തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പ്രണയ വിലാസം. അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്. ചിത്രത്തില്‍ ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടിയ രംഗങ്ങളെ പറ്റി പറയുകയാണ് നിഖില്‍.
അര്‍ജുനും മമിതയും തമ്മിലുള്ള കിസിങ് സീന്‍ എടുക്കാന്‍ അവര്‍ക്ക് ചമ്മലായിരുന്നുവെന്നും സംസാരിച്ച് ശരിയാക്കിയാണ് അത് ഷൂട്ട് ചെയ്തതെന്ന് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നിഖില്‍ പറഞ്ഞു.
‘ആ കിസിങ് സീന്‍ വേണോ വേണ്ടേ എന്നൊക്കെ സെറ്റില്‍ സംസാരമുണ്ടായിരുന്നു. ഞാനും എന്റെ റൈറ്റേഴ്‌സ് രണ്ട് പേരും ഡി.ഒ.പിയുമെല്ലാം കൂടി നിന്ന് ചെയ്യൂ ചെയ്യൂ എന്ന് പറഞ്ഞ് ചെയ്യിച്ചതാണ്. അര്‍ജുനും മമിതക്കും ചമ്മലായിരുന്നു. പിന്നെ ഞങ്ങള്‍ സംസാരിച്ച് ഒരു പാട്ടൊക്കെ വെച്ച് രസമാക്കി ഷൂട്ട് ചെയ്തതാണ്.
കിസിങ് അല്ലാതെ ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടിയത് ഒരു കവലയുടെ സീക്വന്‍സാണ്. ഭയങ്കര ട്രാഫിക് ഉള്ള സ്ഥലമായിരുന്നു. ക്രൗഡിനെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടി. സിനിമ കാണുമ്പോള്‍ അധികം ആള്‍ക്കാരെ കാണില്ല. പക്ഷേ ഒരുപാട് ആളുകള്‍ വരുന്ന സ്ഥലമാണ്. കാസര്‍ഗോഡേക്ക് കണക്ട് ചെയ്യുന്ന പ്രധാന റോഡാണ്. അതുകൊണ്ട് ക്രൗഡ് കണ്‍ട്രോള്‍ ചെയ്യാന്‍ ബുദ്ധിമുട്ടി. മൂന്ന് ദിവസത്തെ ഷൂട്ട് അഞ്ച് ദിവസത്തേക്ക് ആക്കേണ്ടി വന്നു,’ നിഖില്‍ പറഞ്ഞു.
ചിത്രത്തില്‍ ഊരിപ്പിടിച്ച വടിവാളുമായി നടന്നുവെന്ന ഡയലോഗ് ഉള്‍പ്പെടുത്തിയതിനെ പറ്റിയും നിഖില്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘ആ ഡയലോഗ് ആളുകള്‍ പോസിറ്റീവായി എടുക്കുമെന്ന് അറിയാമായിരുന്നു. ബ്രണ്ണന്‍ കോളേജിനേയും കണ്ണൂരിനെയും മെന്‍ഷന്‍ ചെയ്യുമ്പോള്‍ അത് കേള്‍ക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്.
കണ്ണൂരിനെ ബേസ് ചെയ്താണ് ഈ കഥ പറയുന്നത്. കണ്ണൂരിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഒരു കഥ എടുക്കുമ്പോള്‍ ബ്രണ്ണന്‍ കോളേജിന് പ്രാധാന്യമുണ്ട്. രാജീവ് എന്ന കഥാപാത്രം യൗവ്വനത്തില്‍ പഠിക്കണമെങ്കിലും മീര എന്ന കഥാപാത്രം ലിറ്ററേച്ചര്‍ ബാക്ക്ഗ്രൗണ്ടുള്ള ആളാണെങ്കിലും അവരുടെ ബാക്ക് അപ്പ് തുടങ്ങുന്നത് കണ്ണൂരില്‍ നിന്നാണെങ്കില്‍ അത് ബ്രണ്ണന്‍ കോളേജില്‍ നിന്നായിരിക്കും.
ബ്രണ്ണന്‍ കോളേജും പയ്യന്നൂര്‍ കോളേജും മാടായി കോളേജും ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. കണ്ണൂരിന്റെ കള്‍ച്ചറിനെ മുന്‍നിര്‍ത്തി പറയുമ്പോള്‍ ഈ മൂന്ന് കോളേജുകള്‍ക്കും പ്രധാന്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ആ മൂന്ന് കോളേജുകളും ചൂസ് ചെയ്തത്,’ നിഖില്‍ പറഞ്ഞു.
Content Highlight: director nikhil murali about the kissing scene in pranaya vilasam