| Thursday, 25th June 2026, 4:55 pm

ഐ നോബഡി ഒരു ത്രില്ലറല്ല, ഡ്രാമയാണ്, രാജീവന്റെയും മീരയുടെയും കൂടെ സഞ്ചരിക്കുന്ന സിനിമയാണ്‌: നിസാം ബഷീര്‍

അശ്വിന്‍ രാജേന്ദ്രന്‍

2019ല്‍ പുറത്തിറങ്ങിയ ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നിസാം ബഷീര്‍. തന്റെ കരിയറിലെ ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നിസാം രണ്ടാമത്തെ ചിത്രം അണിയിച്ചൊരുക്കിയത് സൂപ്പര്‍ താരം മമ്മൂട്ടിയെ നായകനാക്കി കൊണ്ടായിരുന്നു. മമ്മൂട്ടിക്കമ്പിനിയുടെ നിര്‍മാണത്തില്‍ അണിയിച്ചൊരുക്കിയ ചിത്രം മിസ്റ്ററി ത്രില്ലറില്‍ ഴോണറില്‍ കഥ പറഞ്ഞ് സിനിമാ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയായിരുന്നു. ആദ്യ രണ്ട് ചിത്രങ്ങളിലെ നിലവാരം തന്റെ മൂന്നാമത്തെ ചിത്രത്തിലും പുലര്‍ത്തി ഹിറ്റടിക്കാനുള്ള ഒരുക്കത്തിലാണ് നിസാം ബഷീര്‍.

ഐ നോബഡി. Photo: X.com

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ഐ നോബഡിയാണ് നിസാമിന്റേതായി തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. ഐ നോബഡിയുടെ ട്രെയ്‌ലറുകളും ടീസറുകളും ഇതിനോടകം പുറത്തുവന്നിരുന്നെങ്കിലും ചിത്രത്തിന്റെ ഴോണര്‍ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം പ്രേക്ഷകര്‍ക്കിടയിലുണ്ടായിരുന്നു. എന്താണ് ചിത്രത്തിന്റെ ഴോണറെന്ന് പിടിതരാത്ത രീതിയിലായിരുന്നു അപ്‌ഡേറ്റുകള്‍ പുറത്തുവിട്ടത്.

എന്നാല്‍ ചിത്രത്തെ ഒരു പ്രത്യേക ഴോണറില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും ഓരോ അഞ്ച് മിനുട്ടിലും ചിത്രത്തിന്റെ ഴോണര്‍ മാറുന്നുണ്ടെന്നുമായിരുന്നു പൃഥ്വിരാജ് ഒരു ചടങ്ങിനിടെ പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘അടിസ്ഥാനപരമായി ഇതൊരു ഫാമിലി ഡ്രാമയാണ്. പക്ഷേ ഇതില്‍ ഒരുപാട് എലമെന്റ്‌സ് ഉണ്ട് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ത്രില്ലിങ് എലമെന്റ്‌സ് ഉണ്ടങ്കിലും ഞാനിതിനെ ത്രില്ലര്‍ എന്ന് വിളിക്കില്ല. ചിത്രത്തില്‍ ഹെയിസ്റ്റും, കാര്‍ ചേസുമെല്ലാം ഉണ്ടെങ്കിലും ഇത് ബേസിക്കലി രാജീവന്റെയും മീരയുടെയും കൂടെ സഞ്ചരിക്കുന്ന സിനിമയാണ്. അവരുടെ ജീവിതത്തിലെ ഒരു അസാധാരണ സാഹചര്യത്തിലൂടെ പോകുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് പറയുന്ന സിനിമയാണിത്. അതുകൊണ്ട് തന്നെ ഇതൊരു ത്രില്ലറല്ല, ഡ്രാമയാണ്.

ഐ നോബഡി. Photo: District

ഇത് ലൈംലൈറ്റില്‍ പെടാത്തവരെ കുറിച്ചുള്ള കഥയാണ്. നമ്മള്‍ ഒരു ബസിലോ ട്രെയിനിലോ പോകുമ്പോള്‍ കാണുന്ന അനേകം പേരില്‍ ഒരാളുടെ സിനിമയാണ്. രാജു പറഞ്ഞതുപോലെ നമ്മള്‍ തൊട്ടപ്പുറത്ത് താമസിക്കുന്ന ഒരാളെ പരിചയമില്ലാത്ത സിറ്റുവേഷനുണ്ടാകും. അങ്ങനെ ഒരാളെ കുറിച്ചുള്ള ഒരു കഥയാണ് സിനിമ,’ നിസാം പറഞ്ഞു.

Content Highlight: Director Nissam Basheer talks about his new movie I Nobody

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more