| Friday, 12th June 2026, 10:30 am

തമിഴ് സിനിമ ഒരിക്കലും മുസ്‌ലിം വിഭാഗത്തെ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല, ഒന്നുകില്‍ വളരെ നല്ലവന്‍, അല്ലെങ്കില്‍ തീവ്രവാദി: സംവിധായകന്‍ മീര കതിരവന്‍

അമര്‍നാഥ് എം.

ഇത്രയും കാലത്തിനിടയില്‍ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ മുസ്‌ലിം ജനവിഭാഗത്തെ ശരിയായി അടയാളപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകന്‍ മീര കതിരവന്‍. വിഴിത്തിരു, അവള്‍ പേര്‍ തമിഴരസി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മീര കതിരവന്‍. നാടകത്തില്‍ നിന്ന് സിനിമയിലേക്കെത്തിയ മീര കതിരവന്റെ ഏറ്റവും പുതിയ ചിത്രമായ ഹബീബി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

പൂര്‍ണമായും മുസ്‌ലിം വിഭാഗത്തിന്റെ കഥ പറയുന്ന ഹബീബിയുടെ ട്രെയ്‌ലര്‍ ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ ഇഷ്ടപ്പെട്ട മുസ്‌ലിം കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് മീര കതിരവന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ പ്രധാന ചര്‍ച്ച. തമിഴില്‍ ഇതുവരെ മുസ്‌ലിം വിഭാഗത്തെ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ലെന്ന് മീര കതിരവന്‍ പറഞ്ഞു.

മീര കതിരവന്‍ Photo: Screen grab/ Sudhir Srinivasan

മുസ്‌ലിങ്ങളുടെ ജീവിതത്തെയും അവരുടെ രീതികളും ഒരിക്കലും തമിഴ് കൊമേഴ്‌സ്യല്‍ സിനിമകളില്‍ കൃത്യമായി കാണിച്ചിട്ടില്ലെന്ന് മീര പറയുന്നു. മാനാട് എന്ന സിനിമയില്‍ മാത്രമാണ് കുറച്ചെങ്കിലും നല്ല രീതിയില്‍ ചിത്രീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘മുസ്‌ലിം വിഭാഗത്തെ ഇനിയും എത്രകാലം തീവ്രവാദി എന്ന ചാപ്പയടിച്ച് നിര്‍ത്തും എന്ന ചോദ്യമാണ് മാനാട് ഉയര്‍ത്തുന്നത്. അത് മാത്രമാണ് ഇത്രയും കാലത്തിനിടെ വന്ന ഒരേയൊരു നല്ല സിനിമ. ബാക്കി സിനിമകളൊക്കെ നോക്കിയാല്‍ ഒന്നുകില്‍ വളരെ നല്ലവനായ, ആരെയും ദ്രോഹിക്കാത്ത കഥാപാത്രമായിരിക്കും. അന്ന് കാണുമ്പോള്‍ കുഴപ്പമില്ലെന്ന് തോന്നിയ ഈ കഥാപാത്രമെല്ലാം പില്‍ക്കാലത്ത് സത്യമല്ലെന്ന് മനസിലാകും. ഇതല്ലെങ്കില്‍ എക്‌സ്ട്രിമിസ്റ്റായ ആളായിട്ടായിരിക്കും മുസ്‌ലിങ്ങളെ ചിത്രീകരിക്കുക.

മറ്റ് വിഭാഗങ്ങളില്‍ ഗ്രേ ആയിട്ടുള്ള കഥാപാത്രങ്ങളെ ഫോക്കസ് ചെയ്ത് കഥ പറയുമ്പോള്‍ മുസ്‌ലിം വിഭാഗത്തെ അങ്ങനെ കാണിക്കാറില്ല. അത്തരം മനുഷ്യരെ കൃത്യമായി അടയാളപ്പെടുത്താന്‍ ആരും ശ്രമിച്ചിട്ടില്ലെന്നതാണ് സത്യം. ഹബീബിയില്‍ ഇത്തരം ഗ്രേ ഷെയ്ഡ് കഥാപാത്രങ്ങളുണ്ട്. തമിഴ് സിനിമയില്‍ ഇതുവരെ മുസ്‌ലിങ്ങളെ അവതരിപ്പിച്ച രീതി എങ്ങനെയാണെന്ന് നോക്കിയാല്‍ എല്ലാം ഒരുപോലെയാണ്.

വലിയ ജുബ്ബയൊക്കെ ഇട്ട്, നെറ്റിയില്‍ വലിയ തഴമ്പും ‘നമ്മള്‍ക്ക്, നിങ്ങള്‍ക്ക്’ എന്നൊക്കെ പറയുന്ന രീതിയിലാണ് മുസ്‌ലിങ്ങളെ ഇതുവരെ കാണിച്ചിട്ടുള്ളത്. ഈ സിനിമയില്‍ എല്ലാ തരത്തിലുള്ള മനുഷ്യരെയും കാണിച്ചിട്ടുണ്ട്. മുസ്‌ലിം വിഭാഗത്തെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളെ ഇല്ലാതാക്കാന്‍ കൂടിയാണ് ഈ സിനിമയിലൂടെ ശ്രമിക്കുന്നത്,’ മീര കതിരവന്‍ പറയുന്നു.

Content Highlight: Director Meera Kathiravan about Musilm Portrayals in Tamil cinema

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more