ആന്റണി വര്‍ഗീസ് പെപെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആര്‍.ഡി.എക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് നഹാസ് ഹിദായത്ത്. ആക്ഷന്‍ ചിത്രമായ ആര്‍.ഡിഎക്‌സിലൂടെ വലിയ വിജയമായിരുന്നു നഹാസ് സ്വന്തമാക്കിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഐ ആം ഗെയിമുമായി നഹാസ് തിയേറ്ററുകളിലെത്തിയിരുന്നു.
ആര്‍.ഡി.എക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി നഹാസ് സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത പുറത്തുവന്നതുമുതല്‍ വലിയ ആവേശത്തിലായിരുന്നു ആരാധകര്‍ ഒന്നടങ്കം. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം മലയാളത്തിലെ തന്നെ ചെലവേറിയ ചിത്രം എന്ന പ്രത്യേകതയോടെയായിരുന്നു തിയേറ്ററുകളിലേക്കെത്തിയത്.
ഐ ആം ഗെയിം. Photo: X.com
നേരത്തേ ഓണത്തിന് ബെത്ലഹേമിനും ഐ ആം ഗെയ്മിനും ഒപ്പം ക്ലാഷായിട്ടായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും പിന്നീട് സോളോ റിലീസ് ചെയ്യുകയായിരുന്നു. അമ്പത് കോടിയ്ക്കടുത്ത് കളക്ഷന്‍ നേടിയെങ്കിലും വലിയ ബജറ്റിലൊരുങ്ങിയ ചിത്രത്തിന് വിജയം നേടാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ സിനിമാലോകം.
തമിഴിലെ പ്രമുഖ സംവിധായകനും നടനുമായ മിഷ്‌കിന്‍ ഐ ആം ഗെയ്മില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ മിഷ്‌കിനെ കുറിച്ച് സംസാരിക്കുകയാണ് നഹാസ് ഹിദായത്ത്.
‘മിഷ്‌കിന്‍ സാറിന് എന്തെങ്കിലും സന്തോഷം തോന്നിയാലോ അല്ലെങ്കില്‍ ഒരാളെ ഭയങ്കരമായി ഇഷ്ടപ്പെടുകയോ ചെയ്താല്‍ അവര്‍ക്ക് എന്തെങ്കിലും പ്രെസന്റ് കൊടുക്കുകയോ അവര്‍ക്ക് വേണ്ടി എഫേര്‍ട്ട് ഇടുകയോ ചെയ്യും. അദ്ദേഹം എനിക്ക് സമ്മാനിച്ച വാച്ചാണ് ഞാന്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത്. ഹാപ്പിയായി കഴിഞ്ഞാല്‍ ആളുകളെ ട്രീറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്.
മിഷ്‌കിന്‍. Photo: X.com
ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസിലെല്ലാം പോയിക്കഴിഞ്ഞാല്‍ അവിടെ പാര്‍ട്ടിയായിരിക്കും. നമ്മള്‍ വിചാരിക്കുന്ന പോലെയുള്ള പാര്‍ട്ടിയല്ല. കുറേ മ്യുസീഷന്മാരെല്ലാം വന്നിരുന്ന് നമ്മുടെ ടേസ്റ്റിനനുസരിച്ച് അവര്‍ പാടും. പുള്ളി തന്നെ എല്ലാവര്‍ക്കും ഫുഡെല്ലാം വിളമ്പി കൊടുത്ത് മൊത്തത്തില്‍ സെലിബ്രേഷന്‍ മൂഡിലായിരിക്കും,’ നഹാസ് പറഞ്ഞു.
Content Highlight: Director Nahas Hidayath talks about Director actor Mysskin