സിനിമാലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍ഹീറോയാണ് ബാറ്റ്മാന്‍. ഗോഥം എന്ന സാങ്കല്പിക നഗരത്തിന്റെ കാവല്‍ക്കാരനായ ബാറ്റ്മാന്‍ മറ്റ് സൂപ്പര്‍ഹീറോകളില്‍ നിന്ന് വ്യത്യസ്തനാണ്. പല കാലങ്ങളായി നിരവധി സിനിമകള്‍ ബാറ്റ്മാന്‍ എന്ന കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തി വന്നിട്ടുണ്ട്. ഡി.സി. കോമിക്‌സില്‍ ബാറ്റ്മാന് പ്രത്യേക ഫാന്‍ബേസാണ് ഉള്ളത്.
ക്രിസ്റ്റഫര്‍ നോളന്റെ ഡാര്‍ക്ക് നൈറ്റ് ഫ്രാഞ്ചൈസിന് ശേഷം 2022ലാണ് ഡി.സി ബാറ്റ്മാന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കിയത്. റോബര്‍ട്ട് പാറ്റിന്‍സണെ നായകനാക്കി മാറ്റ് റീവ്‌സ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ അതിഗംഭീര മുന്നേറ്റമായിരുന്നു നടത്തിയത്. മേക്കിങ്ങിലും പെര്‍ഫോമന്‍സിലും മാറ്റ് റീവ്‌സിന്റെ ബാറ്റ്മാന് നിരവധി പ്രശംസ ലഭിച്ചു.
ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് 2022ല്‍ അറിയിച്ചെങ്കിലും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 2024ലായിരുന്നു ബാറ്റ്മാന്‍ 2വിന്റെ ആദ്യ അനൗണ്‍സ്‌മെന്റ്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഷൂട്ട് തുടങ്ങാത്തത് ആരാധകരില്‍ നിരാശ സമ്മാനിച്ചു. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്ന് സൂപ്പര്‍മാന്റെ സംവിധായകന്‍ ജെയിംസ് ഗണ്‍ അറിയിച്ചത് ആരാധകര്‍ ആഘോഷമാക്കി.
അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങുമെന്നും 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നുമാണ് ജെയിംസ് ഗണ്‍ അറിയിച്ചത്. ഇപ്പോഴിതാ ബാറ്റ്മാന്‍ 2വിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മാറ്റ് റീവ്‌സ്. ആദ്യ ഭാഗത്തിലേതെന്ന പോലെ രണ്ടാം ഭാഗത്തിലും ബാറ്റ്മാന്‍ എന്ന കഥാപാത്രത്തിന്റെ ഡിറ്റക്ടീവ് എന്ന ഭാഗത്തിനെയാകും ഫോക്കസ് ചെയ്യുകയെന്ന് മാറ്റ് അറിയിച്ചു.
‘ഇതുവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത രീതിയിലാകും ഈ സിനിമയില്‍ ബ്രൂസ് വെയ്ന്‍/ ബാറ്റ്മാന്‍ എന്ന കഥാപാത്രം സഞ്ചരിക്കുക. ലൊക്കേഷനും കാസ്റ്റിങ്ങും മറ്റ് കാര്യങ്ങളും ഏറെക്കുറെ ധാരണയായിക്കഴിഞ്ഞു. മര്‍ഡര്‍ മിസ്റ്ററി എന്ന രീതിയിലാകും ഈ സിനിമയുടെ കഥയും മുന്നോട്ടുപോകുന്നത്. ഗോഥം സിറ്റിയിലെ മറ്റൊരു അഴിമതിയുടെ ഉള്ളറകളിലേക്ക് ഇത്തവണ പോകുന്നതാണ് കഥ,’ മാറ്റ് റീവ്‌സ് പറയുന്നു.
ഡി.സിയുടെ ഏറ്റവും പുതിയ സീരീസായ പെന്‍ഗ്വിനിലെ പ്രധാന കഥാപാത്രം ഓസ് രണ്ടാം ഭാഗത്തില്‍ പ്രധാന വില്ലനാകുമെന്നായിരുന്നു ആരാധകര്‍ കണക്കു കൂട്ടിയത്. എന്നാല്‍ ബാറ്റ്മാന്‍ 2വില്‍ പെന്‍ഗ്വിന്‍ അഞ്ചോ ആറോ സീനില്‍ മാത്രമേ ഉണ്ടാകുള്ളൂവെന്നും സംവിധായകന്‍ വ്യക്തമാക്കി. ബാറ്റ്മാന്‍ എന്ന സിനിമക്ക് ശേഷം ഗോഥം സിറ്റിയില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പെന്‍ഗ്വിന്‍ ഒരുങ്ങിയത്.
ബാറ്റ്മാന്‍ കോമിക്‌സില്‍ ഒരു തവണ മാത്രം പ്രത്യക്ഷപ്പെട്ട സോഫിയ ഫാല്‍ക്കണ്‍ എന്ന കഥാപാത്രം ബാറ്റ്മാന്‍ 2വില്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സോഫിയ ഫാല്‍ക്കണ്‍ ഈ സിനിമയുടെ ഭാഗമല്ലെന്നും മാറ്റ് റീവ്‌സ് അറിയിച്ചു. 2027ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായാണ് പലരും ബാറ്റ്മാന്‍ 2വിനെ കണക്കാക്കുന്നത്.
Content Highlight: Director Matt Reeves shares the updates of Batman 2 movie