| Tuesday, 14th July 2026, 12:27 pm

ലിഫ്റ്റ് ഫൈറ്റും ബസ് ഫൈറ്റും ഓര്‍ഗാനിക്കായി സംഭവിച്ചതാണ്; സെക്രട്ടറിയേറ്റിലെ പെര്‍മിഷന്‍ കിട്ടാന്‍ വലിയ പാടായിരുന്നു: നിസാം ബഷീര്‍

ആര്യ.പി

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘ഐ, നോബഡി’യുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ചിത്രത്തിലെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും വേറിട്ട കൊറിയോഗ്രാഫിയും തന്നെയായിരുന്നു.

ഒരു ഫാമിലി-സൈക്കോളജിക്കല്‍ ഡ്രാമ എന്ന നിലയില്‍ തുടങ്ങി, സെക്കന്‍ഡ് ഹാഫിലേക്ക് കടക്കുമ്പോള്‍ ചിത്രം ഒരു ക്രൈം ആക്ഷന്‍ ത്രില്ലര്‍-പൊളിറ്റിക്കല്‍ സറ്റയര്‍ മൂഡിലേക്ക് മാറുന്നുണ്ട്. ഈ മാറ്റത്തിന് ഏറ്റവും കൂടുതല്‍ കരുത്ത് പകരുന്നത് സിനിമയിലെ ഫൈറ്റ് സീനുകളാണ്.

സാധാരണ മാസ് ആക്ഷന്‍ രംഗങ്ങള്‍ക്ക് പകരം, വളരെ റിയലിസ്റ്റിക് ആയ, അതേസമയം പ്രേക്ഷകര്‍ക്ക് പുതുമ സമ്മാനിക്കുന്ന രീതിയിലാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേവലം സ്റ്റണ്ടുകള്‍ എന്നതിലുപരി, കഥ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഈ ആക്ഷന്‍ രംഗങ്ങള്‍ക്ക് വലിയ പങ്കുണ്ട്. രാജീവന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദങ്ങളും അവന്റെ നിരാശയും ദേഷ്യവുമെല്ലാം ഫൈറ്റ് സീനുകളില്‍ കൃത്യമായി പ്രതിഫലിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

സിനിമയിലെ ലിഫ്റ്റ് ഫൈറ്റിനെ കുറിച്ചും ബസ് ഫൈറ്റിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ നിസാം ബഷീര്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍. ഏത് രീതിയിലാണ് ആക്ഷന്‍ കൊറിയോഗ്രഫി പ്ലാന്‍ ചെയ്തത് എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘മനപ്പൂര്‍വം തന്നെ അങ്ങനെ സെറ്റ് ചെയ്തതാണ്. ഇത് എവിടെയൊക്കെയാണ് സംഭവിക്കുന്നത് എന്നുള്ള കൊറിയോ സെറ്റ് ചെയ്തത് സമീര്‍ ആണ്. സെക്യൂരിറ്റി ആയിട്ടുള്ള ഫൈറ്റ് ലിഫ്റ്റിലാണ് സംഭവിക്കുന്നത്. അത് ഓര്‍ഗാനിക് ആയിട്ട് വന്നതാണ്.

സെക്കന്‍ഡ് ഹാഫിലേക്ക് വരുമ്പോള്‍ ബസില്‍ ഉള്ളതും ഈ പറയുന്ന രീതിയില്‍ തന്നെയാണ്. നമ്മള്‍ ആദ്യമേ സെറ്റ് ചെയ്തു വെച്ചിരുന്നു. ജോസ് എന്ന് പറയുന്ന ക്യാരക്ടറും ഇതില്‍ പുള്ളി ഒരു സിറ്റിയിലൂടെ ഓടുന്ന ആളെ എങ്ങനെ കിഡ്‌നാപ്പ് ചെയ്തു കൊണ്ടുപോയി അയാളില്‍ നിന്ന് കാശ് തട്ടാന്‍ ശ്രമിക്കാം എന്നുള്ള രീതിയുമൊക്കെയാണ് കാണിക്കേണ്ടത്. എന്നാല്‍ അത് ഹിഡന്‍ ആയിട്ട് ചെയ്യുകയും വേണം.

