| Tuesday, 16th December 2025, 8:42 am

അടുത്ത വീട്ടിലെ പയ്യനെ പോലെയാണ് 'ഫാര്‍മ'യില്‍ നിവിന്‍; അത്തരം ടാഗുകള്‍ താരത്തിന് ബാധ്യതയാണ്: പി. ആര്‍. അരുണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളി പ്രധാനവേഷത്തിലെത്തുന്ന ആദ്യ വെബ് സീരീസാണ് ഫാര്‍മ. മെഡിക്കല്‍  റെപ്രസന്റേറ്റീവിന്റെ ജീവിത കഥ പറയുന്ന സീരീസില്‍ കെ.പി. വിനോദ് എന്ന കഥാപാത്രമായാണ് നിവിന്‍ എത്തുന്നത്. രജിഷ വിജയന്‍ നായികയായെത്തിയ ഫൈനല്‍സ് സംവിധാനം ചെയ്ത പി. ആര്‍. അരുണാണ് ഫാര്‍മ സംവിധാനം ചെയ്യുന്നത്.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ നിവിന്‍ പോളിയെ കുറിച്ചും ഫാര്‍മ സീരിസിന്റെ വിശേഷങ്ങളും പങ്കുവെക്കുകയാണ് പി.ആര്‍ അരുണ്‍. ഫാര്‍മ ഒരു ഇമോഷണല്‍ ഡ്രാമയാണെന്നും കെ.പി വിനോദിന്റെ ജീവിതയാത്രയാണ് ഫാര്‍മയെന്നും അദ്ദേഹം പറയുന്നു.

‘അടുത്ത വീട്ടിലെ പയ്യനായിട്ട് നമുക്ക് തോന്നുന്ന കഥാപാത്രമാണ് ഫാര്‍മയിലെ നിവിന്‍ പോളി. പക്ഷേ വ്യക്തിപരമായി എനിക്ക് നിവിനെ അങ്ങനെ മാത്രം കാണാന്‍ അല്ല ഇഷ്ടം. എല്ലാ റോളുകളും ചെയ്ത് കാണാന്‍ ഇഷ്ടമാണ്. തുറമുഖത്തില്‍ നിവിന്‍ അവതരിപ്പിച്ച കഥാപാത്രം ബോയ് നെക്‌സ്റ്റ് ഡോര്‍ അല്ല. എന്നാല്‍ എനിക്ക് തുറമുഖത്തിലെ നിവിന്റെ ക്യാരക്ടര്‍ നല്ല ഇഷ്ടമായിരുന്നു.

ഒരു ജനപ്രിയ നാകന്‍ എപ്പോഴും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട തരത്തിലുള്ള റോളുകള്‍ മാത്രം ചെയ്ത് കൊണ്ടിരിക്കുക എന്നുള്ളത് നല്ല ബോറഡിയുള്ള പരിപാടിയാണ്. നിവിന്‍ കോണ്‍ഷ്യസായി എടുത്ത തീരുമാനമാണ്, ഏറ്റവും ജനപ്രീതിയുടെ മുകളില്‍ നില്‍ക്കുമ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാമെന്നത്,’ പി.ആര്‍ അരുണ്‍ പറയുന്നു.

അങ്ങനെയുള്ള അഭിനേതാക്കാളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും പഴയ മോന്‍ലാല്‍ പഴയ നിവിന്‍ എന്നുള്ള ടാഗുകളില്‍ പെട്ട് പോകുന്നത് താരത്തിന്റെ ബാധ്യതയാണെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. നിവിന്‍ സ്വയം തിരിച്ചറിഞ്ഞ് ബാധ്യത പൊട്ടിച്ചെറിഞ്ഞിട്ടുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂവി മില്‍സിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന സീരീസില്‍ നിവിന്‍ പോളിക്ക് പുറമെ രജിത് കപൂര്‍, ബിനു പപ്പു, നരേന്‍, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, മുത്തുമണി, ആലേഖ് കപൂര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീരീസ് ഡിസംബര്‍ 19ന് ജിയോ ഹോട്ട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.

Content Highlight: Director PR Arun talks about the pharma web series starring Nivin Pauly

We use cookies to give you the best possible experience. Learn more