| Tuesday, 9th September 2025, 9:24 pm

96ന്റെ രണ്ടാം ഭാഗം വൈകും, ഫഹദിനെ നായകനാക്കി ആക്ഷന്‍ ത്രില്ലര്‍ ഒരുക്കാന്‍ പ്രേം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യസിനിമയിലൂടെ തന്റെ റേഞ്ച് സിനിമാലോകത്തിന് വ്യക്തമാക്കിയ സംവിധായകനാണ് പ്രേം കുമാര്‍. നഷ്ടപ്രണയത്തിന്റെ വേദനകള്‍ തിരശ്ശീലയില്‍ കാണിച്ച 96 എന്ന ചിത്രം വന്‍ വിജയമായി മാറി. പിന്നീട് എട്ടുവര്‍ഷത്തോളം ഇടവേളയെടുത്ത ശേഷമാണ് പ്രേം തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കിയത്. നൊസ്റ്റാള്‍ജിയയുടെ എക്‌സ്ട്രീമിലെത്തിച്ച മെയ്യഴകനും പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം സ്വന്തമാക്കി.

രണ്ട് സിനിമകള്‍ക്കും ശേഷം പ്രേം കുമാര്‍ 96ന്റെ രണ്ടാം ഭാഗവും പിന്നീട് ചിയാന്‍ വിക്രമിനെ നായകനാക്കിയുള്ള സിനിമയും ചെയ്യുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2025 അവസാനം ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നായിരുന്നു അറിയാന്‍ സാധിച്ചത്. എന്നാല്‍ വിക്രമുമായുള്ള പ്രൊജക്ട് വൈകിയേക്കുമെന്ന് പറയുകയാണ് പ്രേം കുമാര്‍. ഗോപിനാഥിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘ഞാന്‍ ഇനി ചെയ്യാന്‍ പോകുന്ന സിനിമ ഫഹദിനൊപ്പമാണ്. ഒരു ആക്ഷന്‍ സിനിമയാണ് ഇത്. മുമ്പ് ചെയ്ത സിനിമകളെപ്പോലെ ഇമോഷന് പ്രാധാന്യം കൊടുക്കുന്ന സിനിമ തന്നെയായിരിക്കും ഇതും. അതിന്റെ കൂടെ ആക്ഷനും ത്രില്ലര്‍ എലമെന്റുകളും ഉണ്ടെന്ന് മാത്രം. ആദ്യത്തെ 45 മിനിറ്റിന്റെ കഥ പറഞ്ഞപ്പോള്‍ ഫഹദിന് ഇഷ്ടമായി.

ബാക്കി കഥ സ്‌ക്രിപ്റ്റാക്കുകയാണ്. തമിഴില്‍ തന്നെയാണ് സിനിമ ചെയ്യുന്നത്. ആദ്യത്തെ രണ്ട് സിനിമയും സോഫ്റ്റായിട്ടുള്ള കഥ ചെയ്തിട്ട് ഇനി ആക്ഷന്‍ ത്രില്ലര്‍ ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം തോന്നാന്‍ സാധ്യതയുണ്ട്. സത്യം പറഞ്ഞാല്‍ നാല് വര്‍ഷം മുമ്പ് മനസില്‍ വന്ന കഥയാണിത്. അന്നേ പലരോടും ഈ ഐഡിയ പങ്കുവെച്ചിരുന്നു.

‘നീ സോഫ്റ്റ് സിനിമ ചെയ്യുന്ന ആളാണെന്നാണ് പലരും വിചാരിച്ച് വെച്ചിരിക്കുന്നത്. നാലഞ്ച് സിനിമ ചെയ്തിട്ട് ഈ കഥ ചെയ്താല്‍ മതി’ എന്നായിരുന്നു അന്ന് കഥ കേട്ടവരെല്ലാം എന്നോട് പറഞ്ഞത്. പക്ഷേ, എന്നെക്കുറിച്ച് മറ്റുള്ളവര്‍ക്കുള്ള ധാരണ മാറ്റണം എന്ന ചിന്തയിലാണ് ഇപ്പോള്‍ ഈ സിനിമക്കായി ഇറങ്ങിയത്,’ പ്രേം കുമാര്‍ പറയുന്നു.

നിലവില്‍ മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിലാണ് ഫഹദ് ഫാസില്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം കുഞ്ചാക്കോ ബോബനും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന കരാട്ടേ ചന്ദ്രനും ഫഹദിന്റെ ലൈനപ്പിലുണ്ട്.

Content Highlight: Director Prem Kumar saying he’ll next collaborating Fahadh Faasil in an Action thriller

We use cookies to give you the best possible experience. Learn more