| Tuesday, 26th May 2026, 10:30 am

ഞാന്‍ 'നോ' പറഞ്ഞാല്‍ ഈ സിനിമ തന്നെ ഉപേക്ഷിക്കുമെന്ന് പറഞ്ഞു; തിരക്കഥ കേട്ടപ്പോള്‍ എനിക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പായി: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവതലമുറയിലെ മുന്‍നിര നായകന്മാരില്‍ ശ്രദ്ധേയനായ നസ്‌ലെന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.
മോളിവുഡ് ടൈംസിനോട് യെസ് പറഞ്ഞ സാഹചര്യത്തെക്കുറിച്ച് മനസ് തുറക്കുകയാണ് താരം.

സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് തന്നിലര്‍പ്പിച്ച വിശ്വാസമാണ് തന്നെ ഈ പ്രോജക്റ്റിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകമെന്ന് നസ്‌ലെന്‍ പറയുന്നു.

‘ആദ്യമായി എന്നോട് ഈ സിനിമയുടെ ഒരു ലൈന്‍ (ഐഡിയ) മാത്രമാണ് വന്ന് പറഞ്ഞത്. സത്യം പറഞ്ഞാല്‍ ഞാന്‍ അഭിനവിന്റെ ഭയങ്കര ഫാനാണ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അതുകൊണ്ടുതന്നെ അഭിനവിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് എനിക്കും വലിയ ആഗ്രഹമുണ്ടായിരുന്നു.’ നസ്‌ലെന്‍ പറഞ്ഞു.

കഥ കേള്‍ക്കാന്‍ ഇരിക്കുന്ന സമയത്ത് അഭിനവ് പറഞ്ഞ വാക്കുകളാണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്നും താരം പറഞ്ഞു.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, മോളിവുഡ് ടൈംസ് Photo/Instagram

ഈ ഒരു ആശയം കേട്ടിട്ട് നിനക്ക് ഓക്കെയാണെങ്കില്‍ ഞാന്‍ ഇതിന്റെ തിരക്കഥ എഴുതാം. എഴുതിക്കഴിഞ്ഞിട്ട് കഥ നിനക്ക് വര്‍ക്കാകുന്നില്ലെങ്കില്‍ നിനക്ക് ധൈര്യമായി ‘യെസ്’ ഓര്‍ ‘നോ’ പറയാം. പക്ഷേ, നീ ‘നോ’ പറഞ്ഞാല്‍ ഈ സിനിമ ഞാന്‍ മറ്റാരെയും വെച്ച് ചെയ്യില്ല, ഈ പ്രോജക്റ്റ് തന്നെ ഉപേക്ഷിക്കും,’ എന്നായിരുന്നു അഭിനവ് പറഞ്ഞത്.

തനിക്കുവേണ്ടി മാത്രം ഒരു സബ്ജക്റ്റ് എഴുതാന്‍ ഒരാള്‍ തയ്യാറാകുന്നു എന്ന് കേട്ടപ്പോള്‍ ഒരു നടനെന്ന നിലയില്‍ വലിയ സന്തോഷം തോന്നിയെന്ന് നസ്‌ലെന്‍ പറഞ്ഞു.

പിന്നീട് തിരക്കഥ പൂര്‍ത്തിയായി നറേഷന്‍ കേട്ടപ്പോള്‍, ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറെ ഗുണം ചെയ്യുന്ന സിനിമയാണിതെന്ന് ബോധ്യപ്പെട്ടെന്നും താരം പറഞ്ഞു.

‘മോളിവുഡ് ടൈംസ്’ പൂര്‍ണ്ണമായും ഒരു നസ്ലെന്‍ ചിത്രമാണോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന് തന്നെയാണ് താരം മറുപടി നല്‍കിയത്. സിനിമ പൂര്‍ണമായും താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നതെന്നും നസ്‌ലെന്‍ പറഞ്ഞു.

മോളിവുഡ് ടൈംസ് Photo:Theatrical release Poster/ Instagram

സിനിമയെ പ്രണയിക്കുന്ന, ഒരു സംവിധായകനാകാന്‍ കൊതിക്കുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

തന്റെ പത്താം വയസ്സ് മുതല്‍ സിനിമ ചെയ്യാനായി ശ്രമിച്ച്, ഒടുവില്‍ 26 വയസ്സ് വരെയുള്ള പ്രായത്തിനിടയില്‍ അയാള്‍ നടത്തുന്ന പോരാട്ടങ്ങളും അതിന് പിന്നിലെ കഠിനമായ സ്ട്രഗിളുകളുമാണ് സിനിമയുടെ പ്രധാന പ്രമേയം, നസ്‌ലെന്‍ പറഞ്ഞു.

നസ്‌ലെന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായ ഒരു കഥാപാത്രമായിരിക്കും ‘മോളിവുഡ് ടൈംസി’ലേത് എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം തിയേറ്റര്‍ ഇളക്കിമറിക്കാന്‍ നസ്‌ലെനാവുമെന്ന പ്രതീക്ഷയിലാണ് ഫാന്‍സ്.

Content Highglight: Director Naslen said he’d shelf the movie if I said ‘No’; Naslen about Mollywood times

Latest Stories

We use cookies to give you the best possible experience. Learn more