| Sunday, 25th October 2026, 9:39 am

'നർമ്മത്തിലൂടെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത പ്രതിഭ’; സഞ്ജയനും കുഞ്ചൻ നമ്പ്യാരും വീണ്ടും ജനിച്ചതാണ് ശ്രീനിവാസൻ: പ്രിയദർശൻ

അജ്മല്‍ കെ

മലയാള സിനിമയിൽ ഒരുപാട് ഓർത്തുവെക്കാവുന്ന സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ശ്രീനിവാസനും പ്രിയദർശനും. ഇരുവരും ഒന്നിച്ചപ്പോൾ പിറന്നത് കോമഡിയും ചിന്തയുമെല്ലാം ഒരുപോലെ ചേർന്ന നിരവധി ചിത്രങ്ങളാണ്. ഓടരുതമ്മാവാ ആളറിയാം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ചന്ദ്രലേഖ തുടങ്ങി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന സിനിമകളിലൂടെ ആ കൂട്ടുകെട്ട് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തയിട്ടുണ്ട്.

ഇപ്പോഴിതാ നർമ്മത്തിലൂടെ ചിരിപ്പിക്കുക മാത്രമല്ല, അതേ നർമ്മത്തിലൂടെ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ശ്രീനിവാസനെന്ന് പറയുകയാണ് സംവിധായകൻ പ്രിയദർശൻ. മനുഷ്യജീവിതത്തെ ഇത്രയും ആഴത്തിൽ നിരീക്ഷിച്ച് നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ ശ്രീനിവാസന് പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും സഭ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

പ്രിയദർശൻ. Photo. Facebook.com

‘ശ്രീനി അദ്ദേഹത്തിന്റെ അനുഭവങ്ങളെല്ലാം പറയുന്നത് വളരെ തമാശരൂപത്തിലാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഒരു തമാശ പറഞ്ഞ് നമ്മൾ ചിരിക്കുന്നതിന് മുമ്പേ ചിരിക്കുന്ന ഒരേയൊരാൾ ശ്രീനിയാണ്. പക്ഷേ, അദ്ദേഹം പറയുന്ന കാര്യങ്ങൾ നമ്മൾ പിന്നീട് ഓർത്തോർത്ത് ചിരിക്കുന്ന സംഭവങ്ങളാണ്. നർമ്മം കലർത്തി നമ്മളെ കരയിപ്പിച്ച മറ്റൊരാളില്ല,’ പ്രിയദർശൻ പറഞ്ഞു.

ശ്രീനിവാസന്റെ ചിന്തകളുടെ പ്രത്യേകത പലപ്പോഴും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പ്രിയദർശൻ ഓർത്തെടുത്തു. അദ്ദേഹം എങ്ങനെയാണ് ഇത്ര വ്യത്യസ്തമായി ചിന്തിക്കുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞു.

ശ്രീനിവാസന്റെ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയുടെ പിറവിയെക്കുറിച്ചുള്ള ഓർമയും പ്രിയദർശൻ പങ്കുവെച്ചു. ഒരിക്കൽ ശ്രീനിവാസനോട് അടുത്ത സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു ഫിലോസഫിക്കൽ സിനിമയാണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു മറുപടി.

‘ഒരു മനുഷ്യന്റെ ജീവിതത്തിൽ നാലഞ്ച് ഘട്ടങ്ങളുണ്ട്. ബാല്യം, കൗമാരം, യുവത്വം, ദാമ്പത്യം, ഗൃഹസ്ഥാശ്രമം, സന്യാസം എന്നിങ്ങനെ. ഇതിനെക്കുറിച്ചുള്ള സിനിമയാണ് അടുത്തതായി ചെയ്യാൻ പോകുന്നതെന്ന് ശ്രീനി പറഞ്ഞു. എനിക്ക് അപ്പോൾ ഒന്നും മനസിലായില്ല. ഇതെങ്ങനെ സിനിമയാക്കുമെന്ന് ആലോചിച്ചു,’ പ്രിയദർശൻ പറഞ്ഞു.

എന്നാൽ ആ ആശയമാണ് പിന്നീട് ‘ചിന്താവിഷ്ടയായ ശ്യാമള’യായി പ്രേക്ഷകരിലേക്ക് എത്തിയതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജീവിതത്തിൽ ഒരു കാര്യം പൂർണമായി മനസിലാക്കുകയോ പൂർത്തിയാക്കുകയോ ചെയ്യുന്നതിനു മുമ്പ് അടുത്തതിലേക്ക് എടുത്തുചാടുന്ന മനുഷ്യരുടെ സ്വഭാവത്തെ ശ്രീനിവാസൻ ആ സിനിമയിലൂടെ അവതരിപ്പിച്ചു. സാധാരണ ജീവിതത്തിൽ കാണുന്ന ഇത്തരം കാര്യങ്ങളെ നിരീക്ഷിച്ച് അതിൽനിന്ന് കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് സിനിമയെ വ്യത്യസ്തമാക്കിയതെന്നും പ്രിയദർശൻ പറഞ്ഞു.

‘ലോകസിനിമയിൽ ഇത്രയധികം ചിരിപ്പിച്ചുകൊണ്ട് ഒരു ഫിലോസഫി പറഞ്ഞുതരുന്ന സിനിമ ഞാൻ കണ്ടിട്ടില്ല. ഒരു മനുഷ്യനെ ശരിക്കും ഡിസെക്ട് ചെയ്ത് കാണിക്കുകയാണ് ശ്രീനി. ഒരു മലയാളി മനുഷ്യൻ എങ്ങനെയാണെന്ന് അദ്ദേഹം അതിലൂടെ കാണിച്ചുതരുന്നു,’ പ്രിയദർശൻ പറഞ്ഞു.

ശ്രീനിവാസൻ. Photo. Screen Grab/ Youtube

നർമ്മത്തിന്റെ മറവിൽ മനുഷ്യജീവിതത്തെയും സ്വഭാവങ്ങളെയും ആഴത്തിൽ അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിനെക്കുറിച്ച് സംസാരിക്കുമ്പോൾ, കുഞ്ചൻ നമ്പ്യാരെയും സഞ്ജയനെയും ഓർമിക്കാതിരിക്കാനാവില്ലെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

‘സഞ്ജയനും കുഞ്ചൻ നമ്പ്യാരും വീണ്ടും ജനിച്ചതാണ് ശ്രീനിവാസൻ,’ എന്നായിരുന്നു അദ്ദേഹം ശ്രീനിവാസനെ കുറിച്ച് പറഞ്ഞത്.

Content Highlight: Director Priyadarshan now states that Sreenivasan was a writer who, through humor, not only made the audience laugh but also prompted them to think and even brought them to tears

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more