മലയാളത്തിലെ നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് പ്രിദയര്‍ശന്‍. പതിറ്റാണ്ടുകളായി സിനിമയില്‍ സജീവമായ അദ്ദേഹം നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സിനിമകളുടെ നട്ടെല്ല് എന്നത് കൃത്യമായ തിരക്കഥകളാണ്.
ഇപ്പോഴിതാ, സമീപകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തരംഗമായി മാറിയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തെക്കുറിച്ചും സ്വന്തം തിരക്കഥാ ശൈലിയെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് പ്രിയദര്‍ശന്‍.
മഞ്ഞുമ്മല്‍ ബോയ്സ് പോലൊരു കഥ താനായിരുന്നു ആദ്യം കേട്ടിരുന്നതെങ്കില്‍ ഒരിക്കലും സിനിമയാക്കില്ലായിരുന്നു എന്നാണ് അദ്ദേഹം ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ആ സിനിമയുടെ വിജയത്തിന് പിന്നിലെ തിരക്കഥാ മാജിക്കിനെക്കുറിച്ചും പ്രിയദര്‍ശന്‍ സംസാരിക്കുന്നുണ്ട്.
‘മഞ്ഞുമ്മല്‍ ബോയ്സ് പോലൊരു സിനിമയുടെ കഥ ഞാനായിരുന്നു കേട്ടതെങ്കില്‍ ഒരിക്കലും സിനിമയെടുക്കുമായിരുന്നില്ല. അതിന് ചില കാരണങ്ങളുണ്ട്. ഈ സിനിമയുടെ ബ്യൂട്ടി എന്തായിരുന്നു എന്ന് വെച്ചാല്‍ ഫ്രണ്ട്ഷിപ്പില്‍ ഒരാളെ നഷ്ടപ്പെടുന്നു എന്നത് ഓക്കെ, അതുവരെ നോര്‍മല്‍ ആണ്. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ അയാളെ രക്ഷിക്കണമെന്ന് ഓഡിയന്‍സിന് തോന്നിക്കുന്ന ഒരു ഇന്‍ട്രസ്റ്റ് അതില്‍ ഉണ്ടാക്കിയെടുത്തു എന്നതാണ്. അവനെ എങ്ങനെ രക്ഷിക്കും. അതായിരുന്നു ആ സ്‌ക്രീന്‍പ്ലേയുടെ ഹുക്ക്, പ്രിയദര്‍ശന്‍ പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ നിന്നുള്ള രംഗം Photo: Facebook
തന്റെ പരാജയങ്ങളെയും സിനിമയിലെ ഏറ്റവും കഠിനമായ ഭാഗത്തെയും കുറിച്ച് വളരെ രസകരമായാണ് അദ്ദേഹം സംസാരിച്ചത്.
‘ഞാന്‍ തിരക്കഥയില്‍ വിശ്വസിക്കുന്ന ആളാണ്.എല്ലാ പടങ്ങളും എഴുതിയിട്ട് അത് ഹിറ്റായി കഴിയുമ്പോള്‍ ഞാന്‍ പറയും ഇപ്പോ ടെക്നിക് പിടികിട്ടി എന്ന്. എന്നാല്‍ അടുത്ത പടം പൊട്ടും. അപ്പോള്‍ മനസിലാവും ഇത് പിടികിട്ടിയിട്ടില്ല എന്ന്. ഇപ്പോഴും ഒരു സിനിമയിലെ ഏറ്റവും പെയിന്‍ഫുള്‍ ആയിട്ടുള്ള പാര്‍ട്ട് എന്നത് തിരക്കഥ തന്നെയാണ്. അതാണ് ഏറ്റവും പ്രധാനം. അത് സ്ട്രോങ് ആവണം.’ പ്രിയദര്‍ശന്‍ പറഞ്ഞു.
ഒരു സിനിമയുടെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് ഷൂട്ടിങ് രീതിയേക്കാള്‍ അതിന്റെ തിരക്കഥയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
‘ഒരു മോശം സ്‌ക്രീന്‍ പ്ലേ നമ്മള്‍ എത്ര നന്നായി ഷൂട്ട് ചെയ്താലും വര്‍ക്ക് ഔട്ട് ആവില്ല. പക്ഷേ ഒരു നല്ല തിരക്കഥ എത്ര മോശമായി ഷൂട്ട് ചെയ്താലും വര്‍ക്കാവും. കഥപറച്ചില്‍ എന്ന് പറയുന്നത് അതിനെയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ സിനിമകളില്‍ തിരക്കഥ തയ്യാറാക്കുമ്പോള്‍ താന്‍ പിന്തുടരുന്ന ചില രീതികളെക്കുറിച്ചും പ്രിയദര്‍ശന്‍ പങ്കുവെച്ചു. എന്നാല്‍ ഈ രീതിക്ക് ഒരു മറുവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ നിന്നുള്ള രംഗം Photo: Facebook
‘സ്‌ക്രീന്‍ പ്ലേയുടെ കാര്യത്തില്‍ ഞാന്‍ എടുക്കുന്ന ഒരു അപ്രോച്ച് ഒരു സീന്‍ അടുത്ത സീനിനെ ഗ്രോ ചെയ്യിപ്പിക്കുന്നുണ്ടോ (എന്നതാണ്). രണ്ടാമത്തേത് ഒരു സീന്‍, ആ സീന്‍ ഇല്ലെങ്കില്‍ ഈ സിനിമയ്ക്ക് എന്ത് സംഭവിക്കുമെന്നതാണ്. ഒന്നും സംഭവിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് അങ്ങനെ ഒരു സീന്‍ എന്ന് ആലോചിക്കും.
പക്ഷേ എനിക്ക് അബദ്ധം പറ്റാറുള്ളത്, ഇങ്ങനെ ലിങ്ക് ചെയ്ത് എടുക്കുമ്പോള്‍ പിന്നെ ഒന്നും കട്ട് ചെയ്യാന്‍ പറ്റില്ല എന്നതാണ്. എല്ലാത്തിലും എന്തെങ്കിലും കണക്ഷന്‍ വരും. അതൊരു അപകടകരമായ സാഹചര്യമാണ്.
ഒരു ചെറിയ ത്രെഡിനെ ഒരു ഇന്‍സിഡന്‍സിലൂടെ കൊണ്ടുപോകും എന്നതാണ് ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള സ്‌ക്രീന്‍ പ്ലേ. ഡ്രമാറ്റിക് ആയിട്ടുള്ള കഥയാണെങ്കില്‍ അത് പറഞ്ഞുപോയാല്‍ മതി. ഒരു ഹുക്ക് നമുക്ക് ഉണ്ടായിരിക്കണം.’ പ്രിയദര്‍ശന്‍ പറഞ്ഞു.
Content Highlight: Director priyadarshan about manjummel Boys Movie