ഔട്ട് ഇന്‍ ദ ലൈറ്റ് ആണ് ഇത് സംഭവിക്കുന്നത്. അപ്പോള്‍ അതിനുവേണ്ടിയിട്ടാണ് ഒരു സ്‌കൂള്‍ ബസ് പുള്ളി ഒപ്പിച്ചത്. പിന്നെ ഷൂട്ട് ഏരിയാസ് നല്ല ടാസ്‌ക് തന്നെ ആയിരുന്നു. തിരുവനന്തപുരത്താണ് ഈ പറയുന്ന എക്സ്റ്റീരിയര്‍ പോര്‍ഷന്‍സ് ഒക്കെ ഷൂട്ട് ചെയ്തത്.

പ്രധാന പ്രശ്‌നം പെര്‍മിഷന്റെ കാര്യത്തിലായിരുന്നു. പെര്‍മിഷന്‍ കിട്ടാന്‍ പാടാണ്, മന്ത്രിമാരൊക്കെ ഉള്ളതുകൊണ്ട് ലിമിറ്റഡ് ടൈമില്‍ നമുക്ക് ഷൂട്ട് ചെയ്യണം. മാത്രമല്ല ഇത് പുറത്തു പോകാതെ നമുക്ക് ഷൂട്ട് ചെയ്ത് തീര്‍ക്കുകയും വേണം.

പിന്നെ ഇത്രയും ക്രൗഡിനെ നമ്മള്‍ മാനേജ് ചെയ്യണം, എല്ലാവരും നമ്മള്‍ പറയുന്ന പോലെ ചെയ്യണമെന്നില്ല. ഈ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിളിക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ അല്ല വരുന്നത്, ആളെ തികയ്ക്കാന്‍ വേണ്ടിയിട്ടുള്ള ആളുകളാണ് വരുന്നത്. ഇവരെ ഗൈഡ് ചെയ്യുന്നത് വളരെ പ്രശ്‌നമാണ്.

നമ്മുടെ സിനിമയിലേക്ക് വരുമ്പോള്‍ ഇതിലും കൂടുതല്‍ അവരുടെ ഭാഗത്ത് നിന്നുള്ള ഒരു അഭിനയങ്ങളോ അല്ലെങ്കില്‍ ഈ പറയുന്ന ഒരു ഇന്‍വോള്‍മെന്റോ നമ്മള്‍ ഉദ്ദേശിച്ചിരുന്നു, സ്‌ക്രിപ്റ്റിലും ഉദ്ദേശിച്ചിരുന്നു. എനിക്ക് പേഴ്‌സണലി വിയര്‍ഡ് ആണ് എന്ന് തോന്നിയതുകൊണ്ടിട്ടാണ് പലതും ചെയ്യാന്‍ പറ്റാതെ പോയത്.

ക്രൗഡ് ബേസിക്കലി ഈ സിനിമയില്‍ ഭയങ്കരമായിട്ടുള്ള ഒരു ഫാക്ടര്‍ തന്നെയാണ്. ഇപ്പോള്‍ രാജീവന്‍ റോട്ടിലൂടെ ഓടുമ്പോഴും കോളേജിലൂടെ പോകുമ്പോഴൊക്കെ ഈ സ്റ്റുഡന്റ്‌സ് ആയിട്ട് വരുന്നവര്‍ മൊബൈല്‍ പിടിച്ച് വരുന്നതിലൂടെ നമ്മള്‍ ഉദ്ദേശിച്ച മെറ്റഫര്‍ എന്ന് പറയുന്നത് ഈ പറയുന്ന നിര്‍വികാരമായിട്ടുള്ള, എന്തിനെയും മൊബൈല്‍ ഫോണിലൂടെ ഷൂട്ട് ചെയ്ത് കാണാന്‍ മാത്രം നില്‍ക്കുന്ന ഒരു സെറ്റ് ഓഫ് ക്രൗഡിനെയാണ്.

പിന്നെ എല്ലാം കണ്ടുനില്‍ക്കുന്നതായിട്ടുള്ള കുറച്ചുപേര്‍, ഇന്‍വോള്‍വ്ഡ് ആകുന്ന കുറച്ചുപേര്‍, അങ്ങനെ പല രീതിയിലുള്ള പല ക്ലാസ് ഓഫ് ക്രൗഡിനെ നമ്മള്‍ കാണിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട്. ചിലത് ലാന്‍ഡ് ആയി ചിലത് ലാന്‍ഡ് ആയില്ല,’ നിസാം ബഷീര്‍ പറഞ്ഞു.

Content Highlight: Director Nissam Basheer about the fight scenes of I Nobody

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more