ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ച ചിത്രമാണ് ആദിത്യ ധര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ്ങ് നായകനായ ധുരന്ധര്‍. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രമായിരുന്നിട്ടും തിയേറ്ററുകളില്‍ നിന്നും 1200 കോടിയിലധികം രൂപ കളക്ഷന്‍ നേടി മുന്നേറുകയാണ് ചിത്രം. പാകിസ്താനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറയുന്ന ചിത്രം ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന വിലക്ക് മറികടന്നാണ് ഈ നേട്ടത്തിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.
രണ്‍വീര്‍ സിങ്ങ് . Photo: NewsX
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ രാജ്യം ചര്‍ച്ച ചെയ്ത പേരാണ് സംവിധായകന്‍ ആദിത്യ ധറിന്റെത്. ഇപ്പോഴിതാ ഇദ്ദേഹത്തിന്റെ നേട്ടത്തില്‍ സന്തോഷമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യ കണ്ട മികച്ച സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍.
തന്റെ പഴയ സിനിമയുടെ സെറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദിത്യ ധറിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കിലൂടെ സന്തോഷം പുറംലോകത്തെ അറിയിക്കുന്നത്.
‘നമ്മുടെ ശിഷ്യരായിരുന്നവര്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച് വിജയത്തിലെത്തുന്നത് നേരില്‍ കാണുന്നതിലുപരി മറ്റൊരു സന്തോഷവുമില്ല. ധുരന്ധറിന്റെ വിജയത്തില്‍ ആദിത്യ ധറിന് എല്ലാ വിധ അഭിനന്ദനങ്ങളും, വരാനിരിക്കുന്ന ധുരന്ധര്‍ 2 വിന് എന്റെ എല്ലാ വിധ ആശംസകളും’ പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2019 ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ സംവിധാന സംരഭമായ ഉറി; ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സംവിധായകനാണ് ആദിത്യ ധര്‍. ഇതിന് മുമ്പ് ഇരുപത് വര്‍ഷത്തോളം സിനിമയില്‍ പല റോളുകളിലായി പ്രവര്‍ത്തിച്ച ആദിത്യ ധര്‍ പ്രിയദര്‍ശന്‍, വിധു വിനോദ് ചോപ്ര, വിഷാല്‍ ഭരദ്വാജ് തുടങ്ങിയവരുടെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആദിത്യ ധര്‍. Photo: Bioglance
പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളായ 2010 ല്‍ പുറത്തിറങ്ങിയ ആക്രോഷ്, 2012 ല്‍ പുറത്തിറങ്ങിയ തേസ് തുടങ്ങിയ ചിത്രങ്ങളില്‍ ആദിത്യ ധര്‍ ഡയലോഗ് റൈറ്റര്‍ ആയിട്ടും അസിസ്റ്റന്റ് ഡയറക്ടറായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറെ വിവാദങ്ങള്‍ക്കിടയായ ചിത്രങ്ങളായ ആര്‍ട്ടിക്കള്‍ 360 യിലും ബാരമുള്ളയിലും സഹ എഴുത്തുകാരനായും ധര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlight: Director Priyadarshan congratulates his disciple Adithya dhar for his movie dhurandhar