മലയാള സിനിമയുടെ മുഖമായി പാന്‍ ഇന്ത്യന്‍ തലത്തില്‍ ഇന്ന് ശ്രദ്ധിക്കപ്പെടുന്ന അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായ താരം ലക്കി ബാസ്‌കര്‍, സീതാരാമം, തുടങ്ങി അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ തെലുങ്കിലും താരം വലിയ ഫാന്‍ബേസ് സൃഷ്ടിച്ചെടുത്തിരുന്നു. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം ദുല്‍ഖര്‍ മോളിവുഡില്‍ നായകനായെത്തിയ ചിത്രമായിരുന്നു കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഐ ആം ഗെയിം.
ദുല്‍ഖര്‍ സല്‍മാന്‍. Photo: X.com
ആര്‍.ഡി.എക്‌സ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസായിരുന്നു. വലിയ സ്‌കെയില്‍ ഒരുക്കിയ ചിത്രം ഒരു ആക്ഷന്‍ ഫാന്റസി ഴോണറിലായിരുന്നു സംവിധായകന്‍ നഹാസ് ഹിദായത്ത് ഒരുക്കിയത്. അന്യഭാഷകളിലടക്കം റിലീസ് ചെയ്ത ചിത്രം 45 കോടിയോളമാണ് ഇതിനോടകം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റിലീസ് ചെയ്ത ദിവസം മുതല്‍ തന്നെ ചിത്രത്തിലെ ദുല്‍ഖറിന്റെ പെര്‍ഫോമന്‍സിന് വലിയ കൈയടിയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഐ ആം ഗെയ്മിലെ ആക്ഷന്‍ രംഗങ്ങളടക്കം ദുല്‍ഖര്‍ മനോഹരമായി കൈകാര്യം ചെയ്തുവെന്നാണ് പ്രേക്ഷക അഭിപ്രായം. അടുത്തിടെ ഐ ആം ഗെയ്മുമായി ബന്ധപ്പെട്ട് സംവിധായകന്‍ നഹാസ് ഹിദായത്ത് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ദുല്‍ഖറിന്റെ ഫിലിമോഗ്രാഫിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
താരത്തിന്റെ കരിയറില്‍ ചെയ്ത കഥാപാത്രങ്ങള്‍ എടുത്ത് നോക്കിയാല്‍ ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ ആരും അതിനെ കുറിച്ച് കൂടുതല്‍ സംസാരിച്ച് കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ ആം ഗെയിം. Photo: X.com
‘ഡി.ക്യൂവിന്റെ കരിയര്‍ നിങ്ങള്‍ ഒന്ന് എടുത്ത് നോക്കി കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ മോശം പടങ്ങള്‍ വളരെ കുറവാണെന്ന് കാണാം. അദ്ദേഹം ചെയ്തതില്‍ ഭൂരിഭാഗവും നല്ല സിനിമകളാണ്. അതിനെ കുറിച്ച് നമ്മള്‍ കൂടുതല്‍ സംസാരിക്കാത്തത് കൊണ്ടാണ്. പറവയിലെ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ എടുത്ത് നോക്കിയാല്‍ അന്യായ ആക്ടിങ് ആണെന്ന് കാണാം. ചാര്‍ളി നോക്കിയാല്‍ അതില്‍ നിന്നെല്ലാം ഒരുപാട് മാറ്റമുണ്ട്, എ.ബി.സി.ഡിയിലും കംപ്ലീറ്റ്‌ലി വ്യത്യസ്തമാണ്. മഹാനടി, സീതാരാമം. ലക്കി ബാസ്‌കര്‍ തുടങ്ങി എല്ലാത്തിലും വേറെ വേറെ ആണ്. ഡി.ക്യൂ ഭയങ്കരമായിട്ട് ട്രൈ ചെയ്യുന്നുണ്ട്. പക്ഷേ പൊതുവേ ആളുകള്‍ അതെടുത്ത് സംസാരിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു,’ നഹാസ് പറഞ്ഞു.
Content Highlight: Director Nahas Hidayath talks about Dulquer Salmaan’s Filmography