തമിഴ് സിനിമയുടെ ഗതിമാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു 2015ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍. രവി മോഹനെ നായകനാക്കി സഹോദരന്‍ മോഹന്‍ രാജ സംവിധാനം ചെയ്ത ചിത്രം സിനിമാപ്രേമികള്‍ക്ക് അപ്രതീക്ഷിത അനുഭവമായിരുന്നു. രവി മോഹനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ചിത്രമായിരുന്നു തനി ഒരുവന്‍.
നായകനെക്കാള്‍ വില്ലന്‍ സ്‌കോര്‍ ചെയ്ത ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. റൊമാന്റിക് റോളുകളില്‍ മാത്രം പ്രേക്ഷകര്‍ കണ്ടുശീലിച്ച അരവിന്ദ് സ്വാമിയായിരുന്നു തനി ഒരുവനില്‍ വില്ലനായി വേഷമിട്ടത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് കഥാപാത്രമായാണ് പലരും സിദ്ധാര്‍ത്ഥ് അഭിമന്യുവിനെ കണക്കാക്കുന്നത്. അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവിനും തനി ഒരുവന്‍ കാരണമായി മാറി.
ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ രാജയും നായകന്‍ രവി മോഹനും അറിയിച്ചിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനൗണ്‍സ്‌മെന്റായിരുന്നു പുറത്തുവിട്ടത്. സിദ്ധാര്‍ത്ഥ് അഭിമന്യുവിനെക്കാള്‍ ശക്തനായ വില്ലനെയാകും രണ്ടാം ഭാഗത്തില്‍ നായകന് നേരിടേണ്ടി വരിക എന്നാണ് വീഡിയോയിലുള്ളത്. എന്നാല്‍ അനൗണ്‍സ് ചെയ്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിട്ടില്ല. ചിത്രം വൈകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മോഹന്‍ രാജ.
‘ഇതിന്റെ കഥ കംപ്ലീറ്റായപ്പോള്‍ തന്നെ ഞാന്‍ ഇതിന്റെ പ്രൊഡ്യൂസര്‍ അര്‍ച്ചന കല്പാത്തിയോട് അത് പങ്കുവെച്ചു. കഥ കേട്ടതും ‘ഇത് ചെയ്യാനുള്ള സമയമായിട്ടില്ല’ എന്നായിരുന്നു മറുപടി നല്കിയത്. സത്യം പറഞ്ഞാല്‍ പടത്തിന്റെ ബജറ്റ് പോലും ഇതുവരെ ഫൈനലൈസായിട്ടില്ല. നിങ്ങള്‍ കേട്ടത് ഈ സിനിമയുടെ കഥ തന്നെയല്ലേ എന്ന് ചോദിച്ചു.
ഒരുപാട് ബജറ്റ് ആവശ്യമായി വരുമെന്ന് തോന്നുന്നോ എന്ന് ചോദിച്ചപ്പോള്‍ ‘അല്ല സാര്‍, നിങ്ങള്‍ പറഞ്ഞത് നിസാര കഥയല്ല, ഈ കഥ ചെയ്യാനുള്ള സമയം ഇതല്ല. ഇന്‍ഡസ്ട്രിയുടെ പൊട്ടന്‍ഷ്യല്‍ കുറച്ചുകൂടി വളരണം. അതുവരെ കാത്തിരിക്കുക’ എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇപ്പോഴും ഞങ്ങള്‍ ടച്ചിലാണ്. അധികം വൈകാതെ ആരംഭിക്കാനാകുമെന്ന് കരുതുന്നു,’ മോഹന്‍ രാജ പറയുന്നു.
നിലവില്‍ സ്വന്തം പ്രൊഡക്ഷന്റെ മൂന്ന് സിനിമകളുടെ തിരക്കിലാണ് രവി മോഹന്‍. ബ്രോ കോഡ്, കാക്കി സ്‌ക്വാഡ്, ആന്‍ ഓര്‍ഡിനറി മാന്‍ എന്നിവയാണ് രവി മോഹന്‍ നിര്‍മിക്കുന്ന ചിത്രങ്ങള്‍. ആന്‍ ഓര്‍ഡിനറി മാനിലൂടെ സംവിധായക കുപ്പായവും രവി അണിയുന്നുണ്ട്. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍. ഈ തിരക്കുകള്‍ക്ക് ശേഷം തനി ഒരുവന്‍ 2 ആരംഭിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Director Mohan Raja explains why Thani Oruvan 2 getting delayed