ആര്‍.ഡി.എക്‌സ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് നഹാസ് ഹിദായത്ത്. ആന്റണി വര്‍ഗീസ്, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷന്‍ ചിത്രമായ ആര്‍.ഡി.എക്‌സ് വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്. ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സെപ്റ്റംബര്‍ നാലിന് തിയേറ്ററുകളിലെത്തുന്ന ഐ ആം ഗെയിം.
നഹാസ് ഹിദായത്ത്. Photo: Nahas Hidayath/ Facebook.com
കിങ് ഓഫ് കൊത്തയ്ക്ക് ശേഷമുള്ള നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ദുല്‍ഖര്‍ മലയാളത്തില്‍ നായകനായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രം ഓണം റിലീസായിട്ടായിരുന്നു നിശ്ചയിച്ചതെങ്കിലും അവസാന നിമിഷം റിലീസ് നീട്ടിവെക്കുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ ഇവന്റില്‍ സംസാരിക്കവെ സംവിധായകന്‍ നഹാസ് തന്റെ കരിയറിലുണ്ടായ മാറ്റത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ദുല്‍ഖറിന്റെ ആരാധകനായ താന്‍ താരത്തിന്റെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ചതിനെ കുറിച്ചും വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നടനെ നായകനാക്കി സിനിമ സംവിധാനം ചെയ്തതിനെ കുറിച്ചുമാണ് നഹാസ് സംസാരിച്ചത്.
‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഷോട്ഫിലിം എല്ലാം ചെയ്ത് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി കയറാന്‍ ശ്രമിക്കുന്ന സമയത്ത് എറണാകുളം കവിത തിയേറ്ററില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഷൂട്ടിങ് നടക്കുന്നുണ്ട് എന്ന് കേട്ടു. കമ്മട്ടിപ്പാടം എന്ന സിനിമയുടെ ഷൂട്ടാണ്. ഞാന്‍ ഇക്കയെ കാണാന്‍ വേണ്ടിയാണ് അവിടേക്ക് പോയത്. അവിടെ ചെന്നപ്പോഴാണ് പുള്ളിയുടെ ചെറുപ്പം അഭിനയിക്കുന്ന ആളുടെ ഷൂട്ടാണ് നടക്കുന്നത് എന്നറിഞ്ഞത്. അന്ന് ഒരു ദിവസം ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ചു.
ഐ ആം ഗെയിം. Photo: I’m game/ Dulquer salmaan X page
അവിടെ നിന്നെല്ലാം മാറി ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യുകയാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് നന്നായി ട്രൈ ചെയ്താല്‍ എല്ലാം നടക്കും. ആത്മാര്‍ത്ഥമായി ട്രൈ ചെയ്‌തോളൂ എല്ലാം നടക്കും,’ നഹാസ് പറഞ്ഞു.
Content Highlight: Director Nahas Hidayath shares his memory with Dulquer Salmaan