നടന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റേതായ കഴിവ് തെളിയിച്ചയാളാണ് എം.ബി. പദ്മകുമാര്‍. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലെ വില്ലന്‍ വേഷത്തിലൂടെയാണ് പദ്മകുമാര്‍ ശ്രദ്ധിക്കപ്പെട്ടത്. 2014ലെ സംസ്ഥാന അവാര്‍ഡില്‍ ശ്രദ്ധിക്കപ്പെട്ട മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രം സംവിധാനം ചെയ്തതും പദ്മകുമാറായിരുന്നു.
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുമായി ഉയര്‍ന്ന വിവാദങ്ങളോടൊപ്പം ചര്‍ച്ചചെയ്യപ്പെട്ട മറ്റൊരു ചിത്രമായിരുന്നു പദ്മകുമാര്‍ സംവിധാനം ചെയ്ത ടോക്കണ്‍ നമ്പര്‍. ചിത്രത്തിലെ നായികയുടെ പേരായ ജാനകി മാറ്റി പകരം ജയന്തി എന്നാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ദേശീയ അവാര്‍ഡ് ജൂറിയില്‍ അംഗമായിരുന്ന പദ്മകുമാര്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തെ തഴഞ്ഞതിനെക്കുറിച്ച് പദ്മകുമാര്‍ സോഷ്യല്‍ മീഡിയയില്‍ സംസാരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താന്‍ സെന്‍സര്‍ ബോര്‍ഡിലും ദേശീയ അവാര്‍ഡ് ജൂറിയിലും ഇനിമുതല്‍ ഭാഗമാകില്ലെന്ന് പറയുകയാണ് പദ്മകുമാര്‍.
കഴിഞ്ഞവര്‍ഷത്തെ ദേശീയ അവാര്‍ഡിനെത്തിയ സിനിമകളുടെ പട്ടികയില്‍ താന്‍ ആദ്യം നോക്കിയത് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ പേരായിരുന്നെന്നും എന്നാല്‍ ആ സിനിമയുടെ പേര് കാണാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂറിയില്‍ നിന്ന് ഇറങ്ങിയ ശേഷം താന്‍ മമ്മൂട്ടിയെയും ലിജോ ജോസ് പെല്ലിശ്ശേരിയെയും വിളിച്ച് ഇക്കാര്യം ചോദിച്ചെന്നും സിനിമ അയച്ചെന്നായിരുന്നു അവരുടെ മറുപടിയെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു എം.ബി. പദ്മകുമാര്‍.
‘ഇനിയൊരിക്കല്‍ കൂടി അവാര്‍ഡ് ജൂറിയിലേക്കോ, സെന്‍സര്‍ ബോര്‍ഡിലേക്കോ എന്നെ വിളിച്ചാല്‍ ഞാന്‍ പോകില്ല. എന്റെ കപ്പ് ഓഫ് ടീ അല്ല അത്. കാരണം, കഴിഞ്ഞവര്‍ഷം എന്നെ ജൂറിയിലേക്ക് വിളിച്ച സമയത്ത് ഞാന്‍ ആദ്യം നോക്കിയത് ആ ലിസ്റ്റില്‍ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുണ്ടോ എന്നായിരുന്നു. കാരണം, ഞാന്‍ ഏറെ ആരാധിക്കുന്ന ഒരാളാണ് ശ്രീ മമ്മൂട്ടി. അദ്ദേഹത്തിന്റെ ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാന്‍ നോക്കിയപ്പോള്‍ ആ ലിസ്റ്റില്‍ സിനിമയുടെ പേരില്ല.
അവാര്‍ഡ് ജൂറിയിലോ സെന്‍സര്‍ ബോര്‍ഡിലോ ഇരിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ പാടില്ല. അതുകൊണ്ടാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. അങ്ങനെ ഇറങ്ങിയ ശേഷം ഞാന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്ക് മെസേജയച്ചു. നിങ്ങള്‍ എന്തിനാണ് സിനിമ അയക്കാതിരുന്നതെന്ന് ചോദിച്ചു. ‘അയച്ചിരുന്നു’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂക്കയെ കോണ്‍ടാക്ട് ചെയ്തപ്പോള്‍ അദ്ദേഹവും ഇതുതന്നെയാണ് പറഞ്ഞത്.
അന്ന് അവാര്‍ഡ് കിട്ടാത്തപ്പോള്‍ ഞാന്‍ സിനിമ അയച്ചില്ലെന്ന് തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് മനസിലായി. എന്നോട് ജൂറിയിലുള്ളവര്‍ അങ്ങനെ പറയാന്‍ കാരണമെന്ന്. ‘ജാനകിയെന്ന പേര് വെട്ടി ജയന്തി എന്ന് മാറ്റിയില്ലെങ്കില്‍ ഗവണ്മെന്റിനെ പ്രതിനിധീകരിക്കുന്ന ഒരു ചലച്ചിത്രമേളയിലും ടോക്കണ്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കില്ല’ എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്കക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ കാരണം മനസിലായി,’ എം.ബി പദ്മകുമാര്‍ പറയുന്നു.
Content Highlight: Director M B Padmakumar about Nanpakal Nerathu Mayakkam movie and National Award