്ദേഹം പറയുന്നു.
ശ്രീകൃഷണ ഹാലന ഹള്ളി എന്ന ഗ്രാമത്തെക്കുറിച്ചുള്ള കഥകള്‍ ഒരുപാട് എഴുതിയയാളുടെ പേരില്‍ നിന്നുമാണ് ശ്രീഹള്ളി എന്ന പേര് കിട്ടിയതെന്നും മറ്റുള്ള കഥാപാത്രങ്ങളുടെ പേരുകള്‍ കിട്ടിയത് ഇന്നസെന്റ് നടത്തിയ തീപ്പെട്ടി കമ്പനിയില്‍ നിന്നാണെന്നും പ്രിയദര്‍ശന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ഇന്നസെന്റ് പറയുന്ന കഥകളില്‍ നിന്നുമാണ് കാര്‍ത്തുമ്പി, മയിലപ്പ തുടങ്ങി ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ പേരുകള്‍ ലഭിച്ചതെന്നും ഈ പേരുകളിലെല്ലാം തന്നെ ഒരു ഫാന്റസി ഉണ്ടെന്നും ഇത് ആളുകളുടെ മുമ്പില്‍ ഒരു പുതിയ ലോകം സൃഷ്ടിക്കാന്‍ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തേന്മാവിന്‍കൊമ്പത്ത്. Photo: Comedy Korner Malayalam
ഒരു ചിത്രം ചെയ്യുമ്പോള്‍ അതില്‍ എന്റര്‍ടെയിന്‍മെന്റ് വാല്യൂ എപ്പോഴും മുന്നില്‍ കാണാറുണ്ടെന്നും തനിക്ക് അത്തരത്തിലുള്ള ചിത്രങ്ങള്‍ കാണാനാണ് ഇഷ്ടമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാലും കാര്‍ത്തുമ്പിയായി ശോഭനയുമെത്തിയ ചിത്രത്തിലെ ഗാനങ്ങളും ലേലു അല്ലു, മുത്തുഗൗ തുടങ്ങിയ ഡയലോഗുകളുമെല്ലാം ഇന്നും പ്രസക്തമാണ്. ചിത്രത്തില്‍ നെടുമുടി വേണു, ശ്രീനിവാസന്‍, കെ.പി.എ.സി ലളിത, കുതിരവട്ടം പപ്പു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.
Content Highlight: Director Priyadarshan talks about his movie locations
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