| Tuesday, 8th September 2026, 11:00 pm

തീര്‍ച്ചയായും സ്വീക്വല്‍ സാധ്യതയുണ്ട്; ഐ ആം ഗെയ്മിനും ആര്‍.ഡി.എക്‌സിനും രണ്ടാം ഭാഗമുണ്ടെന്ന് നഹാസ്

അശ്വിന്‍ രാജേന്ദ്രന്‍

ആന്റണി വര്‍ഗീസ് പെപെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആര്‍.ഡി.എക്‌സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് നഹാസ് ഹിദായത്ത്. ആക്ഷന്‍ ചിത്രമായ ആര്‍.ഡിഎക്‌സിലൂടെ വലിയ വിജയമായിരുന്നു നഹാസ് സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഐ ആം ഗെയിമുമായി തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് നഹാസ്.

നഹാസ് ഹിദായത്ത്. Photo: Screen Grab/ Red Fm Malayalam/ Youtube.com

ആര്‍.ഡി.എക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി നഹാസ് സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്. നേരത്തേ ഓണത്തിന് ബെത്ലഹേമിനും ഐ ആം ഗെയ്മിനും ഒപ്പം ക്ലാഷായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരമാനിച്ചതെങ്കിലും സെപ്റ്റംബര്‍ മൂന്നിലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു. റിലീസ് ചെയ്ത് അഞ്ച് ദിവങ്ങള്‍ പിന്നിടുമ്പോള്‍ അമ്പത് കോടിയ്ക്കടുത്ത് ചിത്രം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ ഐ ആം ഗെയ്മിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സ്ഥിരീകരിക്കുകയാണ് സംവിധായകന്‍ നഹാസ് ഹിദായത്ത് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഐ ആം ഗെയ്മിനും തന്റെ ആദ്യ ചിത്രമായ ആര്‍.ഡി.എക്‌സിനും രണ്ടാം ഭാഗമുണ്ടാകുമെന്നും അതിന്റെ ആശയം തന്റെ കൈയിലുണ്ടെന്നും നഹാസ് പറഞ്ഞത്.

‘ഐ ആം ഗെയ്മിന്റെ സ്വീക്വലിന് ഉറപ്പായിട്ടും സാധ്യതയുണ്ട്. ഞാന്‍ ഇക്കയുടെ (ദുല്‍ഖര്‍) അടുത്ത് ചിത്രത്തിന്റെ കഥ പറയുമ്പോള്‍ തന്നെ ഈ ക്യാരക്ടറിനെ ഇനിയും കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. എന്റെ മനസില്‍ അതിന്റെ ഐഡിയകളൊക്കെയുണ്ട്. അടുത്തത് ഡാന്‍ വേഴ്‌സസ് ഹാന്‍ഡ് എന്ന രീതിയിലൊരു ചിന്തയെല്ലാം ഉണ്ട്. അത് എപ്പോഴെങ്കിലും സംഭവിക്കട്ടെ.

ഐ ആം ഗെയിo. Photo: District

ആര്‍.ഡി.എക്‌സിന് തീര്‍ച്ചയായും സ്വീകലുണ്ടാകും. അതിന് വേണ്ടിയുള്ള വണ്‍ലൈന്‍ കഥയെല്ലാം ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. ഇനി അത് നടക്കുക എന്നുള്ള പ്രൊസസാണ് സംഭവിക്കേണ്ടത്. അതേ കാസ്റ്റ് തന്നെ വെച്ച് കൊച്ചിയില്‍ തന്നെ നടക്കുന്ന രീതിയില്‍, പക്ഷേ വേറെ ഒരു കഥയിലായിരിക്കും. അതിന്റെ തുടര്‍ച്ചയായി തന്നെ നടക്കുന്ന കഥയാണ്. ആര്‍.ഡി.എക്‌സ് കഴിഞ്ഞ് മൂന്ന് നാല് മാസം കഴിഞ്ഞപ്പോള്‍ തന്നെ ഐഡിയ എല്ലാം സെറ്റായി വന്നിരുന്നു,’ നഹാസ് പറഞ്ഞു.

Content Highlight: Director Nahas Hidayath talks about the sequel of his movies

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more