| Thursday, 25th September 2025, 8:27 am

അന്താരാഷ്ടതലത്തില്‍ അംഗീകാരം കിട്ടിയ സിനിമയെ റിവ്യൂവര്‍മാര്‍ വലിച്ചുകീറി നശിപ്പിച്ചു, കലയോടുള്ള ദ്രോഹമാണത്: പ്രേം കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലെ റിവ്യൂവര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ പ്രേം കുമാര്‍. സാധാരണപ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമാകാത്തത് അത്ര കുഴപ്പമില്ലാത്ത കാര്യമാണെന്നും എന്നാല്‍ റിവ്യൂവര്‍മാര്‍ പ്രത്യേക ഉദ്ദേശത്തോടെയാണ് സിനിമകള്‍ റിവ്യൂ ചെയ്യുന്നതെന്നും പ്രേം കുമാര്‍ പറഞ്ഞു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം റിവ്യൂവിന് സാധിക്കുമെന്നും പ്രേം കുമാര്‍ പറയുന്നു.

കൊട്ടുക്കാളി എന്നൊരു സിനിമ കഴിഞ്ഞവര്‍ഷം റിലീസായി. ഒരുപാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണത്. അവിടെയെല്ലാം ആ സിനിമ കണ്ടവര്‍ അതിനെ വാനോളം പ്രശംസിച്ചു. പക്ഷേ, തമിഴ്‌നാട്ടില്‍ റിലീസായപ്പോള്‍ പ്രതീക്ഷിച്ച സ്വീകരണമല്ലായിരുന്നു ലഭിച്ചത്. സിനിമ പോര എന്നായിരുന്നു ഭൂരിഭാഗം പേരും പറഞ്ഞത്.

അതിന് പ്രധാന കാരണം റിവ്യൂവര്‍മാരാണ്. അവരുടെ റിവ്യൂവിലെല്ലാം ഈ പടം മോശമാണ്, ആരും കാണരുത് എന്നൊക്കെയായിരുന്നു പറഞ്ഞത്. മാസ് സിനിമയെ സമീപിക്കുന്ന രീതിയിലായിരുന്നു അവര്‍ കൊട്ടുക്കാളിയ സമീപിച്ചത്. അവര്‍ പ്രതീക്ഷിച്ച കാര്യം കിട്ടാത്തതുകൊണ്ട് മോശം സിനിമയെന്ന് പറഞ്ഞു പരത്തി. അത്രയും നല്ലൊരു സിനിമയെ നശിപ്പിച്ചതില്‍ റിവ്യൂവര്‍മാര്‍ക്ക് വലിയ പങ്കുണ്ട്,’ പ്രേം കുമാര്‍ പറയുന്നു.

പൈറസിയെക്കാള്‍ വലിയ ഭീഷണിയാണ് റിവ്യൂവര്‍മാരെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പറഞ്ഞ് സിനിമയെ നശിപ്പിക്കുക എന്നതാണ് ചിലരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമയെ അത്തരത്തില്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും തനിക്ക് അതില്‍ വിഷമമില്ലെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പണ്ട് സിനിമാക്കാരുടെ ഏറ്റവും വലിയ പേടി വ്യാജ സി.ഡിയായിരുന്നെങ്കില്‍ ഇന്ന് അത് ഇത്തരത്തിലുള്ള നെഗറ്റീവ് റിവ്യൂവര്‍മാരാണ്. അവരെ ഞാന്‍ റിവ്യൂവര്‍മാരെന്ന് പറയാന്‍ പോലും ആഗ്രഹിക്കുന്നില്ല. ഒരിക്കലും അവരെ തടയനാകില്ല. റിവ്യൂവിലൂടെ വരുമാനമുണ്ടാക്കുകയാണ് അവരെല്ലാം. അവര്‍ നെഗറ്റീവ് പറഞ്ഞ സിനിമകളെല്ലാം ഒ.ടി.ടിയില്‍ മികച്ച പ്രതികരണം നേടുന്നുണ്ട്.

റിലീസ് ചെയ്ത ദിവസം നെഗറ്റീവ് പറഞ്ഞ അതേ സിനിമയെ അതേ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളുടെ ലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെടുത്തുന്നത് കാണാറുണ്ട്. എന്തൊക്കെയോ മാനസിക പ്രശ്‌നങ്ങളാണ് പല റിവ്യൂവര്‍മാര്‍ക്കും. അടുത്ത സിനിമ റിലീസാകുമ്പോള്‍ എന്നെ അവര്‍ പ്രത്യേകം ടാര്‍ഗറ്റ് ചെയ്‌തേക്കാം. പക്ഷേ, എനിക്ക് പേടിയില്ല,’ പ്രേം കുമാര്‍ പറയുന്നു.

Content Highlight: Director Prem Kumar blames reviewers for the failure of Kottukaali movie

We use cookies to give you the best possible experience. Learn more