| Thursday, 10th September 2026, 9:58 pm

കൈ വേറെ ആള് വേറെ എന്ന ചലഞ്ച് ഡി.ക്യൂ നന്നായി തന്നെ ചെയ്തു, ഒന്ന് മാറിയാല്‍ പാളിപ്പോകുമായിരുന്നു: നഹാസ് ഹിദായത്ത്

അശ്വിന്‍ രാജേന്ദ്രന്‍

ഏറെ പ്രതീക്ഷയോടെ വളരെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞയാഴ്ച്ച തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നായകനായെത്തുന്നു എന്നതായിരുന്നു ആരാധകരെ സംബന്ധിച്ച് പ്രതീക്ഷയ്ക്ക് വക നല്‍കിയ പ്രധാനപ്പെട്ട ഫാക്ടര്‍. 2023ലെ ഓണം ക്ലാഷില്‍ കൊത്തയെ തീര്‍ത്ത ആര്‍.ഡി.എക്‌സിന്റെ സംവിധായകനായ നഹാസ് ഹിദായത്തിനെ കൂട്ടുപിടിച്ചായിരുന്നു മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോളിവുഡിലേക്കുള്ള ദുല്‍ഖറിന്റെ തിരിച്ചുവരവ്.

ഐ ആം ഗെയിം. Photo: Nahas Hidayath/ Facebook.com

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തത്. ആഗോളതലത്തില്‍ ചിത്രം 44 കോടിയോളം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഇന്നേ വരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഒരു ഫ്രെഷ് ഫാന്റസി സബ്‌ജെക്ടുമായിട്ടായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. ദുല്‍ഖറിന് പുറമെ ആന്റണി വര്‍ഗീസ് പെപെയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു.

ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ശരീരത്തില്‍ മറ്റൊരാളുടെ കൈയുമായി ജീവിക്കുന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിച്ചതിനെ കുറിച്ച് സംവിധായകന്‍ നഹാസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ പരാജയമായേക്കാവുന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ദുല്‍ഖര്‍ നൂറ് ശതമാനം കൃത്യതയോടെ കൈകാര്യം ചെയ്‌തെന്ന് പറയുകയാണ് നഹാസ്.

‘ഇത് ഒരു ചലഞ്ച് ആണ് എന്നുള്ളതായിരുന്നു ചിത്രം ചെയ്യാനുള്ള ഏറ്റവും വലിയ കിക്ക്. ആര്‍.ഡി.എക്‌സില്‍ നിന്നും മാറി പുതിയ ഒരു ചിത്രത്തിലേക്കെത്തുമ്പോള്‍ നമുക്ക് എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ഒരുപാട് ഴോണറുകളുണ്ടായിരുന്നു. പിന്നെ ഈ പറഞ്ഞതുപോലെ ഇതില്‍ പ്രധാന ക്രെഡിറ്റ് ഡി.ക്യൂവിന് തന്നെയാണ്. കാരണം ഇങ്ങനെയൊരു കോണ്‍സെപ്റ്റ് കേട്ട് അത് ഓക്കെയടിച്ചപ്പോള്‍ വെല്ലുവിളികള്‍ മുഴുവന്‍ അദ്ദേഹത്തിനാണ്. എനിക്ക് നന്നായി സംവിധാനം ചെയ്യുക എന്ന റോള്‍ മാത്രമേയുള്ളൂ.

ഐ ആം ഗെയിം. Photo: Nahas Hidayath/ Facebook.com

ഇത് ചെയ്യുക എന്നത് അദ്ദേഹത്തിന്റെ കൈയിലാണ്. പെര്‍ഫോമന്‍സ് വൈസ് ആളുകളെ വിശ്വസിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. കൈ വേറെ ആള്‍ വേറെ എന്ന് പറയുമ്പോള്‍ ഇത് രണ്ട് വ്യക്തികളായിട്ട് ഫീല്‍ ചെയ്യണം. രണ്ടാളായിട്ട് ഒരേ സമയം അദ്ദേഹം തന്നെയാണല്ലോ ഇത് ചെയ്യുന്നത്. നമ്മുടെ കൈ കൊണ്ട് മുഖത്തേക്ക് അടിക്കാന്‍ വരുമ്പോള്‍ റിഫ്‌ളെക്‌സായി കണ്ണടഞ്ഞ് പോകും. അതുകൊണ്ട് ഈ റിഫ്‌ളെക്ഷനില്ലാതെ വേറെ ആളായിട്ട് പെരുമാറുക എന്ന് പറയുന്നത് ഭയങ്കര ചലഞ്ചിങ് ആണ്. സംവിധാനം ചെയ്യുമ്പോള്‍ ഇത് ഇങ്ങനെയായിരിക്കണം എന്നൊരു ക്ലാരിറ്റി ഉണ്ടായിരുന്നെങ്കിലും അത് അദ്ദേഹം ജെനുവിനായി ചെയ്തത് കൊണ്ടാണ് ഈ ഒരു ഔട്ട് ലഭിച്ചത്,’ നഹാസ് പറഞ്ഞു.

Content Highlight: Director Nahas Hidayath talks about challenges faced by Dulquer Salmaan while acting as Dan John in I’m Game

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more