| Thursday, 4th September 2025, 8:54 am

ഒരു ഡയലോഗ് പോലും ഇല്ലെങ്കിലും അയാളാണ് ലോകഃയിലെ എന്റെ ഫേവറെറ്റ് കഥാപാത്രം, അയാളെ വെച്ച് ഒരു സ്പിന്‍ ഓഫ് പടം വേണം: നാഗ് അശ്വിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്ത് പുതുചരിത്രം കുറിച്ച് മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ അണിയിച്ചൊരുക്കിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ലോകഃ മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമാണ്. അഞ്ച് ഭാഗങ്ങളുള്ള വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഇന്‍സ്റ്റാള്‍മെന്റാണ് ലോകഃ ചാപ്റ്റര്‍ വണ്‍.

ഓണം റിലീസായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം പുതിയ ചരിത്രമെഴുതി. 100 കോടി സ്വന്തമാക്കുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ ഫീമെയില്‍ ലീഡ് ചിത്രമാണ് ലോകഃ. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷനും വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

കഴിഞ്ഞദിവസം തെലുങ്ക് വേര്‍ഷന്റെ സക്‌സസ് മീറ്റ് ഹൈദരബാദില്‍ വെച്ച് നടന്നിരുന്നു. തെലുങ്കിലെ മികച്ച സംവിധായകരായ നാഗ് അശ്വിന്‍, വെങ്കി അട്‌ലൂരി, വിതരണമേറ്റെടുത്ത സിതാര എന്റര്‍ടൈന്മെന്റ്‌സിന്റെ ഉടമ നാഗവംശി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കല്‍ക്കി, മഹാനടി എന്നീ ചിത്രങ്ങളൊരുക്കിയ നാഗ് അശ്വിന്‍ ലോകഃയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

‘ഈ പടം റിലീസായ സമയത്ത് ഞാന്‍ ചെന്നൈയിലായിരുന്നു. അവിടെ മായാജാല്‍ തിയേറ്ററില്‍ നിന്നായിരുന്നു ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടത്. എല്ലാ മേഖലയും ഒരുപോലെ തിളങ്ങിയ അപൂര്‍വമായ സിനിമയായാണ് ലോകഃയെ എനിക്ക് അനുഭവപ്പെട്ടത്. ജേക്‌സിന്റെ മ്യൂസിക്കും, നിമിഷിന്റെ ക്യാമറയുമെല്ലാം വേറെ ലെവലായിരുന്നു.

എനിക്ക് ഇതിന്റെ സംവിധായകനോട് ഒരു കാര്യം പറയാനുണ്ട്. പടത്തില്‍ ഇവരുടെ അപ്പാര്‍ട്‌മെന്റില്‍ എപ്പോഴും സോഫയില്‍ ഇരിക്കുന്ന ഒരു ക്യാരക്ടറുണ്ടല്ലോ. അയാള്‍ എന്റെ ഫേവറെറ്റായി. ഒരു ഡയലോഗ് പോലുമില്ലാതെ അയാള്‍ രജിസ്റ്ററായി. ആ കഥാപാത്രത്തെ വെച്ച് ഒരു സ്പിന്‍ ഓഫ് ചെയ്യുന്നുണ്ടോ എന്ന കാര്യം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്,’ നാഗ് അശ്വിന്‍ പറഞ്ഞു.

ലോകഃയുടെ നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാനെക്കുറിച്ചും നാഗ് സംസാരിച്ചു. ഇത്തരമൊരു സബ്ജക്ട് ചെയ്യാന്‍ ദുല്‍ഖര്‍ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ വിജയമായി മാറിയതില്‍ തനിക്കും സന്തോഷമുണ്ടെന്നും കാണാത്തവര്‍ എത്രയും പെട്ടെന്ന് സിനിമ കാണണമെന്നും നാഗ് അശ്വിന്‍ പറയുന്നു.

‘അന്ന് മഹാനടി എന്ന സിനിമയിലേക്ക് ദുല്‍ഖറിനെ വിളിച്ചപ്പോള്‍ ഒരൊറ്റ സിനിമ മാത്രം ചെയ്ത അനുഭവമേ എനിക്കുണ്ടായിരുന്നുള്ളൂ. നായികക്കാണ് പ്രാധാന്യമെന്നറിഞ്ഞിട്ടും കഥ ഇഷ്ടമായതുകൊണ്ടും സിനിമയോട് അടങ്ങാത്ത ഇഷ്ടമുള്ളതുകൊണ്ടുമാണ് ആ സിനിമ ചെയ്തത്. അതേ ഇഷ്ടം തന്നെയാണ് ലോകഃ എന്ന സിനിമ നിര്‍മിക്കാനുള്ള ധൈര്യം അയാള്‍ക്ക് നല്‍കിയതും,’ നാഗ് അശ്വിന്‍ പറഞ്ഞു.

Content Highlight: Director Nag Ashwin about his favorite character in Lokah movie

We use cookies to give you the best possible experience. Learn more